Sorry, you need to enable JavaScript to visit this website.

മോഡിയുടെ തെരഞ്ഞെടുപ്പു കാല ഓഫർ

രാജ്യത്തെ മുതിർന്ന പൗരന്മാർക്ക് റെയിൽവേ പേരിനെങ്കിലും ചില ആനുകൂല്യങ്ങൾ നൽകിയിരുന്നു. 58 വയസ്സ് പിന്നിട്ട സ്ത്രീകൾ യാത്രാ നിരക്കിന്റെ പാതിയും അറുപത് പിന്നിട്ട പുരുഷൻ നാൽപത് ശതമാനവും നൽകിയാൽ മതിയായിരുന്നു. 2024 ലെ തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് ഇതും പുനഃസ്ഥാപിക്കുമെന്ന് പ്രതീക്ഷിക്കാം. 


കേരളത്തിലാണ് ദക്ഷിണേന്ത്യയിൽ ഏറ്റവും കൂടിയ ബസ് യാത്രാ നിരക്കുള്ളത്. കോട്ടയത്ത് നിന്ന് കോഴിക്കോട്ടേക്ക് സാധാരണ കെ.എസ്.ആർ.ടി.സി ബസിൽ യാത്ര ചെയ്യാൻ മുന്നൂറ് രൂപയിലേറെ വേണം. ലോ ഫ്‌ളോർ ബസാണെങ്കിൽ അഞ്ഞൂറിനടുത്ത് വരും. ട്രെയിനിൽ 150 രൂപയിൽ താഴെ ചെലവിൽ യാത്ര ചെയ്യാവുന്ന ദൂരമാണിത്. കോഴിക്കോട്ടു നിന്ന് തിരുവനന്തപുരത്തേക്ക് ബസ് യാത്രയ്ക്ക് അഞ്ഞൂറിനും എഴുന്നൂറിനുമിടക്കാണ് നിരക്ക്. 250 രൂപ മുടക്കിയാൽ ട്രെയിനിലെ ബെർത്തിൽ സുഖമായി കിടന്നുറങ്ങി ഇതേ ദൂരത്തിൽ യാത്ര ചെയ്യാം. ഇത്രയും അന്തരമുള്ളതിനാൽ കേരളത്തിനകത്തോടുന്ന ട്രെയിനുകളിലെല്ലാം എല്ലാ കാലത്തും വൻ തിരക്കാണ്. മാവേലിയും മലബാറും ഏറനാടും പരശുറാമുമെല്ലാം നീണ്ട വെയിറ്റിംഗ് ലിസ്റ്റുമായി സഞ്ചരിക്കുകയാണ്. ഒരു ഡസൻ പുതിയ ട്രെയിനുകൾ വന്നാലും കേരളത്തിൽ അധികമല്ല. 
കെ.എസ്.ആർ.ടി.സിയുടെ കഴുത്തറുപ്പൻ നിരക്ക് കാരണം പുറത്ത് നിന്ന് സർവീസ് നടത്താനെത്തുന്ന തമിഴ്‌നാട്, കർണാടക ബസുകളും കൂടിയ യാത്രാ നിരക്ക് ഈടാക്കാൻ നിർബന്ധിതരാവുന്നു. എന്നിട്ടും കെ.എസ്.ആർ.ടി.സിയുടെ ദാരിദ്ര്യം മാറുന്നുമില്ല. കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിച്ചാൽ ജർമനിയിൽ നിന്ന് ആയിരം കോടി വായ്പ ഒപ്പിക്കാനുള്ള ശ്രമത്തിലാണ് പൊതുമേഖലാ സ്ഥാപനം. എറണാകുളം തേവരയിൽ കുറച്ചു കാലം മാത്രം ഉപയോഗിച്ച് ഉപേക്ഷിച്ച വോൾവോ ബസുകളുടെ ശ്മശാനവും പ്രബുദ്ധ കേരളത്തിലുണ്ട്. ഇപ്പോഴിതാ കെ.എസ്.ആർ.ടി.