ചെന്നൈ- ലോക്സഭ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷം കൂട്ടായി നിന്നാൽ ബി.ജെ.പിയെ തറപ്പറ്റിക്കാൻ എളുപ്പമാണെന്നും മൂന്നാം മുന്നണി രൂപീകരിച്ചാൽ അത് ബി.ജെ.പിക്കായിരിക്കും ഗുണമെന്നും തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. വിവിധ പ്രാദേശിക പാർട്ടികൾ അതാത് സംസ്ഥാനത്ത് ശക്തരാണെങ്കിലും ദേശീയ തലത്തിൽ കോൺഗ്രസ് ആയിരിക്കണ മുഖം. സ്വതന്ത്ര ഇന്ത്യയുടെ വളർച്ചക്ക് നേതൃത്വം നൽകിയത് കോൺഗ്രസാണ്. അവർ കൂടുതൽ ആദരം അർഹിക്കുന്നുണ്ട്. രാഹുൽ ഗാന്ധി ഇന്ത്യയുടെ മുഴുവൻ പ്രതീക്ഷയായി മാറിയിട്ടുണ്ടെന്നും സ്റ്റാലിൻ പറഞ്ഞു. പ്രാദേശിക സഖ്യത്തിന് അതാത് സംസ്ഥാനങ്ങളിൽ ശക്തരായ കക്ഷികൾ നേതൃത്വം നൽകണം. ദേശീയ തെരഞ്ഞെടുപ്പിന് മുമ്പു തന്നെ ഈ സഖ്യം യാഥാർഥ്യമാകണമെന്നും സ്റ്റാലിൻ ആവശ്യപ്പെട്ടു.