ന്യൂദല്‍ഹി- പ്ലസ്ടു കോഴക്കേസില്‍ മുസ്ലിംലീഗ് നേതാവ് കെ.എം. ഷാജിക്കെതിരേ വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആര്‍. റദ്ദാക്കിയ ഉത്തരവിനെതിരേ സംസ്ഥാനം നല്‍കിയ അപ്പീല്‍ സുപ്രീംകോടതി വെള്ളിയാഴ്ച പരിഗണിക്കും. ജസ്റ്റിസുമാരായ വിക്രംനാഥ്, അഹ്‌സനുദ്ദീന്‍ അമാനുള്ള എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്. ഷാജിക്കെതിരേ അന്വേഷണം നടത്താന്‍ അനുവദിക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം. സ്റ്റാന്റിംഗ് കോണ്‍സല്‍ ഹര്‍ഷദ് വി. ഹമീദാണ് സര്‍ക്കാരിന്റെ ഹരജി ഫയല്‍ ചെയ്തത്.
2014-ല്‍ അഴീക്കോട് സ്‌കൂളിലെ പ്ലസ്ടു ബാച്ച് അനുവദിക്കാന്‍ കെ.എം. ഷാജി 25 ലക്ഷം രൂപ കോഴവാങ്ങിയെന്ന പരാതിയിലാണ് വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. 2020-ലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഈ എഫ്.ഐ.ആറാണ് കേരള ഹൈക്കോടതി റദ്ദാക്കിയത്. എന്നാല്‍, പരാതിയുടെ അടിസ്ഥാനത്തിലാണ് ഷാജിക്കെതിരേ എഫ്.ഐ.ആറിട്ട് അന്വേഷണം നടത്തിയതെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഫയല്‍ചെയ്ത ഹരജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.