വാരണാസി- ഉത്തർപ്രദേശിലെ ഗ്യാൻവാപി പള്ളിയിലെ സർവേയുടെ ഭാഗമായുള്ള കാർബൺ ഡേറ്റിംഗ് സംബന്ധിച്ച ഉത്തരവ് വാരണാസി ജില്ലാ കോടതി മാറ്റിവച്ചു. ജൂലൈ 21ന് കോടതി വിധി പറയും. കാശി വിശ്വനാഥ ക്ഷേത്രത്തിനോട് ചേർന്നുള്ള ഗ്യാൻവാപി മസ്ജിദ് പരിസരം മുഴുവൻ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എഎസ്ഐ) സർവേ നടത്തണമെന്ന ഹരജിയിൽ വാദം കേൾക്കാൻ കഴിഞ്ഞ മേയിൽ കോടതി സമ്മതിച്ചിരുന്നു. ഹിന്ദു പക്ഷത്തെ പ്രതിനിധീകരിച്ച് അഭിഭാഷകനായ വിഷ്ണു ശങ്കർ ജെയിൻ സമർപ്പിച്ച ഹരജിയാണ് കോടതി സ്വീകരിച്ചത്.
തുടർന്ന് ഹിന്ദു പക്ഷം സമർപ്പിച്ച വാദങ്ങൾക്ക് മറുപടി നൽകാൻ പള്ളി കമ്മിറ്റിയോട് ആവശ്യപ്പെട്ടു. ഇരുഭാഗവും കേട്ട ശേഷമാണ് കാർബൺ ഡേറ്റിംഗ് സംബന്ധിച്ച ഉത്തരവ് കോടതി മാറ്റിവെച്ചത്.
വാരാണസിയിലെ ഗ്യൻവാപി സമുച്ചയത്തിന്റെ പരിസരത്ത് കണ്ടെത്തിയെന്ന് പറയുന്ന ശിവലിംഗത്തെക്കുറിച്ച് ശാസ്ത്രീയ അന്വേഷണം നടത്താൻ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എഎസ്‌ഐ) യോട് നിർദ്ദേശിച്ച അലഹബാദ് ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്തുള്ള ഹരജി അടിയന്തരമായി പരിഗണിക്കണമെന്ന് ഹിന്ദു ഹരജിക്കാർ ഏതാനും ദിവസങ്ങൾക്ക് മുമ്പ് സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടിരുന്നു.
ജനിച്ച വർഷത്തെ അടിസ്ഥാനമാക്കി ഒരാളുടെ പ്രായം കണ്ടെത്തുക എളപ്പമാണെങ്കിലും ഒരു വസ്തു അല്ലെങ്കിൽ സസ്യങ്ങൾ, ചത്ത മൃഗങ്ങൾ, അല്ലെങ്കിൽ ഫോസിൽ അവശിഷ്ടങ്ങൾ എന്നിവയിൽ അത് നിർണയിക്കുക കൂടുതൽ സങ്കീർണമാണ്. നൂറ്റാണ്ടുകളായി നിലനിൽക്കുന്ന വസ്തുക്കളുടെ ചരിത്രം അല്ലെങ്കിൽ വിവിധ ജീവിവർഗങ്ങൾ കടന്നുവന്ന പരിണാമ പ്രക്രിയ മനസ്സിലാക്കുന്നതിൽ ഡേറ്റിംഗ് ഒരു പ്രധാന പങ്ക് വഹിക്കുന്നു.