മക്ക - കേടായ ഇറച്ചി ശേഖരവും ആക്രിവസ്തുക്കളും സൂക്ഷിച്ച മൂന്നു വിദേശികളെ സുരക്ഷാ വകുപ്പുകള്‍ അറസ്റ്റ് ചെയ്ത് നിയമ നടപടികള്‍ക്ക് പബ്ലിക് പ്രോസിക്യൂഷന് കൈമാറി. അല്‍ശറായിഅ് ഡിസ്ട്രിക്ടിലെ കോംപൗണ്ടിലാണ് മൂന്നംഗ സംഘം കേടായ ഇറച്ചി ശേഖരവും ആക്രികളും സൂക്ഷിച്ചിരുന്നത്. സംശയകരമായ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന കോംപൗണ്ടിനെ കുറിച്ച് അല്‍ശറായിഅ് പോലീസിന് വിവരം ലഭിക്കുകയായിരുന്നു. റെസ്റ്റോറന്റുകള്‍ക്ക് മൊത്തമായി വിതരണം ചെയ്യുന്നതിന് സൂക്ഷിച്ചതായിരുന്നു ഇറച്ചി ശേഖരമെന്ന് വ്യക്തമായി.
യാതൊരുവിധ സുരക്ഷാ വ്യവസ്ഥകളും പാലിക്കാതെ, വൃത്തിഹീനമായ സാഹചര്യത്തില്‍ പന്ത്രണ്ടു റെഫ്രിജറേറ്ററുകളില്‍ സൂക്ഷിച്ച നിലയിലാണ് ഇറച്ചി ശേഖരം കണ്ടെത്തിയത്. വന്‍ ആക്രി ശേഖരവും ഇവിടെ കണ്ടെത്തി. നഗരസഭാധികൃതര്‍ ഇറച്ചി ശേഖരം പിടിച്ചെടുത്ത് നശിപ്പിച്ചു. ശിക്ഷാ നടപടികള്‍ സ്വീകരിക്കുന്നതിനു മുന്നോടിയായി കോംപൗണ്ട് ഉടമയെ വിളിച്ചുവരുത്തി ചോദ്യം ചെയ്യുന്നതിന് വൈദ്യുതി മീറ്റര്‍ നമ്പര്‍ നഗരസഭാധികൃതര്‍ ശേഖരിച്ചിട്ടുണ്ട്.
ക്യാപ്.