ബംഗളുരു- ചന്ദ്രയാന്‍ മൂന്നിന്റെ വിക്ഷേപണത്തിന് മുന്നോടിയായി ബഹിരാകാശ വാഹനത്തിന്റെ ചെറു പതിപ്പുമായി ഐ. എസ്. ആര്‍. ഒ ശാസ്ത്രജ്ഞരുടെ സംഘം തിരുപ്പതി ക്ഷേത്രത്തില്‍ പ്രാര്‍ഥന നടത്തി. വെള്ളിയാഴ്ച ഉച്ചക്കു ശേഷം 2.35നാണ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്നും ചന്ദ്രയാന്‍ മൂന്ന് വിക്ഷേപിക്കുക. ഭൂമിയെ അഞ്ചു തവണ വലം വെക്കുന്ന ചന്ദ്രയാന്‍ മൂന്ന് 45 ദിവസത്തിനുള്ളില്‍ ചന്ദ്രോപരിതലത്തില്‍ ഇറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചന്ദ്രനിലേക്കുള്ള ബഹിരാകാശ പര്യവേക്ഷണങ്ങളില്‍ ഏറ്റവും നൂതന സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കുന്ന ദൗത്യമാണ് ചന്ദ്രയാന്‍ മൂന്ന്. ഇന്ത്യന്‍ ബഹിരാകാശ പര്യവേക്ഷണത്തിലെ ഏറ്റവും കരുത്തുറ്റ റോക്കറ്റ് ലോഞ്ച് വെഹിക്കിള്‍ മാര്‍ക്ക് ത്രീയിലാണ് ചന്ദ്രയാന്‍ പേടകമുള്ളത്. 16 മിനിറ്റും 15 സെക്കന്‍ഡും കൊണ്ട് ഭൂമിയുടെ ലോഞ്ച് വെഹിക്കിള്‍ ഭ്രമണപഥത്തില്‍ എത്തുന്നതോടെ പേടകം സ്വതന്ത്രമായി ഭൂമിയെ വലയം ചെയ്യാന്‍ തുടങ്ങും.