Sorry, you need to enable JavaScript to visit this website.

തക്കാളി കര്‍ഷകന്‍ ഒരു മാസം  കൊണ്ട് കോടീശ്വരനായി 

മുംബൈ- ഇന്ത്യയില്‍ തക്കാളി വില 300 രൂപയിലെത്തുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. കനത്ത മഴയെ തുടര്‍ന്ന് രാജ്യത്തിന്റെ പല ഭാഗങ്ങളിലും തക്കാളി ഉല്‍പ്പാദനം കുറഞ്ഞത് വീണ്ടും വില ഉയരാന്‍ ഇടയാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വിലക്കയറ്റം പൊതുജനങ്ങള്‍ക്ക് തിരിച്ചടിയാകുമ്പോള്‍, തക്കാളി വിറ്റ് കോടീശ്വരനായ ഒരു കര്‍ഷകന്റെ വാര്‍ത്തയാണ് ഇപ്പോള്‍ മഹാരാഷ്ട്രയില്‍ നിന്ന് പുറത്തുവരുന്നത്.
മഹാരാഷ്ട്രയിലെ പൂനെ ജില്ലയില്‍ തക്കാളി കൃഷി ചെയ്യുന്ന തുക്കാറാം ഭാഗോജി ഗായകര്‍ ആണ് വിലകയറ്റം കൊണ്ട് 'ജാക്ക്‌പോട്ട്' അടിച്ച ഭാഗ്യവാന്‍. തന്റെ 18 ഏക്കര്‍ കൃഷിഭൂമിയില്‍ മകന്‍ ഈശ്വര്‍ ഗയാകറിന്റെയും മരുമകള്‍ സോണാലിയുടെയും സഹായത്തോടെ 12 ഏക്കറിലാണ് തുക്കാറാം തക്കാളി കൃഷി ചെയ്യുന്നത്. ഒരു മാസം കൊണ്ട് 13,000 പെട്ടി തക്കാളി വിറ്റ് തുക്കാറാം സമ്പാദിച്ചത് 1.5 കോടിയിലേറെ.
ഒരു പെട്ടി തക്കാളിയില്‍ നിന്ന് തുക്കാറാമിന് പ്രതിദിനം 2100 രൂപയാണ് ലഭിക്കുന്നത്. വെള്ളിയാഴ്ച ആകെ 900 ക്രേറ്റുകള്‍ വിറ്റ ഗയാക്കര്‍ ഒറ്റ ദിവസം കൊണ്ട് നേടിയത് 18 ലക്ഷം രൂപ. കഴിഞ്ഞ മാസം ഒരു പെട്ടിക്ക് ഗുണനിലവാരമനുസരിച്ച് 2400 രൂപ വരെ ലഭിച്ചിരുന്നു. നല്ല ഗുണനിലവാരമുള്ള തക്കാളിയാണ് കൃഷി ചെയ്യുന്നതെന്നും രാസവളങ്ങളെയും കീടനാശിനികളെയും കുറിച്ചുള്ള അറിവ് കൃഷിക്ക് സഹായകരമാണെന്നും തുക്കാറാം പറയുന്നു. പൂനെ ജില്ലയിലെ ജുന്നാര്‍ പട്ടണത്തില്‍ തക്കാളി കൃഷി ചെയ്യുന്ന നിരവധി കര്‍ഷകര്‍ കോടീശ്വരന്മാരായി മാറിയതായി 'ഇന്ത്യ ടുഡേ' റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 

Latest News