മലപ്പുറം - പ്ലസ് ടു സീറ്റ് വിവാദത്തിൽ കെ.ടി. ജലീൽ എം.എൽ.എയെ സംവാദത്തിന് വെല്ലുവിളിച്ച് ഫ്രറ്റേണിറ്റ് മൂവ്‌മെന്റ് ജില്ലാ പ്രസിഡന്റ് ജംഷീൽ അബൂബക്കർ. പ്ലസ് ടുവിന് അഡ്മിഷൻ ലഭിക്കാത്തതിനെ തുടർന്ന് മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ വിദ്യാർഥിനിയെ അവഹേളിച്ചുകൊണ്ട് കെ.ടി. ജലീൽ ഫെയ്‌സ്ബുക്കിൽ കുറിപ്പിട്ടിരുന്നു.
കരഞ്ഞ കുട്ടിയും മലപ്പുറത്തെ പ്ലസ് ടു സീറ്റും എന്ന തലക്കെട്ടിൽ എഴുതിയ കുറിപ്പിൽ വണ്ടൂർ ജി.ജി.വി.എച്ച്.എസ്.എസിലെ ഫാത്തിമ ശസ എന്ന വിദ്യാർഥിനി ഫ്രറ്റേണിറ്റിയുടെ പ്രവർത്തകയാണെന്നും ബോധപൂർവമോ അല്ലാതെയോ കൂടുതൽ ഓപഷനുകൾ നൽകാതിരുന്നതാണ് അഡ്മിഷൻ ലഭിക്കാതിരിക്കാൻ കാരണമെന്നുമായിരുന്നു ജലീൽ ഫെയ്‌സ്ബുക്ക് പോസ്റ്റിൽ പറഞ്ഞിരുന്നത്.
ഇതേ തുടർന്നാണ് ജംഷീൽ അബൂബക്കർ ഫെയ്‌സ്ബുക്കിലൂടെ ജലീലിനോട് സംവാദത്തിനായി വെല്ലുവിളി നടത്തിയത്.
ജംഷീൽ അബൂബക്കറിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്:
ചുമ്മാ വെടി പൊട്ടിച്ചിട്ട് അങ്ങനെയങ്ങോട്ട് പോയാലോ ? ഇതിന് മറുപടി പറയൂ ജലീൽ സഖാവേ ?
1. വണ്ടൂർ ഗവ. ഗേൾസ് ഹയർ സെക്കണ്ടറി സ്‌കൂളിൽ നിന്ന് ഫുൾ എ പ്ലസ് നേടി പാസ്സായിട്ടും 3 അലോട്ട്‌മെന്റ് കഴിഞ്ഞിട്ടും സീറ്റ് കിട്ടാതിരുന്ന ഫാത്തിമ ശസ എന്ന വിദ്യാർഥിനി ഫ്രറ്റേണിറ്റി പ്രവർത്തകയാണ് എന്ന് എന്തടിസ്ഥാനത്തിലാണ് താങ്കൾ പറയുന്നത് ? ഇത് തെളിയിക്കാമോ ? വെല്ലുവിളിക്കുന്നു !!! അവർ മാധ്യമങ്ങൾക്ക് മുമ്പിൽ നടത്തിയത് കരച്ചിൽ നാടകമാണെന്ന് പറഞ്ഞു ആക്ഷേപിക്കാൻ നാണമില്ലേ സഖാവേ ?
2. ആ കുട്ടിക്ക് പകരം +1 സീറ്റ് നിഷേധിക്കപ്പെട്ട ഒരു ഫ്രറ്റേണിറ്റി പ്രവർത്തകയായിരുന്നെങ്കിൽ എന്താണ് കുഴപ്പം ?
3. ആ മോളെ കൊണ്ട് ഞങ്ങൾ ബോധപൂർവ്വം 3 ഓപ്ഷൻ മാത്രം കൊടുപ്പിച്ച് സർക്കാർ വിരുദ്ധ പോരാട്ടത്തിനുള്ള ചാവേറാക്കുകയായിരുന്നു എന്നൊക്കെ തട്ടിവിടാൻ ചില്ലറ തൊലിക്കട്ടി പോരല്ലോ നിങ്ങൾക്ക് ! ഒരു മൈനർ ആയ പെൺകുട്ടിക്കെതിരെ അവാസ്തവമായ പ്രചാരണം നടത്തിയ താങ്കൾക്കെതിരെ നിയമനടപടി സ്വീകരിക്കാനൊരുങ്ങുകയാണ് ഫ്രറ്റേണിറ്റി.
