മുംബൈ- ഇന്ത്യന്‍ തെരുവു തീറ്റപ്രിയരുടെ ഇഷ്ട വിഭവം പാനി പൂരി ബുധനാഴ്ച ഗൂഗ്ള്‍ ഡൂഡ്‌ലിലും. ഉത്തര്‍ പ്രദേശില്‍ നിന്നും മുംബൈയിലൂടെ ഇന്ത്യന്‍ തെരുവുകളിലേക്ക് വ്യാപിച്ച പാനിപൂരിയുടെ ലോകറെക്കോര്‍ഡ് ദിനം ഓര്‍മിപ്പിച്ചാണ് പാനിപുരിയെ ഗൂഗ്ള്‍ ഡൂഡ്‌ലിലെടുത്തത്.
പാനിപൂരിയുടെ വ്യത്യസ്ത പേരുകളായ ഗോല്‍ഗപ്പ, ഗുപ്ചുപ്പ്, ഫുച്ച്ക തുടങ്ങിയ പേരുകളും സവിശേഷതയുമെല്ലാം ഗൂഗ്ള്‍ വിവരിച്ചിട്ടുണ്ട്. ഇതോടൊപ്പം ഫണ്‍ ഗെയിമും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
2015 ജൂലൈ 12ന് മധ്യ പ്രദേശിലെ ഇന്ദോരി സയ്ക എന്ന റസ്റ്റോറന്റ് 51 ഇനം പാനിപൂരി വിളമ്പി ലോക റെക്കോഡ് സ്ഥാപിച്ചതിന്റെ വാര്‍ഷികത്തോടനുബന്ധിച്ചാണ് ഗൂഗിള്‍ ഡൂഡ്ല്‍ നല്‍കിയത്. നേഹ ഷാ എന്ന മാസ്റ്റര്‍ഷെഫിന്റെ നേതൃത്വത്തിലായിരുന്നു റെക്കോഡ് പ്രകടനം.
മഹാരാഷ്ട്രയിലും ആന്ധ്ര പ്രദേശിലും പാനിപൂരി എന്നറിയപ്പെടുന്ന വായ നിറയുന്ന തീറ്റവസ്തുവിനെ പഞ്ചാബിലും ജമ്മു കശ്മീരും ന്യൂഡല്‍ഹിയിലും ഗോല്‍ഗപ്പയെന്നാണ് വിളിക്കുന്നത്. പശ്ചിമ ബംഗാള്‍, ബിഹാര്‍, ഝാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍ ഫുച്ക എന്നുമാണ് പേര്.
ഓരോ സ്ഥലത്തും ഇതില്‍ ചേര്‍ക്കുന്ന ഘടകങ്ങളും രുചിയുമെല്ലാം വ്യത്യാസമുണ്ട്. എന്നാല്‍, എല്ലായിടത്തും പൊതുവായുള്ള രണ്ടു ഘടകങ്ങളാണ് നിറയ്ക്കാന്‍ ഉപയോഗിക്കുന്ന വറുത്തെടുത്ത ചെറിയ പൂരിയും ഒറ്റയടിക്ക് വായിലേക്കിട്ട് കഴിച്ചിറക്കുന്ന രീതിയും.