അബുദാബി - പ്രധാനമന്ത്രി നരേന്ദ്ര മോഡി ഒരു ദിവസത്തെ സന്ദര്‍ശനത്തിനായി യു എ ഇയില്‍ എത്തി. അബുദാബി പ്രസിഡന്‍ഷ്യല്‍ വിമാനത്താവളത്തില്‍ വിമാനമിറങ്ങിയ അദ്ദേഹത്തെ അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദിന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു. ഫ്രാന്‍സ് സന്ദര്‍ശനം പൂര്‍ത്തിയാക്കി മടങ്ങും വഴിയാണ് നരേന്ദ്ര മോഡി യു എ ഇയില്‍ എത്തിയത്. ഒരൊറ്റ ദിവസത്തേക്കാണ് സന്ദര്‍ശനം. ഒമ്പത് വര്‍ഷത്തിനിടെ പ്രധാനമന്ത്രി അഞ്ചാം തവണയാണ് യു എ ഇയിലെത്തുന്നത്. ഇന്ന് തന്നെ അദ്ദേഹം ഇന്ത്യയിലേക്ക് മടങ്ങും. ഉച്ചയ്ക്ക് 12.50നാണ് ഇന്ത്യയും യു എ ഇയും തമ്മിലുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ നിശ്ചയിച്ചിരിക്കുന്നത്. ഇന്ത്യ യു എ ഇ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിന്റെ പുരോഗതിയും ഇരു രാഷ്ട്രത്തലവന്മാരും വിലയിരുത്തും. യു എ ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായും, ഡോ.സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ജാബറുമായും പ്രധാനമന്ത്രി നരേന്ദ്ര മോഡി കൂടിക്കാഴ്ച നടത്തും. ദല്‍ഹി ഐ ഐ ടിയുടെ ഓഫ് ക്യാംപസ് അബുദാബിയില്‍ തുടങ്ങുന്നത് സംബന്ധിച്ച് തീരുമാനം കൈക്കൊള്ളും. ഊര്‍ജ്ജം, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളില്‍ പരസ്പരസഹകരണം മെച്ചപ്പെടുത്തുതിനുള്ള ധാരണാപത്രങ്ങളും ഒപ്പുവെക്കും.