ന്യൂദൽഹി- പശ്ചിമ ബംഗാളിൽ അടുത്തിടെ നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് വിജയം തൂത്തുവാരിയെങ്കിലും അടുത്ത വർഷം നടക്കാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിൽ നാലു സീറ്റിലെങ്കിലും വിജയിക്കാനാകുമെന്ന പ്രതീക്ഷയിൽ കോൺഗ്രസ്. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് 51.14 ശതമാനം വോട്ടുകളാണ് നേടിയത്. ബി.ജെ.പി 22.88 ശതമാനം വോട്ടുകൾ സ്വന്തമാക്കി. സി.പി.എം 12.56 ശതമാനം വോട്ടുകൾ നേടി. കോൺഗ്രസ് 6.42 ശതമാനം വോട്ട് നേടിയപ്പോൾ ഇന്ത്യൻ സെക്യുലർ ഫ്രണ്ടിന് (ഐഎസ്എഫ്) 2 ശതമാനം വോട്ട് ലഭിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് കോൺഗ്രസിന്റെ പ്രകടനം സംസ്ഥാനത്ത് മെച്ചപ്പെട്ടതായി പാർട്ടി വൃത്തങ്ങൾ അറിയിച്ചു. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഞങ്ങൾ നാല് ശതമാനത്തിലധികം വളർച്ച രേഖപ്പെടുത്തി, ഇത് പാർട്ടിക്ക് നല്ല സൂചനയാണെന്ന് കോൺഗ്രസ് പറഞ്ഞു. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഒരു സീറ്റ് പോലും നേടാനാകാത്ത ഏറ്റവും മോശം ഫലമാണ് ലഭിച്ചതെങ്കിലും പാർട്ടിയുടെ വോട്ട് വിഹിതം വർധിച്ചതായി കോൺഗ്രസ് വ്യക്തമാക്കി. 42 വർഷത്തിലേറെയായി സംസ്ഥാനത്ത് ഭരണത്തിൽ ഇല്ലാതിരുന്നിട്ടും പാർട്ടി പ്രകടനം മെച്ചപ്പെടുത്തുന്നുണ്ടെന്നും പാർട്ടി വിലയിരുത്തി. പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മൂവായിരത്തിലധികം സീറ്റുകൾ പാർട്ടി നേടിയെന്നും കോൺഗ്രസ് നേതാക്കൾ പറഞ്ഞു. രാഷ്ട്രീയമായി സെൻസിറ്റീവ് ആയ സംസ്ഥാനത്ത് മികച്ച പ്രകടനം കാഴ്ചവെക്കാത്തതിന്റെ കാരണം പശ്ചിമ ബംഗാളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തികച്ചും ദ്വിധ്രുവമായിരുന്നു എന്നതാണ്. ഇത് ബിജെപിക്ക് മികച്ച രണ്ടാമത്തെ വലിയ കക്ഷിയായി സ്ഥാനം ഉറപ്പിക്കാൻ സഹായിച്ചു. 294-ൽ 77 സീറ്റാണ് ബി.ജെ.പി നേടിയത്. നിയമസഭാ തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് 213 സീറ്റുകൾ നേടിയിരുന്നു. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 44 സീറ്റുകൾ നേടിയ കോൺഗ്രസിന് 2021ൽ ഇടതുപാർട്ടികൾക്കൊപ്പം അക്കൗണ്ട് തുറക്കാനായില്ല. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് 2.94 ശതമാനം വോട്ട് നേടാൻ കോൺഗ്രസിന് കഴിഞ്ഞപ്പോൾ ഇടത് പാർട്ടികൾക്ക് 4.72 ശതമാനം വോട്ടാണ് ലഭിച്ചത്.
ഒരു പാർട്ടിയുമായും സഖ്യത്തിനില്ലെങ്കിലും അടുത്ത വർഷം നടക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ശക്തമായ തിരിച്ചുവരവ് നടത്താനാകുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസെന്നും വൃത്തങ്ങൾ കൂട്ടിച്ചേർത്തു.
മാൾഡ നോർത്ത്, ജാദവ്പൂർ എന്നീ പാർലമെന്റ് സീറ്റുകൾ ഉൾപ്പെടെ 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിന് 6 സീറ്റുകൾ കോൺഗ്രസ് കാരണം നഷ്ടപ്പെട്ടിരുന്നു. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിലെ മോശം ഫലങ്ങൾ കോൺഗ്രസിനെ പിന്നോട്ടടിപ്പിച്ചിട്ടില്ലെന്നും 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് മികച്ച അക്കൗണ്ട് നൽകാനുള്ള ആകാംക്ഷയിലാണ് കോൺഗ്രസ്.
ബി.ജെ.പിയുടെയും തൃണമൂൽ കോൺഗ്രസിന്റെയും ധ്രുവീകരണ പ്രചാരണം മൂലം 2019 ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് രണ്ട് സീറ്റിലേക്ക് ചുരുങ്ങി. മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ മകനും പാർട്ടി നേതാവുമായ അഭിജിത് മുഖർജിയും പരാജയപ്പെട്ടു. എന്നാൽ ധ്രുവീകരണ പ്രചാരണങ്ങളിലും മതപരമായ വോട്ടെടുപ്പിലും ജനങ്ങൾ ഇപ്പോൾ നിരാശരാണ്. അതിനാൽ അടുത്ത വർഷം നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് നാലോ അഞ്ചോ സീറ്റുകൾ നേടാനാകുമെന്ന പ്രതീക്ഷയിലാണ് പാർട്ടി-കോൺഗ്രസ് വക്താവ് ചൂണ്ടിക്കാട്ടി.
പൊതുതിരഞ്ഞെടുപ്പ് ഇപ്പോൾ നടന്നാലും പാർട്ടിക്ക് നാലോ അഞ്ചോ സീറ്റുകൾ അനായാസം നേടാനാകുമെന്നും അതിന്റെ കേഡർക്കും നേതാക്കൾക്കും സ്ഥിതിഗതികൾ നന്നായി അറിയാമെന്നും കോൺഗ്രസ് കൂട്ടിച്ചേർത്തു.