സി മീൻ മാർക്കറ്റിൽ മത്സ്യ ലഭ്യത കുറഞ്ഞാൽ മീനിന് വില കൂട്ടുന്നത് പോലെ ഉത്സവ കാലത്ത് യാത്രാ നിരക്ക് കൂട്ടാൻ പോകുന്നു. മുപ്പത് ശതമാനമാണ് വർധന. ഓണക്കാലത്ത് ഇതിന്റെ രുചി മലയാളികൾക്ക് ആദ്യമായി അനുഭവിച്ചറിയാം. പിന്നീട് ക്രിസ്മസിനും പൂജക്കും വിഷുവിനും ഈദിനുമെല്ലാം ഇഷ്ടം പോലെ നിരക്ക്. ഈ പണമത്രയും എവിടെ പോകുന്നുവെന്ന ചോദ്യത്തിന്  മാത്രം ഉത്തരമില്ല. കേരളത്തിന്റെ മധ്യത്തിൽ വരുന്ന പട്ടണമാണല്ലോ എറണാകുളം ജില്ലയിലെ അങ്കമാലി. ദേശീയ പാതയും എം.സി റോഡും സംഗമിക്കുന്ന സ്ഥലം. ഇവിടെ കെ.എസ്.ആർ.ടി.സിയുടെ ഒരു ആധുനിക ടെർമിനലുണ്ട്. കോഴിക്കോട്ടേത് പോലെ ഇരുളടഞ്ഞ ഗുഹയല്ല. അവിടെ അർധരാത്രി ചെന്നു നിന്നാൽ എല്ലാ ദിശകളിലേക്കും കേരള ട്രാൻസ്‌പോർട്ട് കോർപറേഷന്റെ ദീർഘദൂര ബസുകളുടെ പ്രവാഹം കാണാം. നെടുമങ്ങാട്, കോയമ്പത്തൂർ, കാസർകോട്, മൈസുരു, കോട്ടയം, തൊടുപുഴ എന്നുവേണ്ട എല്ലാ സ്ഥലങ്ങളിലേക്കും നല്ല ചാർജ് വാങ്ങി സർവീസ് നടത്തുന്ന ബസുകൾ. എല്ലാത്തിലും സ്റ്റാന്റിംഗ് കപ്പാസിറ്റിയും. എന്നിട്ടും വരുമാനമത്രയും ചോർന്നു പോകുന്നതാണ് അത്ഭുതം. 
ഇത് കേരളത്തിന്റെ ഗതികേട്. എന്നാൽ എന്തൊക്കെ അപാകതകളുണ്ടെങ്കിലും കേന്ദ്ര സർക്കാർ അടുത്ത കാലത്തൊന്നും റെയിൽവേ യാത്രാ നിരക്ക് കൂട്ടിയിട്ടില്ല. മാത്രമല്ല, ഇപ്പോഴിതാ ടിക്കറ്റ് നിരക്കിൽ ഇളവും പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതൊരു പക്ഷേ, പൊതു തെരഞ്ഞെടുപ്പിന് മാസങ്ങളല്ലേയുള്ളൂ എന്ന് കണക്കിലെടുത്താവാം. 
യാത്രക്കാർ കുറവുള്ള എസി ചെയർ, എക്സിക്യൂട്ടീവ് ക്ലാസുകളിലെ ടിക്കറ്റ് നിരക്കിൽ ഇളവ് വരുത്താനാണ് റെയിൽവേ മന്ത്രാലയം തീരുമാനിച്ചത്. 25 ശതമാനം വരെ കുറയ്ക്കാനാണ് തീരുമാനം. എല്ലാ സോണുകൾക്കും ഇതുമായി ബന്ധപ്പെട്ട നിർദേശം റെയിൽവേ ബോർഡ് നൽകി. നിബന്ധനകൾക്കും വ്യവസ്ഥകൾക്കും വിധേയമായി, എസി സിറ്റിംഗ് സൗകര്യമുള്ള ട്രെയിനുകളിൽ കിഴിവുള്ള നിരക്ക് സ്‌കീം അവതരിപ്പിക്കുന്നതിനുള്ള അധികാരം സോണൽ റെയിൽവേകൾക്ക് നൽകുകയും ചെയ്തു.  
ഒരു മാസത്തിനിടെ അമ്പത് ശതമാനം സീറ്റുകൾ ഒഴിവുള്ള ട്രെയിനുകളിലാണ് ഇളവ് നൽകുക. 
അനുഭൂതി, വിസ്റ്റാഡോം കോച്ചുകൾ ഉൾപ്പെടെ എസി സീറ്റിംഗ് സൗകര്യമുള്ള എല്ലാ ട്രെയിനുകളുടെയും എസി ചെയർകാർ, എക്സിക്യൂട്ടീവ് ക്ലാസുകൾ എന്നിവയിൽ ഈ സ്‌കീം ബാധകമായിരിക്കും. 
