തിരുവനന്തപുരം - ബി ജെ പി സംസ്ഥാന നേതൃത്വത്തില്‍ വാക്കുകള്‍ കൊണ്ട് നേതാക്കളുടെ ഏറ്റുമുട്ടല്‍. തന്നെ വിമര്‍ശിച്ച ശോഭാ സുരേന്ദ്രന് മറുപടിയുമായി എത്തിയിരിക്കുകയാണ് കേന്ദ്രമന്ത്രി വി മുരളീധരന്‍. പാര്‍ട്ടി സംസ്ഥാന ഉപാധ്യക്ഷയേക്കാള്‍ സംസ്ഥാനത്തിനായി പ്രവര്‍ത്തിക്കേണ്ട ചുമതല വി മുരളീധരനുണ്ടെന്നും അദ്ദേഹം ജനപക്ഷത്ത് നിന്ന് പ്രവര്‍ത്തിക്കണമെന്നും പറഞ്ഞ് ഇന്നലെ ശോഭാ സുരേന്ദ്രന്‍ വി.മുരളീധരനെതിരെ രംഗത്തെത്തിയിരുന്നു. അതിന് മറുപടിയായി, തന്റെ പ്രവര്‍ത്തനം ജനപക്ഷത്ത് നിന്നുകൊണ്ടാണെന്നും ദുരിത ബാധിതരെ താന്‍ കാണാറുണ്ടെന്നും വി മുരളീധരന്‍ പറഞ്ഞു. തിരുവനന്തപുത്ത് ദുരിത ബാധിതരെ കാണാന്‍ പോയത് പോലും കാല്‍ നടയായിട്ടാണെന്നും മുരളീധരന്‍ പറഞ്ഞു. ശസ്ത്രക്രിയക്കിടെ കത്രിക വയറ്റില്‍ കുടുങ്ങിയ സംഭവത്തില്‍ നീതിയാവശ്യപ്പെട്ട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് മുന്നില്‍ സമരം നടത്തുന്ന ഹര്‍ഷിനയ്ക്ക് പിന്തുണ അര്‍പ്പിച്ച് സമരപ്പന്തലില്‍ പ്രസംഗിക്കുമ്പോഴാണ് ശോഭാ സുരേന്ദ്രന്‍ കേന്ദ്രമന്ത്രി വി.മുരളീധരനെ വിമര്‍ശിച്ചത്.