അസംഗഢ്- കോണ്‍ഗ്രസ് മുസ്്‌ലിംകളുടെ പാര്‍ട്ടിയാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞതില്‍ തനിക്ക് അത്ഭുതമില്ലെന്നും മന്‍മോഹന്‍ സിംഗ് പ്രധാനമന്ത്രിയായിരുന്നപ്പോള്‍ അതിലുമപ്പുറം പറഞ്ഞിട്ടുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡി. പ്രകൃതി വിഭവങ്ങള്‍ക്കുമേല്‍ മുസ്്‌ലിംകള്‍ക്ക് ആദ്യ അവകാശമുണ്ടെന്നാണ് മന്‍മോഹിന്‍ സിംഗ് പറഞ്ഞതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. പക്ഷേ, എനിക്ക് കോണ്‍ഗ്രസിനോട് ചോദിക്കാനുള്ളത്, കോണ്‍ഗ്രസ് മുസ്്‌ലിം പുരുഷന്മാരുടെ പാര്‍ട്ടി മാത്രമാണോ എന്നാണെന്നും അസംഗഢില്‍ ബി.ജെ.പി പൊതുയോഗത്തില്‍ മോഡി പറഞ്ഞു.
കോണ്‍ഗ്രസ് മുസ്്‌ലിംകളുടെ പാര്‍ട്ടിയാണെന്ന് പാര്‍ട്ടി പ്രസിഡന്റ് പറഞ്ഞതായി പത്രത്തില്‍ വായിച്ചു. രണ്ടു ദിവസമായി ഇതേക്കുറിച്ച് ചര്‍ച്ച നടക്കുന്നുമുണ്ട് -മുസ്്‌ലിം ബുദ്ധിജീവികളുമായി രാഹുല്‍ ഗാന്ധി നടത്തിയ ചര്‍ച്ച പരാമര്‍ശിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.
മുത്തലാഖ് ബില്ലിനെ എതിര്‍ക്കുന്നതു ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസ് മുസ്്‌ലിം പുരുഷന്മാരുടെ മാത്രം പാര്‍ട്ടിയാണോ എന്ന് അദ്ദേഹം ചോദിച്ചത്. ദിവസങ്ങള്‍ക്കകം ആരംഭിക്കുന്ന പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ ബില്‍ പാസാക്കിയെടുക്കാന്‍ ബി.ജെ.പിയും കേന്ദ്ര സര്‍ക്കാറും ശ്രമിക്കുന്നുണ്ട്.
മുത്തലാഖ് സംബന്ധിച്ച സമീപനത്തിലൂടെ ഈ പാര്‍ട്ടികളുടെയെല്ലാം യഥാര്‍ഥ മുഖം വെളിച്ചത്തുവന്നിരിക്കയാണ്. മുത്തലാഖ് കാരണം മുസ്്‌ലിം സ്ത്രീകള്‍ അനുഭവിക്കുന്ന ദുരവസ്ഥ പ്രതിപക്ഷ പാര്‍ട്ടികള്‍ അവഗണിക്കുകയാണ്. ഇതു തീര്‍ത്തും അപലപനീയമാണ് -മോഡി പറഞ്ഞു.
ഉത്തര്‍പ്രദേശില്‍ ദ്വിദിന പര്യടനത്തിനെത്തിയ മോഡി 340 കി.മീ പൂര്‍വാഞ്ചല്‍ എക്‌സ്പ്രസ് വേക്ക് തറക്കല്ലിട്ടു.
കോണ്‍ഗ്രസ് ആവര്‍ത്തിച്ചു നിഷേധിച്ചിട്ടും മുസ്്‌ലിംകളുടെ കാര്യം മാത്രമേ കോണ്‍ഗ്രസ് ശ്രദ്ധിക്കന്നുള്ളൂവെന്ന പ്രചാരണം മോഡി തുടരുകയാണ്.
സ്ത്രീകളുടെ ജീവിത നിലവാരം ഉയര്‍ത്താന്‍ കേന്ദ്രം ഒരു ഭാഗത്ത് ശ്രമിക്കുമ്പോള്‍ മറുഭാഗത്ത്, സ്ത്രീകളുടെ ജീവിതം, പ്രത്യേകിച്ച് മുസ്്‌ലിം സ്ത്രീകളുടെ ജീവിതം അപകടത്തിലാക്കാനാണ് ഈ പാര്‍ട്ടികള്‍ ശ്രമിക്കുന്നത്. മുത്തലാഖ് നിരോധിക്കണമെന്ന് കോടിക്കണക്കിന് മുസ്്‌ലിം സ്ത്രീകളാണ് ആവശ്യപ്പെടുന്നത്. ഇസ്്‌ലാമിക് രാജ്യങ്ങളില്‍ പോലും ഇതു നിരോധിച്ചിട്ടുണ്ട് -പ്രധാനമന്ത്രി പറഞ്ഞു.
മുസ്്‌ലിം സ്ത്രീകളുടെ അവകാശങ്ങള്‍ക്കും പദവിക്കും വല്ല സ്ഥാനവുമുണ്ടോ? അവര്‍ പാര്‍ലമെന്റില്‍ നിയമ നിര്‍മണം തടസ്സപ്പെടുത്തിയിരിക്കയാണ്. പാര്‍ലമെന്റ് നടത്താന്‍ തന്നെ അവര്‍ അനുവദിക്കുന്നില്ല. ഈ കുടുംബ വാഴ്ചാ പാര്‍ട്ടികളുടെ ആവശ്യം മോഡിയെ പുറത്താക്കുകയാണ്. പാര്‍ലമെന്റ് ആരംഭിക്കാന്‍ നാലോ അഞ്ചോ ദിവസം ഇനിയുമുണ്ട്. തലാഖിന്റെയും ഹലാലയുടേയും ഇരകളുമായി സംസാരിച്ച് അവരുടെ അവസ്ഥ മനസ്സിലാക്കിയ ശേഷമേ പാര്‍ലമെന്റില്‍ നിലപാട് വ്യക്തമാക്കൂ. 21 ാം നൂറ്റാണ്ടായിട്ടും ഈ രാഷ്ട്രീയ പാര്‍ട്ടികള്‍ 18 ാം നൂറ്റാണ്ടിലാണ് ജീവിക്കുന്നത് -പ്രധാനമന്ത്രി ആരോപിച്ചു.