ഇംഫാല്‍ - വെടിവെപ്പില്‍ മെയ്‌ത്തെയ് വിഭാഗക്കാരനായ യുവാവ് കൊല്ലപ്പെട്ടതോടെ മണിപ്പൂരില്‍ വീണ്ടും വന്‍ സംഘര്‍ഷ സാധ്യത ഉടലെടുത്തു. കൊല്ലപ്പെട്ട സായ്‌കോം ഷുബോലിന്റെ മൃതദേഹവുമേന്തി സ്ത്രീകള്‍ ഉള്‍പ്പടെ മെയ്‌ത്തേയ് വിഭാഗക്കാരായ നൂറ് കണക്കിനാളുകള്‍ ഇംഫാല്‍ നഗരത്തിലൂടെ പ്രതിഷേധ പ്രകടനം നടത്തി. ഈ സാഹചര്യത്തില്‍ മേഖലയില്‍ ജാഗ്രത വര്‍ധിപ്പിച്ചിട്ടുണ്ട്. കദാംബന്ദ് മേഖലയിലാണ് ഏറ്റവും ഒടുവില്‍ ഏറ്റുമുട്ടല്‍ ഉണ്ടായത്. ഇവിടെയുണ്ടായ വെടിവെപ്പിലാണ് 27കാരനായ സായ്‌കോം ഷുബോലു കൊല്ലപ്പെട്ടത്. ഇതോടെ നഗര മേഖലയിലടക്കം മുളകമ്പുകള്‍ ഉപയോഗിച്ച് മെയ്‌ത്തെയ് വിഭാഗക്കാര്‍ വാഹനങ്ങള്‍ തടഞ്ഞു. വിലാപയാത്ര സംഘര്‍ഷത്തിന് വഴിവെക്കുമോയെന്ന ആശങ്കയുള്ളതിനാല്‍ കനത്ത സുരക്ഷയും നഗരത്തില്‍ ഏര്‍പ്പെടുത്തിയിരുന്നു. കദാംബന്ദിലെ ഏറ്റുമുട്ടലില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. വീണ്ടും ഏറ്റുമുട്ടല്‍ ഉണ്ടായ മണിപ്പൂരിലെ അതിര്‍ത്തിഗ്രാമങ്ങളിലും നഗരത്തിലും കേന്ദ്ര സേനയുടെയും പൊലീസിന്റെയും സുരക്ഷ തുടരുന്നുണ്ട്.