കൊല്‍ക്കത്ത - പശ്ചിമ ബംഗാള്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് വന്‍ വിജയം നേടുന്നതിനിടെ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ നാടകീയ സംഭവങ്ങള്‍. പരാജയപ്പെട്ട ഒരു തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ബാലറ്റ് പേപ്പറുകള്‍ കീറി വായിലിട്ട് ചവച്ചെന്നും മറ്റൊരു തൃണമൂല്‍ സ്ഥാനാര്‍ത്ഥിയുടെ ഏജന്റ് ബാലറ്റ് പേപ്പറുകള്‍ എടുത്ത് കുളത്തിലേക്ക് ചാടിയെന്നുമാണ് പുറത്ത് വരുന്ന വിവരം. നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയില്‍ പല കേന്ദ്രങ്ങളിലായി വോട്ടെണ്ണല്‍ തുടരുന്നതിനിടെയാണ് ഈ രണ്ട് സംഭവങ്ങളും നടന്നത്. ഭുര്‍കുന്ദ പഞ്ചായത്തിലെ 18-ാം ബൂത്തിലാണ് നാടകീയ സംഭവങ്ങള്‍ നടന്നത്. തൃണമൂല്‍ സ്ഥാനാര്‍ത്ഥികളായ സക്കീര്‍ ഹൂസൈനും, സുപര്‍ണ ദാസും സ്വതന്ത്ര സ്ഥാനാര്‍ത്ഥികളായ ഷൗക്കത്ത് മൊണ്ടല്‍, മാധവി ദാസ് എന്നിവരോട് ഇവിടെ പരാജയപ്പെട്ടു. എന്നാല്‍ ഫലം അംഗീകരിക്കാത്ത തൃണമൂല്‍ സ്ഥാനാര്‍ത്ഥികള്‍ വീണ്ടും വോട്ടെണ്ണാന്‍ ആവശ്യപ്പെട്ടു. വീണ്ടും വോട്ടെണ്ണിയതോടെ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ പരാജയം വ്യക്തമായി. തുടര്‍ന്നാണ് തൃണമുല്‍ സ്ഥാനാര്‍ത്ഥിയുടെ ഏജന്റായ മുന്ന മൊണ്ടല്‍ എന്നയാള്‍ ബാലറ്റ് പേപ്പറുകളെടുത്ത് സമീപത്തെ കുളത്തിലേക്ക് ചാടിയത്. തോറ്റ മറ്റൊരു സ്ഥാനാര്‍ത്ഥി ബാലറ്റ് പേപ്പറുകള്‍ വായിലിട്ട് ചവച്ചരയക്കുകയും ചെയ്തു.
തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്നലെ രാത്രി 10.30 ന് പുറത്ത് വിട്ട കണക്കുകള്‍ പ്രകാരം തൃണമുല്‍ കോണ്‍ഗ്രസിന്റെ വന്‍ മുന്നേറ്റം തുടരുകയാണ്. 28,985 ഗ്രാമ പഞ്ചായത്ത് വാര്‍ഡുകളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് വിജയിച്ചിട്ടുണ്ട്. 1540 സീറ്റുകളില്‍ ലീഡ് ചെയ്യുകയാണ്. ബി ജെ പിയ്ക്ക് ഇതുവരെ 7764 വാര്‍ഡുകളിലാണ് വിജയിക്കാനായത്. 417 വാര്‍ഡുകളില്‍ ലീഡ് ചെയ്യുകയാണ്. ഇടതു മുന്നണി 2468 വാര്‍ഡുകളില്‍ വിജയിച്ചു. ഇതില്‍ 2409 വാര്‍ഡുകളും സി പി എമ്മാണ് നേടിയത്. 260 വാര്‍ഡുകളില്‍ ലീഡ് ചെയ്യുന്നു. കോണ്‍ഗ്രസ് ഇതുവരെ 2468 വാര്‍ഡുകളിലാണ് വിജയിച്ചത്. 139 സീറ്റുകളില്‍ ലീഡ് ചെയ്യുകയാണ്. ആകെ 63.229 ഗ്രാമ പഞ്ചായത്ത് വാര്‍ഡുകളാണുള്ളത്. വോട്ടെണ്ണല്‍ ഇന്നും തുടരുകയാണ്.