ബംഗളൂരു- കര്‍ണാടകയില്‍ ജെഡിഎസ്-കോണ്‍ഗ്രസ്് സഖ്യ സര്‍ക്കാരിനെ നയിക്കുന്നത് വിഷമിറക്കിക്കൊണ്ടാണെന്നും നിലവിലെ സാഹചര്യങ്ങളില്‍ താന്‍ അതൃപ്തനാണെന്നും പരസ്യമായി അറിയിച്ച് മുഖ്യമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച്.ഡി കുമാരസ്വാമി. സഖ്യസര്‍ക്കാരിലെ വലിയ കക്ഷിയായ കോണ്‍ഗ്രസില്‍ നിന്നും സഭയിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപിയില്‍ നിന്നും ശക്തമായ സമ്മര്‍ദ്ദം നേരിടുന്നുണ്ടെന്ന അഭ്യൂഹങ്ങളെ ശരിവയ്ക്കുന്നതായിരുന്നു കുമാരസ്വാമിയുടെ വാക്കുകള്‍. മുഖ്യമന്ത്രി പദവി പൂമെത്തയല്ല, മുള്ളു മെത്തയാണ്. ബിജെപിയെ അകറ്റി നിര്‍ത്താനും തന്റെ സ്വന്തം പാര്‍ട്ടി എംഎല്‍എമാരുടെ പ്രതീക്ഷകള്‍ നിറവേറ്റാനും കോണ്‍ഗ്രസിനോടൊത്ത് പ്രവര്‍ത്തിച്ചെ തീരൂവെന്നും അദ്ദേഹം പറഞ്ഞു. സമ്മര്‍ദ്ദം തന്നെ വ്യക്തിപരമായി ബാധിച്ചാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ പദവി രാജിവയ്ക്കും. അധികാരത്തിനു പിന്നാലെ പായാനില്ല. കര്‍ഷകരെ കടക്കെണിയില്‍ നിന്ന് രക്ഷിക്കാന്‍ മാത്രമാണ് മുഖ്യമന്ത്രിയായത്- കുമാര സ്വാമി പറഞ്ഞു. മുഖ്യമന്ത്രി പദവി ഏറ്റെടുത്ത കുമാരസ്വാമിക്ക് പാര്‍ട്ടി സംഘടിപ്പിച്ച സ്വീകരണ പരിപാടിയിലാണ് വൈകാരികമായി അദ്ദേഹം പ്രസംഗിച്ചത്. അദ്ദേഹം പൊട്ടിക്കരയുകയും ചെയ്തു. തൂവാല കൊണ്ട് ഇടക്കിടെ കണ്ണീര്‍ തുടച്ചാണ് അദ്ദേഹം പ്രസംഗം തുടര്‍ന്നത്.
'നിങ്ങളുടെ സഹോദരന്‍ മുഖ്യമന്ത്രിയായതില്‍ നിങ്ങള്‍ സന്തോഷിക്കുന്നുണ്ടാകാം. എന്നാല്‍ ഞാന്‍ സംതൃപ്തനല്ല. എല്ലാ വേദനകളും ഞാന്‍ കടിച്ചമര്‍ത്തുകയാണ്. രണ്ടു തവണ ഹൃദയ ശസ്ത്രക്രിയയ്ക്കു വിധേയനായ ആളാണ് ഞാന്‍. എന്റെ ശരീരം വിശ്രമമില്ലാതെ ജോലി ചെയ്യുകയാണ്. ദൈവാനുഗ്രഹം കൊണ്ടും മാതാപിതാക്കളുടെ ആശീര്‍വാദത്തോടെയും കോണ്‍ഗ്രസിന്റെ സഹായത്തോടെയുമാണ് മുഖ്യമന്ത്രിയായത്,' കുമാരസ്വാമി പറഞ്ഞു.
സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന പ്രചാരണമാണ് കുമാരസ്വാമിയുടെ വൈകാരിക പ്രതികരണത്തിനു കാരണമെന്ന് കരുതപ്പെടുന്നു. തങ്ങളുടെ വായ്പ എഴുതിത്തള്ളാന്‍ സര്‍ക്കാര്‍ ഒരുക്കമല്ലെന്നാരോപിച്ച് തീരദേശ ജില്ലകളില്‍ മത്സ്യതൊഴിലാളികള്‍ മുഖ്യമന്ത്രിക്കെതിരെ ശക്തമായ പ്രചാരണം നടത്തിവരികയാണ്. കുമാരസ്വാമി ഞങ്ങളുടെ മുഖ്യമന്ത്രിയല്ല എന്ന ഹാഷ്ടാഗിലാണ് സോഷ്യല്‍ മീഡിയാ പ്രചാരണം. അടുത്ത രണ്ടാഴ്ചക്കകം മത്സ്യത്തൊഴിലാളികളെ കാണുമെന്നും തനിക്ക് എവിടെയാണ് പിഴച്ചതെന്ന് അപ്പോള്‍ പറഞ്ഞു തരണമെന്നും കുമാരസ്വാമി പറഞ്ഞു. ജനങ്ങള്‍ക്ക് അമൃത് നല്‍കാനാണ് ഞാന്‍ സഖ്യസര്‍ക്കാര്‍ എന്നവിഷം കുടിച്ചു കൊണ്ടിരിക്കുന്നത്. തനിക്ക് വെള്ളമാണോ വിഷമാണോ നല്‍കേണ്ടതെന്ന് നിങ്ങള്‍ക്കു തീരുമാനിക്കാം, അദ്ദേഹം പറഞ്ഞു.