കൊൽക്കത്ത- ബംഗാൾ തദ്ദേശ തെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷം നേടി തൃണമൂൽ കോൺഗ്രസ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ ബഹുദൂരം പിന്നിലാക്കിയാണ് തൃണമൂൽ വിജയം നേടിയത്. വോട്ടെണ്ണൽ അവസാനിക്കാൻ ഇനിയും ഏറെ സമയം ബാക്കിയുണ്ടെങ്കിലും തൃണമൂൽ ആഘോഷം തുടങ്ങി.
ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ 74,000 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. 63,229 ഗ്രാമപഞ്ചായത്ത് സീറ്റുകളും 9,730 പഞ്ചായത്ത് സമിതി സീറ്റുകളും 928 ജില്ലാ പരിഷത്ത് സീറ്റുകളും ഇതിൽ ഉൾപ്പെടുന്നു.
സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകൾ കാണിക്കുന്നത് ഗ്രാമപഞ്ചായത്ത് സീറ്റുകളിൽ 23,198 സീറ്റുകളിൽ തൃണമൂൽ ലീഡ് ചെയ്യുന്നുണ്ട്. ബിജെപി 5,756 സീറ്റുകളിൽ മുന്നിലാണ്. സി.പി.എം 2048 സീറ്റുകളിലും കോൺഗ്രസ് 1439 സീറ്റുകളിലും ലീഡ് ചെയ്യുന്നു.
പുതുതായി രൂപീകരിച്ച ഐഎസ്എഫ് ഉൾപ്പടെയുള്ള മറ്റ് പാർട്ടികൾ 1,721 സീറ്റുകളിലും തൃണമൂൽ വിമതർ ഉൾപ്പെട്ട സ്വതന്ത്രർ 718 സീറ്റുകളിലും ലീഡ് ചെയ്യുന്നു.
തിങ്കളാഴ്ച നടന്ന പോളിംഗിൽ ഒന്നിലധികം ബൂത്തുകളിൽ നടന്ന അക്രമങ്ങളിൽ 15 പേർ കൊല്ലപ്പെട്ടു. ബാലറ്റ് പെട്ടിയിൽ കൃത്രിമം നടന്നുവെന്നാരോപിച്ചാണ് ഇന്നലെ 696 ബൂത്തുകളിൽ റീപോളിംഗ് നടന്നത്.
ഇന്ന് രാവിലെ, മുർഷിദാബാദിലെ ഒരു വോട്ടെണ്ണൽ കേന്ദ്രത്തിന് സമീപം ക്രൂഡ് ബോംബ് പൊട്ടിത്തെറിച്ചു. ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പോലീസ് ഹൗറയിൽ ലാത്തിച്ചാർജും നടത്തി. കനത്ത സുരക്ഷയിലാണ് വോട്ടെണ്ണൽ നടക്കുന്നത്. വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ സായുധ സംസ്ഥാന പോലീസ് ഉദ്യോഗസ്ഥരും കേന്ദ്ര സേനയും നിലയുറപ്പിച്ചിട്ടുണ്ട്.