ജറുസലേം - സൈക്കിളില്‍ സഞ്ചരിക്കുമ്പോള്‍ കാര്‍ ഇടിച്ച് തല വേര്‍പെട്ടുപോയ പന്ത്രണ്ട് വയസുകാരന്റെ തല തുന്നിച്ചേര്‍ത്ത് ഇസ്രായേലിലെ ഡോക്ടര്‍മാര്‍. അത്ഭുതത്തോടെയാണ് ലോകം ഇതിനെ നോക്കിക്കാണുന്നത്. വളരെ സങ്കീര്‍ണ്ണവും അസാധാരണവുമായ ശസ്ത്രക്രിയയിലൂടെയാണ് കുട്ടിയുടെ തല തുന്നിച്ചേര്‍ത്തത്. സുലൈമാന്‍ ഹസന്‍ എന്ന കുട്ടിയാണ് സൈക്കിളോടിക്കുമ്പോള്‍ കാറുമായി കൂട്ടിയിച്ച് അപകടത്തില്‍ പെട്ടത്. കുട്ടിയുടെ തലയോട്ടി പൂര്‍ണമായും നട്ടെല്ലിന്റെ ടോപ് വെര്‍ട്ടിബ്രയില്‍ നിന്നും വേര്‍പെട്ടുപോകുകയായിരുന്നു. സുലൈമാന്‍ ഹസന് പുതുജീവിതം ലഭിച്ചത് വെറുമൊരു അദ്ഭുതമല്ലെന്നും ബൈലാറ്ററല്‍ അറ്റ്‌ലാന്റോ ഒക്കിപ്പിറ്റല്‍ ജോയിന്റ് ഡിസ്ലൊക്കേഷന്‍ എന്നാണ് ശാസ്ത്രീയമായി ഈ അവസ്ഥ അറിയപ്പെടുന്നതെന്നും കുട്ടിയെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ പറയുന്നു. അപകടത്തില്‍ പെട്ട് സുലൈമാന്‍ ഹസനെ ഹസാദാ മെഡിക്കല്‍ സെന്ററിലേക്ക് എയര്‍ലിഫ്റ്റ് ചെയ്യുകയായിരുന്നു. അവിടെ വെച്ചാണ് അടിയന്തര ശസ്ത്രക്രിയകള്‍ നടത്തിയത്. കഴിഞ്ഞ മാസമാണ് അപകടം നടന്നത്. ഇത്രയും ദിവസം കുട്ടിയ്ക്ക് ശസ്ത്രക്രിയകള്‍ നടത്തി വരികയായിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച് വിവരങ്ങളൊന്നും ഡോക്ടര്‍മാര്‍ ഇതുവരെ പുറത്ത് വിട്ടിരുന്നില്ല. ന്യൂറോളജിക്കല്‍ പ്രശ്‌നങ്ങളോ പരസഹായമാവശ്യമുള്ള അവസ്ഥയോ ഇപ്പോള്‍ സുലൈമാന്‍ ഹസനില്ല എന്നതും മെഡിക്കല്‍ രംഗത്തിനു വലിയ അഭിമാനമാവുകയാണ്. ഡോക്ടര്‍ ഒഹദ് ഈനത്തിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം ഡോക്ടര്‍മാരാണ് സുലൈമാന്‍ ഹസന് പുതുജീവനേകിയത്.