ന്യൂദൽഹി-ആപ്പ് വഴി ഓർഡർ ചെയ്ത ഭക്ഷണം ഡെലിവറി ബോയി തന്നെ ഭക്ഷിച്ച ശേഷം തെറിയും കേൾക്കേണ്ടിവന്നുവെന്ന ദുരനുഭവം പങ്കുവെച്ച് ഉപഭോക്താവ്. ഡോർഡാഷ് ഡെലിവിറി ഏജന്റിനെ കുറിച്ച് ഉപഭോക്താവ് റെഡ്ഡിറ്റിലാണ് തനിക്കുണ്ടായ അനുഭവം പങ്കുവെച്ചത്. ഡെലിവറി ഏജന്റ് നടത്തിയ ചാറ്റും ഇദ്ദേഹം ഷെയർ ചെയ്തിട്ടുണ്ട്.
ചിക്കന്റെ ലെഗ് പീസ് സൂപ്പറായിട്ടുണ്ടെന്ന് കഴിച്ച ഭക്ഷണത്തിന്റെ ആസ്വാദനം മാത്രമല്ല, ഉപഭോക്താവിനെ പരിഹസിക്കാനും ഡെലിവറി ഏജന്റ് മുതിർന്നു. താനൊരു മടിയനാണെന്നും പുറത്തിറങ്ങി ഭക്ഷണം വാങ്ങി മക്കൾക്ക് എത്തിച്ചു കൊടുക്കാൻ കഴിയാത്ത താനൊക്കെ ഒരു അച്ഛനാണോ എന്നും ഏജന്റ് ചോദിച്ചു.
ഡിഎം ഫുള്ളറെന്ന ഉപഭോക്താവാണ് സമൂഹ മാധ്യമത്തിൽ തനിക്കുണ്ടായ ദുരനുഭവം പങ്കുവെച്ചത്. കമ്പനിയെ അറിയിച്ച് നടപടിയെടുപ്പിക്കുമെന്ന് പറഞ്ഞപ്പോൾ തനിക്കത് തെളിയിക്കാനാവില്ലെന്നായിരുന്നു ഏജന്റിന്റെ മറുപടി. ഓർഡർ ചെയ്ത ഭക്ഷണവുമായി വീട്ടിലെത്തിയിട്ടില്ലെന്ന് തെളിയിക്കാൻ ക്യാമറയുണ്ടെന്ന് പറഞ്ഞതോടെയാണ് മക്കൾക്ക് വേണ്ടി പോയി ഭക്ഷണം വാങ്ങാൻ കഴിയാത്ത താനൊരു അച്ഛനാണോ തുടങ്ങിയ പരിഹാസം ഏജന്റ് ആരംഭിച്ചത്.