 പദ്ധതി ഒരു വർഷത്തേക്കാണ് റെയിൽവേ പ്രഖ്യാപിച്ചിട്ടുള്ളതെങ്കിലും ട്രെയിനിന്റെ ഉത്ഭവ സ്റ്റേഷനുമായി ബന്ധപ്പെട്ട സോണുകളുടെ പി സി സി എമ്മുകൾ തീരുമാനിക്കുന്ന കാലയളവിലേക്കായിരിക്കും കിഴിവ് ആദ്യ ഘട്ടത്തിൽ നടപ്പിലാക്കുക. ഡിമാൻഡിനെ അടിസ്ഥാനമാക്കി സീസണൽ, പ്രതിമാസം, പ്രവൃത്തി ദിവസങ്ങളിൽ, വാരാന്ത്യങ്ങളിൽ എന്നിങ്ങനെയും ഡിസ്‌കൗണ്ടുകൾ നൽകാം. അധികാരികൾ നടത്തുന്ന പതിവ് അവലോകനങ്ങളുടെ അടിസ്ഥാനത്തിൽ ഭാവിയിലെ കിഴിവ് പരിഷ്‌കരിക്കുകയോ നീട്ടുകയോ പിൻവലിക്കുകയോ ചെയ്യാം. 
മുമ്പൊന്നുമില്ലാത്ത വിധം റെയിൽവേ വരുമാനം സ്വരൂപിക്കുന്നുണ്ട്. ഒറ്റ നോട്ടത്തിൽ വർഷങ്ങളായി എക്‌സ്പ്രസ് തീവണ്ടിയുടെ സാധാരണ യാത്രാ നിരക്ക് കൂട്ടിയില്ലെന്ന് കാണാം. അത് റെയിൽവേ അത്ര കാര്യമാക്കുന്നുമില്ല. റിസർവ് ചെയ്ത യാത്രയും ചരക്കുനീക്കവുമാണ് റെയിൽവേയെ സമ്പന്നമാക്കുന്നത്. കോഴിക്കോട്ടു നിന്ന് എ.സി ചെയർ കാർ സിറ്റിംഗിൽ അഞ്ചു ടിക്കറ്റ് ബുക്ക് ചെയ്ത ഒരാൾ വെയിറ്റിംഗ് ലിസ്റ്റിലാണെന്നിരിക്കട്ടെ. പുലർെച്ച ആറിന് കോഴിക്കോട്ടെത്തുന്ന ട്രെയിനിന്റെ റിസർവേഷൻ ചാർട്ട് തയാറാക്കുന്നത് അർധരാത്രി രണ്ടു മണിക്കും. തിരക്ക് കാരണം ഈ അഞ്ച് ടിക്കറ്റുകളും പുറത്തായാൽ അർധരാത്രിയിൽ റീഫണ്ടിനായി ആരുമെത്തില്ല. മുച്ചീട്ടുകളിക്കാരന് കൈവരുന്ന പണം പോലെ ഇതും റെയിൽവേക്ക് കിട്ടുന്നു. ഇങ്ങനെ ഇന്ത്യ എന്ന വിസ്തൃത രാജ്യത്ത് കോടിക്കണക്കിന് യാത്ര ചെയ്യാത്ത ടിക്കറ്റുകളുടെ പണം റെയിൽവേക്ക് മുതൽക്കൂട്ടാവുകയും ചെയ്യുന്നു. 
ഇനി റദ്ദ് ചെയ്താലത്തെ കാര്യം. തേഡ് എസിയിൽ ചെന്നൈയിലേക്ക് രണ്ടായിരത്തിന്റെ ടിക്കറ്റ് ബുക്ക് ചെയ്ത് അവസാന നിമിഷം റദ്ദ് ചെയ്തുവെന്നിരിക്കട്ടെ. റീഫണ്ട് ലഭിക്കുക പരമാവധി അമ്പത് ശതമാനമാണ്. അതേസമയം, പെട്ടെന്ന് നമ്മൾ ഇതേ ക്ലാസിൽ വിദൂര നഗരത്തിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്യുകയാണെങ്കിൽ അതിന് ടിക്കറ്റ് നിരക്കിന് പുറമെ മൂവായിരം രൂപ വരെ അധികം നൽകേണ്ടി വരും. ഈ കൊള്ളക്കാണ്  പ്രീമിയം തത്കാൽ പദ്ധതി ഇന്ത്യൻ റെയിൽവേ നടപ്പാക്കിയത്. പഴയ തത്കാലിന് പരമാവധി മുന്നൂറ് രൂപയൊക്കെയേ അധികം ഈടാക്കുമായിരുന്നുള്ളൂ. 2020-21 വർഷത്തിൽ തത്കാൽ - പ്രീമിയം തത്കാൽ ബുക്കിംഗിലൂടെ 500 കോടി രൂപയാണ് റെയിൽവേ നേടിയത്. പിഴ ഈടാക്കുന്നതിലൂടെയും റെയിൽവേയുടെ വരുമാനം വൻതോതിൽ വർധിച്ചിട്ടുണ്ട്. പിഴയെന്നത് ട്രെയിനിൽ ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്യുന്നവരിൽ നിന്ന് മാത്രമല്ല. ബുക്കിംഗിലെ അശ്രദ്ധ കാരണം തീയതി തെറ്റിയാലും വൻതുക നൽകേണ്ടത് യാത്രക്കാരനാണ്. 