4. +1 പ്രവേശനത്തിന് മൂന്ന് ഓപ്ഷൻ മാത്രം അതും സ്വന്തം പഞ്ചായത്തിന് പുറത്ത് കൊടുത്തത് കൊണ്ടാണ് 3 അലോട്ട്‌മെന്റ് കഴിഞ്ഞിട്ടും പ്രവേശം ലഭിക്കാതെ പോയത് എന്നാണ് താങ്കളുടെ വാദം. കോട്ടയം ജില്ലയിലോ, പത്തനംതിട്ടയിലോ മറ്റോ ഇതുപോലെ ഒരു കേസ് ചൂണ്ടിക്കാണിക്കാൻ പറ്റുമോ ? എന്ത് കൊണ്ട് മലപ്പുറത്ത് മാത്രം ഇതുപോലെ കുറെ ശസമാർ ഉണ്ടാവുന്നു ? കഷ്ടപ്പെട്ട് പഠിച്ചിട്ടും ഫുൾ എ പ്ലസ് നേടിയിട്ടും ഇഷ്ട്ടപ്പെട്ട കോഴ്‌സ് ഇഷ്ട്ടപ്പെട്ട സ്‌കൂളിൽ പഠിക്കാൻ പറ്റാത്തവർ എന്ത്‌കൊണ്ട് ഇവടെ മാത്രം ഉണ്ടാവുന്നു ? ഇതിലൊരു പ്രശ്‌നവും താങ്കൾക്ക് തോന്നുന്നില്ലെ ? തിരു കൊച്ചിയിൽ പത്താംതരം പാസ്സായ മുഴുവൻ കുട്ടികളും പ്രവേശനം നേടിയിട്ടും ബാക്കി വന്ന സർക്കാർ മേഖലയിലെ ബാച്ചുകളിൽ 14 എണ്ണം മലപ്പുറത്തേക്ക് കൊണ്ട് വരുന്ന അവസ്ഥയുള്ളപ്പോഴാണ് മലപ്പുറത്തുകാർ ഫുൾ എപ്ലസുകാരുടെ പഠന അവസരത്തെ കുറിച്ച് സംസാരിക്കേണ്ടി വരുന്നത്. എല്ലാ ജില്ലക്കാരും കൊടുക്കുന്ന പോലെ നികുതി കൊടുക്കുന്നവരാണ് മലപ്പുറത്തുകാർ, ഞങ്ങൾക്ക് അടിസ്ഥാന സൗകര്യങ്ങൾ വേണം എന്ന് ചോദിക്കാൻ നിങ്ങളുടെ ഓഫീസിൽ നിന്ന് രസീതി വാങ്ങണോ ഇവിടുത്തുകാർ ?
6 . മലപ്പുറം ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി അംഗമായും നാലര വർഷക്കാലം ഉന്നത വിദ്യാഭ്യാസ മന്ത്രിയായും നിരവധി കാലം മലപ്പുറത്തെ ങഘഅ ആയും ഒക്കെ ഇരുന്നിട്ടും മലബാറും വിശിഷ്യാ മലപ്പുറവും അനുഭവിക്കുന്ന ആഴത്തിലുള്ള വികസന വിവേചനം താങ്കൾക്ക് മനസ്സിലാവാഞ്ഞിട്ടാണ് എന്ന് തോന്നുന്നില്ല. ഇങ്ങനെ സ്വന്തം ജനതയേയും പ്രദേശത്തേയും സ്വാർത്ഥ താൽപര്യങ്ങൾക്ക് വേണ്ടി ഭരണകൂടത്തിനും പാർട്ടിക്കും ഒറ്റുകൊടുത്തുള്ള ഈ അടിമ ജീവിതമൊക്കെ ഒരു ജീവിതമാണോ സഖാവേ ? ചരിത്രം നിങ്ങളെ അഭിനവ ചെക്കുട്ടിയെന്ന് അടയാളപെടുത്തും.
7. മലപ്പുറത്തെ വിദ്യാഭ്യാസ അവകാശ നിഷേധങ്ങളെ കുറിച്ചുള്ള ഏതൊരു സംവാദത്തിനും ഫ്രറ്റേണിറ്റി തയ്യാറാണ്. എസ് എഫ് ഐയെ വിളിച്ചിട്ട് അവർ വന്നില്ല. നിങ്ങൾ പറഞ്ഞാൽ സിപിഎം അത് അവരുടെ അഭിപ്രായമായി പരിഗണിക്കുമോ എന്നറിയില്ല, എങ്കിലും സമയവും സ്ഥലവും തീരുമാനിച്ചിട്ട് അറിയിച്ചോളൂ. ഞങ്ങൾ റെഡിയാണ്.