Sorry, you need to enable JavaScript to visit this website.

ഇതൊരു തുടക്കം മാത്രം... സുനിൽ ഛേത്രി പറയുന്നു

ഇന്ത്യൻ ഫുട്‌ബോൾ കുതിപ്പിന്റെ പാതയിലാണ്. ടീമിന്റെ ശക്തിയെന്ത്, ദൗർബല്യമെന്ത്? ക്യാപ്റ്റൻ സുനിൽ ഛേത്രി ചർച്ച ചെയ്യുന്നു... 

മണിപ്പൂരിലെ ത്രിരാഷ്ട്ര ടൂർണമെന്റിൽ ചാമ്പ്യന്മാരായാണ് തുടക്കം. ഭുവനേശ്വറിൽ ഇന്റർകോണ്ടിനന്റൽ കപ്പിൽ വിജയമാവർത്തിച്ചു. ഒടുവിൽ ബംഗളൂരുവിൽ സാഫ് ചാമ്പ്യൻഷിപ്പിൽ ഹാട്രിക് കിരീടത്തിൽ മുത്തമിട്ടു. ഇന്ത്യൻ ഫുട്‌ബോൾ ഏറെക്കാലത്തിനു ശേഷം വിജയക്കുതിപ്പിലാണ്. എന്നാൽ വരാനിരിക്കുന്ന ടൂർണമെന്റുകളാണ് യഥാർഥത്തിൽ ഇന്ത്യയുടെ കരുത്തളക്കുക. തായ്‌ലന്റിലെ കിംഗ്‌സ് കപ്പും മലേഷ്യയിലെ മെർദേക്ക കപ്പും പിന്നെ ഖത്തറിലെ ഏഷ്യൻ കപ്പും തുടങ്ങിയ വലിയ ടൂർണമെന്റുകൾ ഇന്ത്യൻ ടീമിനെ കാത്തിരിക്കുന്നു. ഏഷ്യൻ ഫുട്‌ബോളിൽ പോലും ഇന്ത്യയുടെ പ്രതാപകാലം വീണ്ടെടുക്കാൻ ഇനിയുമൊരുപാട് ദൂരം സഞ്ചരിക്കേണ്ടതുണ്ടെന്ന് ക്യാപ്റ്റൻ സുനിൽ ഛേത്രി കരുതുന്നു. 
ഏഷ്യൻ ഫുട്‌ബോളിൽ ആദ്യ പത്തിലെത്താനായിരിക്കണം ഇന്ത്യയുടെ ശ്രമമെന്ന് ഛേത്രി അഭിപ്രായപ്പെടുന്നു. അതിന് ആദ്യം വേണ്ടത് അച്ചടക്കം പുലർത്തുകയും കായികക്ഷമത നിലനിർത്തുകയുമാണ്. ഏഷ്യയിൽ ഇപ്പോൾ ഇന്ത്യയുടെ സ്ഥാനം പതിനെട്ടാമതാണ്. ജപ്പാനും ഇറാനും ഓസ്‌ട്രേലിയയും തെക്കൻ കൊറിയയും സൗദി അറേബ്യയും ഖത്തറുമൊക്കെയാണ് ആദ്യ സ്ഥാനങ്ങളിൽ. 
ഏഷ്യയിൽ പോലും മുൻനിര ടീമുകളുടെ ടെക്‌നിക്കൽ മികവും തന്ത്രപരമായ പ്രാഗദ്ഭ്യവും ഇന്ത്യക്കില്ലെന്ന് ഛേത്രി വിലയിരുത്തുന്നു. അത് സ്വീകരിക്കുന്നതിന് മടിയില്ല. അതിനായി പൊരുതാനും ഉറച്ചുനിൽക്കാനും ടീം ഒരുക്കമാണ്. ഒരു വിട്ടുവീഴ്ചയും ഇക്കാര്യത്തിലുണ്ടാവില്ല. ഹെഡ് ചെയ്യാനും ഷോട്ട് പായിക്കാനും ചെറുത്തുനിൽക്കാനുമുള്ള ധൈര്യവും കായികക്ഷമതയുമാണ് ആദ്യം വേണ്ടത് -ക്യാപ്റ്റൻ നിർദേശിച്ചു. 
ഇന്റർകോണ്ടിനന്റൽ കപ്പിലും സാഫ് ചാമ്പ്യൻഷിപ്പിലുമായി കളിച്ച ഒമ്പത് മത്സരങ്ങളിൽ രണ്ടു ഗോൾ മാത്രമാണ് ഇന്ത്യ വഴങ്ങിയത്. അതിലൊന്ന് സെൽഫ് ഗോളാണ്. സാഫ് ചാമ്പ്യൻഷിപ്പിലെ ഗ്രൂപ്പ് മത്സരത്തിൽ കുവൈത്തിനെതിരെ സെൽഫ് ഗോൾ വഴങ്ങുന്നതുവരെ എട്ട് കളികളിൽ ഇന്ത്യ ഗോൾ അനുവദിച്ചില്ല. പ്രതിരോധത്തിലെ ഈ കരളുറപ്പ് ഗോൾകീപ്പർക്കും പ്രതിരോധ നിരക്കും ഏറെ പ്രശംസ നേടിക്കൊടുത്തു. എങ്കിലും ഒരുപാട് മെച്ചപ്പെടാനുണ്ടെന്നാണ് ഛേത്രിയുടെ നിലപാട്. 
