ലഖ്‌നൗ- സമാജ്‌വാദി പാർട്ടി ദേശീയ ജനറൽ സെക്രട്ടറിയും മുൻ മന്ത്രിയുമായ മുഹമ്മദ് അസം ഖാന് നൽകിയിരുന്ന ‘വൈ’ കാറ്റഗറി സുരക്ഷ ഉത്തർപ്രദേശ് സർക്കാർ പിൻവലിച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു.
മന്ത്രിമാർക്കും മുൻ മന്ത്രിമാർക്കും വിവിഐപികൾക്കും സുരക്ഷയൊരുക്കാൻ രൂപീകരിച്ച സംസ്ഥാനതല സുരക്ഷാ സമിതിയുടെ റിപ്പോർട്ടിൽ അസം ഖാന്റെ വൈ കാറ്റഗറി സുരക്ഷ തുടരാനുള്ള കാരണമൊന്നും കണ്ടെത്തിയിട്ടില്ലെന്ന് ആഭ്യന്തര വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.
റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സുരക്ഷ പിൻവലിക്കുന്നത് സംബന്ധിച്ച് സംസ്ഥാന ആഭ്യന്തര സെക്രട്ടറി റാംപൂർ പോലീസ് സൂപ്രണ്ട് അശോക് കുമാർ ശുക്ലയ്ക്ക് ഉത്തരവ് അയച്ചു.
സർക്കാർ നിർദേശപ്രകാരം അസംഖാന്റെ വൈ കാറ്റഗറി സുരക്ഷയിൽ ഏർപ്പെട്ടിരുന്ന പോലീസുകാരെ പിൻവലിച്ചതായി എസ്പി മാധ്യമപ്രവർത്തകരോട് പറഞ്ഞു. അസം ഖാനെയും രാംപൂർ എംഎൽഎ ആയ മകൻ അബ്ദുല്ല അസമിനേയും കഴിഞ്ഞ ഫെബ്രുവരിയിൽ മൊറാാദബാദിലെ എംപി/എംഎൽഎ കോടതി 2008 ലെ ഒരു കേസിൽ രണ്ട് വർഷത്തെ തടവിന് ശിക്ഷിച്ചിരുന്നു.
അതിനുശേഷം, മെയ് മാസത്തിൽ, അസം ഖാൻ, അദ്ദേഹത്തിന്റെ ഭാര്യയും മുൻ എംപിയുമായ തൻസീൻ ഫാത്തിമ, അടിസ്ഥാന വിദ്യാഭ്യാസ വകുപ്പിലെ ക്ലർക്ക് തൗഫീഖ് അഹമ്മദ് എന്നിവർക്കെതിരെ റാംപൂർ പബ്ലിക് സ്കൂളിന്റെ അംഗീകാരത്തിനായി വ്യാജ രേഖകൾ ഉപയോഗിച്ചെന്ന കേസിൽ കുറ്റപത്രം സമർപ്പിച്ചു. സമാജ്‌വാദി പാർട്ടി നേതാവിന്റെ നേതൃത്വത്തിലുള്ള ജൗഹർ ട്രസ്റ്റാണ് സ്കൂൾ നടത്തുന്നത്.
2020ലാണ് ഈ കേസിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്.
2017ൽ ഉത്തർപ്രദേശിൽ ബിജെപി അധികാരത്തിലെത്തിയ ശേഷം അസം ഖാനെതിരേ രാംപൂരിൽ വിവിധ കുറ്റങ്ങൾ ചുമത്തി 84 കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.