ന്യൂദൽഹി- ദൽഹിയിലെ ദ്വാരകയിൽ ജ്വല്ലറി ഉടമയെ തോക്കൂ ചൂണ്ടി കവർച്ച നടത്തിയ യുവതിയും കാമുകനും അറസ്റ്റിൽ. മുഹമ്മദ് സമർ എന്ന യുവാവും കാമുകി 27 കാരി റാണിയുമാണ് പിടിയിലായതെന്ന് പോലീസ് അറിയിച്ചു. പ്രതികൾ ഇരുവരും ജ്വല്ലറിക്ക് സമീപത്തെ ഒരു വസ്ത്രശാലയിൽ ജോലി ചെയ്തിരുന്നവരാണെന്നും ജ്വല്ലറിയുടെ ഉടമ വൻതുക പണമായി കൊണ്ടുപോകാറുണ്ടെന്ന് ഇരുവർക്കും അറിയാമായിരുന്നെന്നും ദ്വാരക ഡിസിപി ഹർഷവർധൻ പറഞ്ഞു. ജ്വല്ലറി പൂട്ടിപ്പോകുമ്പോൾ ഉടമയുടെ കൈയിൽ ധാരാളം പണമുണ്ടാകുമെന്ന വിവരമാണ് തോക്കു ചൂണ്ടി കവർച്ച നടത്താനുള്ള പദ്ധതി തയാറാക്കാൻ പ്രേരണയായത്.
രാത്രി 9.15 ഓടെ ബിന്ദാപൂരിലെ ആര്യസമാജ് റോഡിൽ ജീവനക്കാരനൊപ്പം വീട്ടിലേക്ക് മടങ്ങുമ്പോൾ അജ്ഞാതരായ മൂന്ന് പേർ തോക്ക് ചൂണ്ടി പണവും ആഭരണങ്ങളും അടങ്ങിയ ബാഗ് കവർന്നുവെന്ന് ഉടമ പറഞ്ഞു. ഇവർ വെടിയുതിർത്തതായും പറയുന്നു.
കടയുടമ ലക്ഷക്കണക്കിന് രൂപയും ആഭരണങ്ങളും ബാഗിൽ കരുതുന്നതായി പ്രതി സമറിന് വിവരം ലഭിച്ചിരുന്നതായി പോലീസ് പറഞ്ഞു. തുടർന്ന് ഇയാൾ കാമുകി റാണിക്കൊപ്പം മറ്റ് രണ്ട് കൂട്ടാളികളായ ധാമയെയും ജോഗീന്ദറിനെയും കൂട്ടി. രണ്ട് കൂട്ടാളികളും സമറും ചേർന്നാണ് കവർച്ച നടത്തിയത്. യുപിയുടെ പല ഭാഗങ്ങളിലും നടത്തിയ റെയ്ഡിന് ശേഷമാണ് സമറിനെയും കാമുകി റാണിയെയും കൂട്ടാളികളെയും പിടികൂടിയത്.