ഇ-ടിക്കറ്റുകൾ റദ്ദാക്കിയതിലൂടെ റെയിൽവേയ്ക്ക് 1900 കോടിയിലധികം രൂപയുടെ റെക്കോർഡ് ഉയർന്ന വരുമാനം ലഭിച്ചു. ഇ-ടിക്കറ്റുകളിലും കംപ്യൂട്ടറൈസ്ഡ് പാസഞ്ചർ റിസർവേഷൻ സിസ്റ്റം (പിആർഎസ്) കൗണ്ടറുകൾ നൽകുന്ന ടിക്കറ്റുകളിലും റെയിൽവേ പാസഞ്ചേഴ്സ് റൂൾ 2015 പ്രകാരം ടിക്കറ്റ് റദ്ദാക്കുമ്പോൾ റെയിൽവേ കാൻസലേഷൻ അല്ലെങ്കിൽ ക്ലിയറേജ് ചാർജ് ഈടാക്കുന്നുണ്ട്. 
പാർലമെന്റിൽ ചോദ്യത്തിന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അടുത്തിടെ നൽകിയ രേഖാമൂലമുള്ള മറുപടി പ്രകാരം  2019-2020 നും 2022-2023 നും ഇടയിൽ  ഇ-ടിക്കറ്റുകൾ ഉൾപ്പെടെയുള്ള ടിക്കറ്റുകൾ റദ്ദാക്കിയതിലൂടെ റെയിൽവേക്ക് ആകെ 1949.98 കോടി രൂപ ലഭിച്ചു. കൗണ്ടറും ഇ-ടിക്കറ്റും റദ്ദാക്കിയതിലൂടെ 2021-22 സാമ്പത്തിക വർഷത്തിൽ റെയിൽവേ ഏറ്റവും ഉയർന്ന വരുമാനം 694.08 കോടി രൂപ നേടിയതായി റെയിൽവേ മന്ത്രി സഭയെ അറിയിച്ചു. 2022-23 സാമ്പത്തിക വർഷത്തിൽ റദ്ദാക്കലിലൂടെ റെയിൽവേ 604.40 കോടി രൂപ നേടി.
കോവിഡ് കാലം  മാറി ഇപ്പോൾ എല്ലാം ഏതാണ്ട് പഴയ അവസ്ഥയിലായി. യാത്രക്കാരുടെ അവകാശങ്ങൾ പൂർവ സ്ഥിതിയിലായില്ലെന്ന് മാത്രം. കോവിഡിന് മുമ്പ് ലോക്കൽ ട്രെയിനുകളായി ഓടിയിരുന്നതെല്ലാം കൂടിയ നിരക്കുമായി സ്‌പെഷ്യൽ എക്‌സ്പ്രസുകളായാണ് സർവീസ് നടത്തുന്നത്. തിരൂരിൽ നിന്ന് തിരുനാവായയിലേക്ക് പത്ത് രൂപ നൽകിയാൽ മൂന്ന് വർഷം മുമ്പ് ലോക്കലിൽ യാത്ര ചെയ്യാമായിരുന്നു. ഇപ്പോൾ ട്രെയിനിനെ എക്‌സ്പ്രസ് സ്‌പെഷ്യൽ എന്നു പേര് മാറ്റി വിളിക്കുന്നു. യാത്രാ നിരക്ക് മുപ്പത് രൂപയുമാണ്. ജനകോടികളിൽ നിന്ന് അനേക കോടികൾ ഇതു വഴിയും റെയിൽവേ സമാഹരിക്കുന്നു. രാജ്യത്തെ മുതിർന്ന പൗരന്മാർക്ക് റെയിൽവേ പേരിനെങ്കിലും ചില ആനുകൂല്യങ്ങൾ നൽകിയിരുന്നു. അവർക്കായി ടിക്കറ്റ് കൗണ്ടറുകളിൽ പ്രത്യേക ക്യൂ ഇതിലൊന്നാണ്. 58 വയസ്സ് പിന്നിട്ട സ്ത്രീകൾ യാത്രാ നിരക്കിന്റെ പാതിയും അറുപത് പിന്നിട്ട പുരുഷൻ നാൽപത് ശതമാനവും നൽകിയാൽ മതിയായിരുന്നു. 2024 ലെ തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് ഇതും പുനഃസ്ഥാപിക്കുമെന്ന് പ്രതീക്ഷിക്കാം. 

Latest News