ന്യൂദല്‍ഹി- രാജ്യം ശക്തമാണെന്നും ആരെങ്കിലും വിചാരിച്ചാല്‍ അത് തര്‍ക്കാനാകില്ലെന്നും സുപ്രീംകോടതി. കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്ത് പോപ്പുലര്‍ ഫ്രണ്ട് അനുഭാവി അബ്ദുറസാഖ് പീടിയേക്കലിന്റെ ജാമ്യഹരജി പരിഗണിക്കുന്നതിനിടെയാണ് ബഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്. അബ്ദുറസാഖിന് ജാമ്യം നല്‍കുന്നത് രാജ്യസുക്ഷയെ ബാധിക്കുമെന്ന് ഇഡി വ്യക്തമാക്കിയതോടെയാണ് രാാജ്യം ശക്തമാണെന്നും ആരെങ്കിലും വിചാരിച്ചാല്‍ അത് തര്‍ക്കാനാകില്ലെന്നും ജസ്റ്റിസുമാരായ എ.എസ് ബൊപ്പണ്ണ, എം.എം സുന്ദരേശ് എന്നിവരടങ്ങിയ ബഞ്ച് പറഞ്ഞത്. എല്ലാ കാര്യത്തെയും ഭീകരമാക്കി കാണിക്കേണ്ടതില്ല. രാജ്യം വിടാന്‍ സാധിക്കാത്ത വ്യവസ്ഥകളോടെ ജാമ്യം അനുവദിക്കുന്നതില്‍ എന്താണ് തെറ്റെന്നും കോടതി ചോദിച്ചു. എന്നാല്‍ പ്രതി ജാമ്യത്തില്‍ ഇറങ്ങിയാല്‍ സാക്ഷികളെ ഭീഷണിപ്പെടുത്താന്‍ സാധ്യതുണ്ടെന്ന് ഇഡിക്ക് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്.വി രാജു പറഞ്ഞു. പാസ്പോര്‍ട്ട് പിടിച്ചെടുത്താലും നേപ്പാള്‍ വഴി രാജ്യം വിടാനാവുമെന്നും അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ പറഞ്ഞു. എന്നാല്‍ അബ്ദുറസാഖിനെ പോപ്പുലര്‍ ഫ്രണ്ടുമായി നേരിട്ട് ബന്ധിപ്പിക്കുന്ന യാതൊന്നുമില്ലെന്നായിരുന്നു കോടതിയുടെ നിലപാട്. ഇതേ കേസിലെ മറ്റു പ്രതികള്‍ക്കെല്ലാം ജാമ്യം ലഭിച്ചതായും ബെഞ്ച് ചൂണ്ടിക്കാട്ടി.