ജമ്മു- ജമ്മുവിലെ ആര്‍എസ് പുര മണ്ഡലത്തിലെ ബിജെപി എം.എല്‍.എ ഗഗന്‍ ഭഗതിന് 19കാരിയായ കോളെജ് വിദ്യാര്‍ത്ഥിനിയുമായി വിവാഹേതര ബന്ധമുണ്ടെന്നാരോപിച്ച് ഭാര്യയും ബിജെപി വനിതാ വിഭാഗം സംസ്ഥാന സെക്രട്ടറിയുമായ മോണിക്ക ശര്‍മ പരസ്യമായി രംഗത്തെത്തി. വിദ്യാര്‍ത്ഥിനിയെ എംഎല്‍എ നിയമവിരുദ്ധമായി വിവാഹം ചെയ്ത് കൂടെ താമസിപ്പിക്കുകയാണെന്നും ഇവര്‍ ആരോപിക്കുന്നു. അതിനിടെ മുന്‍ സൈനികനായ വിദ്യാര്‍ത്ഥിനിയുടെ പിതാവും തന്റെ മകളെ എം.എല്‍.എ പഞ്ചാബിലെ ഒരു കേളെജില്‍ നിന്നും തട്ടിക്കൊണ്ടു പോയി കൂടെ താമസിപ്പിക്കുകയാണെന്നാരോപിച്ച് രംഗത്തെത്തി. എന്നാല്‍ ആരോപങ്ങളെ എം.എല്‍.എയും വിദ്യാര്‍ത്ഥിനിയും നിഷേധിച്ചു. ഇതു തങ്ങളെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണെന്നാണ് ഇവര്‍ പറയുന്നത്. ഭാര്യ മോണിക്ക ശര്‍മയ്ക്ക് മാസംതോറും ഒരു ലക്ഷം രൂപ വീതം നല്‍കുന്നുണ്ടെന്ന് ഗഗന്‍ ഭഗത് അവകാശപ്പെട്ടിരുന്നു. എന്നാല്‍ ചെലവിനു നല്‍കാമെന്ന കരാറില്‍ ഒപ്പു വച്ചു എന്നല്ലാതെ തനിക്ക് നയാ പൈസ പോലും ലഭിച്ചിട്ടില്ലെന്ന് ഭാര്യ മോണിക്ക പറഞ്ഞു.
ബിജെപി കേന്ദ്ര നേതൃത്വത്തോടും പ്രധാനമന്ത്രി നരേന്ദ്ര മോഡിയോടും മോണിക്ക സഹായം തേടിയിരിക്കുകയാണ്. 'നിങ്ങളുടെ കുടുംബത്തിലെ ഒരു മകളാണ് നീതി തേടുന്നത്. ഇത് എനിക്കോ എന്റെ കുട്ടികള്‍ക്കോ വേണ്ടി മാത്രമല്ല. വെറും 19 വയസ്സ് മാത്രമുള്ള ആ വിദ്യാര്‍ത്ഥിനിക്കു കൂടിയാണ്,' മോണിക്ക പറഞ്ഞു. 13 വര്‍ഷമായി താന്‍ എം.എല്‍.എയുടെ ഭാര്യയാണെന്നും അവര്‍ പറഞ്ഞു.
വിവാഹ ബന്ധത്തിലെ പ്രശ്്‌നവുമായി ബന്ധപ്പെട്ട് എം.എല്‍.എ പാര്‍ട്ടിയുടെ അച്ചടക്ക സമിതി മുമ്പാകെ ഹാജരായി തന്റെ ഭാഗം വിശദീകരിച്ചതിനു തൊട്ടുപിറകെയാണ് മോണിക്ക ശര്‍മ ആരോപണങ്ങളുമായി പരസ്യമായി രംഗത്തെത്തിയത്. വിദ്യാര്‍ത്ഥിനിയുടെ മുത്തശ്ശന്റെ നേതൃത്വത്തില്‍ എം.എല്‍.എക്കെതിരെ പ്രതിഷേധം നടക്കുന്നതിനിടെയാണ് ഭഗത്തും മോണിക്കയും ബിജെപി അച്ചടക്ക സിമിതി മുമ്പാകെ ഹാജരായത്. ഇരുവരും ഒന്നിച്ചല്ല എത്തിയത്. ഭാര്യയുമായുള്ള വിവാഹ ബന്ധം അവസാനിപ്പിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നാണ് ഭാര്യ മോണിക്കയുടെ ആരോപണങ്ങളെല്ലാം നിഷേധിച്ച് എംഎല്‍എ പറഞ്ഞത്.
എന്നാല്‍ തങ്ങള്‍ കഴിഞ്ഞ 10 മാസമായി വേര്‍പിരിഞ്ഞാണ് കഴിയുന്നതെങ്കിലും വിവാഹ മോചന അപേക്ഷ നല്‍കിയിട്ടില്ലെന്ന് മോണിക്കയും പറയുന്നു. 12കാരനായ മകനേയും നാലു വയസ്സുകാരി മകളേയും കൂട്ടിയാണ് മോണിക്ക രംഗത്തെത്തിയത്. മക്കളുടെ ഭാവി ഓര്‍ത്താണ് ഒരു വര്‍ഷത്തോളം താന്‍ മൗനം പാലിച്ചതെന്നും മോണിക്ക പറഞ്ഞു. തന്റെ ഭര്‍ത്താവ് ആ പെണ്‍കുട്ടിയെ വിവാഹം ചെയ്്തതിന് എനിക്ക് തെളിവ് ലഭിച്ചു. അത് പാര്‍ട്ടി അച്ചടക്ക സമിതിക്ക് നല്‍കിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.
എം.എല്‍.എയുടെ അമ്മ നേരിട്ട് പെണ്‍കുട്ടിയുടെ വീട്ടുകാരെ കണ്ട് അവിഹതി ബന്ധത്തെ കുറിച്ച് പരാതിപ്പെട്ടിരുന്നു. അവര്‍ക്ക് ഒരുമിച്ച് ജീവിക്കണമെങ്കില്‍ അത് തുറന്ന് പറയണമെന്നും മോണിക്ക ആവശ്യപ്പെട്ടു. ഉന്നത പദവിയില്‍ ഇരിക്കുന്ന പാര്‍ട്ടി നേതാവ് ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് സമൂഹത്തിന് എന്തു സന്ദേശമാണ് നല്‍കുന്നതെന്ന് പാര്‍ട്ടി വ്യക്തമാക്കണമെന്നും മോണിക്ക ആവശ്യപ്പെട്ടു.
ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഭഗത്ത് തന്നെ കാണാനെത്തുകയും ബിജെപി അച്ചടക്ക സമിതി മുമ്പാകെ ഹാജരാകരുതെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും മോണിക്ക പറഞ്ഞു. പെണ്‍കുട്ടിയെ ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെടുമ്പോഴെല്ലാം അങ്ങനെ ചെയ്താല്‍ പെണ്‍കുട്ടി തനിക്കെതിരെ കേസ് നല്‍കുമെന്നായിരുന്നു ഭഗത്ത് പറഞ്ഞത്. തനിക്ക് ഭീഷണിയുണ്ട്. കൊല്ലപ്പെടുകയോ അപകടപ്പെടുത്തുകയോ ചെയ്‌തേക്കാമെന്ന് ബന്ധുക്കള്‍ മുന്നറിയിപ്പ് നല്‍കിയതായും മോണിക്ക പറഞ്ഞു.