പ്രധാന ദൗർബല്യം അവസരങ്ങൾ മുതലാക്കാൻ കഴിയാത്തതാണെന്ന് ഛേത്രി കരുതുന്നു. അവസരങ്ങൾ മുതലാക്കുന്ന നിരക്കിൽ ടീം ഏറെ പിന്നിലാണ്. കോർണറുകൾ അറ്റാക്ക് ചെയ്യണം, ടൈം മാനേജ് ചെയ്യാൻ സാധിക്കണം. എറ്റവും വലിയ വീഴ്ച ഫൈനൽ പാസിലും ഫിനിഷിംഗിലുമാണ്. മുന്നേറ്റ നിര അവസരങ്ങൾ മുതലാക്കുകയും ടീമിന് ലീഡ് സമ്മാനിക്കുകയും ചെയ്യുമ്പോൾ സ്വാഭാവികമായും പ്രതിരോധ നിരയുടെ ആത്മവീര്യമുയരും. മുഴുവൻ ടീമും ഒത്തിണക്കത്തോടെ കളിക്കാൻ തുടങ്ങും. 
ഇന്ത്യയെ ദക്ഷിണേഷ്യയിൽ ഒതുക്കിനിർത്താൻ ആഗ്രഹിക്കുന്നില്ലെന്ന് എ.ഐ.എഫ്.എഫ് പ്രസിഡന്റ് കല്യാൺ ചൗബെ പറയുന്നു. സെൻട്രൽ ഏഷ്യൻ രാജ്യങ്ങളുമായി കൂടുതൽ മത്സരങ്ങൾ സംഘടിപ്പിക്കും. ഗൾഫ് മേഖലയിലെ രാജ്യങ്ങളുമായി കളിക്കും. അത് ഇന്ത്യൻ ടീമിന്റെ ഫിഫ റാങ്കിംഗ് ഉയർത്താൻ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. 
സാഫ് ചാമ്പ്യൻഷിപ്പിൽ കുവൈത്തിനെയും ലെബനോനെയും പങ്കെടുപ്പിച്ചത് നല്ല ചുവടുവെപ്പാണ്. അവരുടെ നിലവാരം കുറെ കൂടി ഉയരത്തിലാണ്. പശ്ചിമേഷ്യൻ രാജ്യങ്ങളുമായുള്ള കളിയായിരുന്നു കൂടുതൽ വെല്ലുവിളിയെന്നും അവരെ തോൽപിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും ഛേത്രി പറഞ്ഞു. ഇനി വേണ്ടത് നിലവിലുള്ള സംവിധാനം മെച്ചപ്പെടുത്തുകയാണ്. സീനിയർ ടീമിന്റെയും ജൂനിയർ ടീമിന്റെയും മുൻഗണന നിശ്ചയിക്കണം. സാഫ് ചാമ്പ്യൻഷിപ്പുകളിൽ അണ്ടർ-23, അണ്ടർ-21 ടീമുകളെ അയക്കണമെന്ന് ഏറെക്കാലമായി ഞാൻ പറയുന്നു. അത് യുവതാരങ്ങൾക്ക് വലിയ അനുഭവ പരിചയമായിരിക്കും. സീനിയർ ടീമിന് വർഷം 10-13 നല്ല ടീമുകളുമായി കളിക്കാനുള്ള അവസരമൊരുക്കണം -ഛേത്രി അഭിപ്രായപ്പെട്ടു.
ഛേത്രിക്ക് 38 വയസ്സായി. പല കളിക്കാരും ഈ പ്രായത്തിൽ എല്ലാ മത്സരങ്ങളിലും ഇറങ്ങില്ല. എന്നാൽ ഛേത്രിക്ക് കളി ആവേശമാണ്. ദേശീയ ക്യാമ്പിൽ ചെലവിടുന്നതോടൊപ്പം ബംഗളൂരു എഫ്.സിക്കു വേണ്ടി മുഴുസമയം ചെലവഴിക്കണം. ടീമിലെ ഏറ്റവും ഫിറ്റ്‌നസുള്ള കളിക്കാരനാണ് ഛേത്രി. എല്ലാ മത്സരങ്ങളിലും കളിക്കാനാണ് ആഗ്രഹം. എങ്കിലും ചീഫ് കോച്ചും ഫിസിയോമാരും ഡോക്ടർമാരും വിശ്രമിക്കണമെന്ന് പറയുമ്പോൾ മറുത്തൊന്നും പറയാൻ കഴിയില്ല. അത്തരം കാര്യങ്ങൾ തീരുമാനിക്കേണ്ടത് ടീം മാനേജ്‌മെന്റാണ്. എന്നെ സംബന്ധിച്ചിടത്തോളം എല്ലാ കളികളിലും പങ്കെടുക്കാനാണ് ആഗഹ്രം. ഫുട്‌ബോളിൽ മാത്രമല്ല കാരംസായാലും ടി.ടി ആയാലും ചെസ്സായാലും ഞാൻ ലഭ്യമാണ് -ഛേത്രി പറഞ്ഞു. 

Latest News