കോഴിക്കോട് - ഏക സിവിൽ കോഡിനെതിരായ സി.പി.എം സെമിനാർ വർഗീയ ഫാസിസ്റ്റ് കോഡിനെതിരായ സെമിനാറാണെന്ന് എഴുത്തുകാരൻ കെ.പി രാമനുണ്ണി പറഞ്ഞു. ഭരണഘടനയുടെ മാർഗനിർദേശ തത്വങ്ങളിൽപ്പെടുന്ന ഏകീകൃത സിവിൽ കോഡ് നടത്താനുള്ള ശ്രമമല്ല കേന്ദ്രം നടത്തുന്നത്. വർഗീയ ഫാസിസ്റ്റ് അജണ്ട നടപ്പാക്കി രാജ്യത്തെ ജനങ്ങളെ ധ്രുവീകരിച്ച് രാഷ്ട്രീയലാഭം കൊയ്യാനാണെന്നും അദ്ദേഹം പറഞ്ഞു.
കശ്മീരിന്റെ പ്രത്യേക പദവി എടുത്തുമാറ്റി, അയോധ്യ ഉൾപ്പെടെയുള്ള വർഗീയ അജണ്ട നടപ്പാക്കി കഴിഞ്ഞപ്പോഴാണ് വർഗീയ ഫാസിസ്റ്റ് കോഡുമായി വന്നിരിക്കുന്നത്. പതിനാല് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സൗജന്യ വിദ്യഭ്യാസം, തുല്യവേതനം, ആരോഗ്യ സംരക്ഷണം ഉൾപ്പെടെയുള്ള നല്ല കാര്യങ്ങൾ ഭരണഘടനയുടെ മാർഗനിർദേശങ്ങളിലുണ്ട്. എന്നാൽ ഇതെല്ലാം തകിടം മറിച്ചാണ് സിവിൽ കോഡിനായുള്ള മുറവിളി. ഇതിന്റെ പിന്നാമ്പുറം എല്ലാവർക്കും അറിയുന്നതിനാലാണ് എൻ.ഡി.എയിൽ നിന്നുള്ള കക്ഷികൾ അടക്കം സി.പി.എം സെമിനാറില് പങ്കെടുക്കാനെത്തിയതെന്നും അധ്യക്ഷ പ്രസംഗത്തിൽ രാമനുണ്ണി പറഞ്ഞു.
ന്യൂനപക്ഷങ്ങൾക്കകത്തുള്ള ലിംഗസമത്വമാണ് യൂണിഫോം സിവിൽ കോഡ് നടപ്പാക്കുന്നത് വഴി ലക്ഷ്യമിടുന്നതെന്നാണ് കേന്ദ്രം പറയുന്നത്. എന്നാൽ ന്യൂനപക്ഷങ്ങൾ ഉണ്ടായാലല്ലേ അതിനുള്ളിലെ സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കാനാകൂവെന്നും രാമനുണ്ണി ആശങ്ക പ്രകടിപ്പിച്ചു. സമുദായങ്ങളുമായി ചർച്ച ചെയ്ത് ആലോചിക്കേണ്ട വിഷയമാണ്. അത് ചെയ്യാതെ, ഏക സിവിൽ കോഡ് അടിച്ചേൽപ്പിക്കൽ രാജ്യത്തെ വിഭജിക്കാനുള്ള നീക്കമാണെന്നും അദ്ദേഹം ഓർമിപ്പിച്ചു.
രാജ്യത്തെ ഭിന്നിപ്പിക്കാനുള്ള ശ്രമത്തിന് എതിരായി രൂപപ്പെടുന്ന കൂട്ടായ മുന്നേറ്റമാണ് സി.പി.എം സംഘടിപ്പിച്ച സെമിനാറെന്ന് കേരള കോൺഗ്രസ് എം ചെയർമാനും രാജ്യസഭാംഗവുമായ ജോസ് കെ മാണി പറഞ്ഞു. ഇന്ത്യയെ സ്നേഹിക്കുന്ന രാജ്യത്തിന്റെ മതേതരത്വം കാത്ത് സൂക്ഷിക്കണമെന്ന് ആഗ്രഹിക്കുന്ന മതേതരവാദികളുടെയും ജനാധിപത്യവാദികളുടെയും യോജിച്ച മുന്നേറ്റമായി സെമിനാർ മാറിയെന്ന് അദ്ദേഹം പറഞ്ഞു.
രാജ്യത്തെ നിയമനിർമാണങ്ങളും പരിഷ്കാരങ്ങളും ഏത് സാഹചര്യത്തിലാണ് നടക്കുന്നതെന്ന് ചർച്ച ചെയ്യണം. മതത്തിന്റെയും വർഗീയതയുടെയും പേരിൽ രാജ്യത്തെ ആദ്യം ഭിന്നിപ്പിച്ചത് ബ്രീട്ടീഷുകാരാണെന്നും അവരെ കീഴ്പ്പെടുത്തി മുന്നോട്ട് പോയപ്പോഴാണ് വീണ്ടും ഭിന്നിപ്പിക്കാനുള്ള ശ്രമവുമായി കേന്ദ്ര സർക്കാർ വരുന്നതെന്നും ജോസ് കെ മാണി പറഞ്ഞു. ഏക സിവിൽ കോഡ് ഒറ്റപ്പെട്ട നടപടിയല്ല. ജമ്മു കശ്മീരിന്റെ പദവി എടുത്തുമാറ്റിയ നടപടികളും പൗരത്വ ഭേദഗതി നിയമവും ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള ശ്രമവുമൊക്കെ രാജ്യത്തിന്റെ സവിശേഷതകളെ ഇല്ലാതാക്കുന്നതിന്റെ ഭാഗമാണെന്നും അതിൽ അവസാനത്തെ ആയുധമായാണ് സിവിൽ കോഡെന്നും അദ്ദേഹം പറഞ്ഞു.
മണിപ്പൂരിലെ കാഴ്ചകൾ കണ്ട് കണ്ണു നിറഞ്ഞു. മണിപ്പൂരിൽ മണ്ണും ഹൃദയവും വിഭജിക്കപ്പെട്ടിരിക്കുകയാണ്. ഭിന്നിപ്പിക്കാൻ കേന്ദ്രവും സംസ്ഥാനവും തീരുമാനിച്ചതാണ്. ആസൂത്രിതമായി നടത്തിയ പദ്ധതിയുടെ ഭാഗമായുള്ള സംഭവങ്ങളാണ് മണിപ്പൂരിൽ നടക്കുന്നത്. ന്യൂനപക്ഷങ്ങളെ വേട്ടയാടലാണ് അവിടെ നടന്നുകൊണ്ടിരിക്കുന്നതെന്നും ജോസ് കെ മാണി പറഞ്ഞു.