Sorry, you need to enable JavaScript to visit this website.

പോക്സോ കേസ് പ്രതിയെ രക്ഷിച്ചു; ജോർജ് എം. തോമസിനെതിരെ ഗുരുതര ആരോപണങ്ങൾ

കോഴിക്കോട് - പോക്സോ കേസ് പ്രതിയെ ആൾമാറാട്ടത്തിലൂടെ രക്ഷപ്പെടുത്തിയെന്നതടക്കമുള്ള ജില്ലയിൽ ഈയടുത്തെങ്ങും ഒരു മുതിർന്ന നേതാവിനെതിരെ ഉയരാത്ത തരത്തിലുള്ള വൻ ആരോപണങ്ങളിലാണ് മുൻ എം.എൽ.എ കൂടിയായ ജോർജ് എം. തോമസ് അകപ്പെട്ടിരിക്കുന്നത്. ഇതു കൊണ്ടാണ് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മാസ്റ്റർ തന്റെ കൈയ്യിൽ പരാതി ലഭിച്ച ഉടനെ തന്നെ ഇക്കാര്യത്തിൽ ശക്തമായ നടപടിയെടുക്കുവാൻ ജില്ലാ നേതൃത്വത്തോട് നിർദേശിച്ചത്. 

പാർട്ടിക്കാർ തന്നെയായ പരാതിക്കാർ നേരിട്ട് പരാതി നല്കിയിട്ടും അലംഭാവത്തിലെടുത്ത ജില്ലാ നേതൃത്വവും അന്വേഷണ കമ്മീഷൻ റിപ്പോർട്ട് വന്നതോടു കൂടി ജോർജ് എം. തോമസിനെ കൈവിട്ട മട്ടാണ്. ഇതാണ് കഴിഞ്ഞ ദിവസം നടന്ന ജില്ലാ കമ്മിറ്റി യോഗത്തിൽ പങ്കെടുത്ത മുഴുവൻ പേരും ഒറ്റക്കെട്ടായി ഇദ്ദേഹത്തിനെതിരെയുള്ള നടപടിയെ അനുകൂലിച്ചത്.

പോക്സോ കേസിൽ മറിമായത്തിനായി കൂട്ടുനിന്ന പോലീസ് ഉദ്യോഗസ്ഥർക്ക് ലക്ഷങ്ങൾ വില വരുന്ന സമ്മാനം നല്കുന്നതിൽ ഇടനിലക്കാരായി നിന്നു . ക്വാറി മാഫിയയെ അനധികൃതമായി സാമ്പത്തിക നേട്ടത്തിനായി സഹായിച്ചു,യു.ഡി.എഫ് നേതൃത്വത്തിലുള്ള സൊസൈറ്റിയെ അനധികൃതമായി സഹായിച്ചു തുടങ്ങിയ ആരോപണങ്ങളെല്ലാം ശരിവെക്കുന്ന രീതിയിൽ ആണ് കമ്മീഷന്റെ കണ്ടെത്തൽ എന്നറിയുന്നു.

ഇതിന്റെ ഗൗരവം മൂലമാണ് പാർട്ടി സംസ്ഥാന സെക്രട്ടറി തന്നെ നേരിട്ട് യോഗത്തിൽ പങ്കെടുക്കുവാൻ എത്തിയതെന്നറിയുന്നു. ജില്ലാ നേതൃത്വത്തിന് ഏറെ താല്പര്യമുള്ള ആൾ എന്നതിനാൽ ഇക്കാര്യത്തിൽ ചിലപ്പോൾ വിട്ടുവീഴ്ച നല്കി നടപടി ലഘൂകരിക്കാതിരിക്കുവാൻ കൂടിയായിരുന്നു ഇത്. നേരത്തെ വിവാദ പ്രസ്താവന നടത്തിയപ്പോൾ ഒരു ശാസനയിൽ മാത്രം ജില്ലാ നേതൃത്വം അച്ചടക്ക നടപടി ഒതുക്കുകയായിരുന്നു.

ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ ആയതിനാൽ, തൊട്ടു മുകളിലെ മേൽ ഘടകമായ സംസ്ഥാന കമ്മിറ്റിയാണ് അച്ചടക്ക നടപടി എന്തു വേണമെന്നതിൽ അന്തിമ തീരുമാനം  എടുക്കേണ്ടത്. ഇദ്ദേഹത്തോടൊപ്പം മലയോര മേഖലയിൽ നിന്ന് ഔദ്യോഗിക സ്ഥാനത്തുള്ള ചിലർക്കെതിരെയും ശക്തമായ നടപടിക്ക് കമ്മീഷൻ ശുപാർശ ചെയ്തിട്ടുണ്ട്.

ജോർജ് എം. തോമസിനെ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്യുവാനും കർഷക സംഘം അടക്കം മറ്റ് വർഗ ബഹുജന സംഘടനകളിലെ വഹിക്കുന്ന സ്ഥാനങ്ങളിൽ നിന്ന് നീക്കം ചെയ്യാനുമാണ് ജില്ലയിൽ നിന്ന് ശുപാർശ നല്കിയിരിക്കുന്നത്.

Latest News