ന്യൂദല്‍ഹി - മണിപ്പൂരില്‍ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഉചിത നടപടി സ്വീകരിക്കണമെന്ന് സുപ്രീം കോടതി ആവശ്യപ്പട്ടു. പ്രകോപനപരമായതും തെറ്റായതുമായ പ്രസ്താവനകള്‍ ഒരു വിഭാഗവും നടത്തരുതെന്നും കോടതി പറഞ്ഞു. മണിപ്പൂരിലെ വിവിധ സംഘടനകളും സര്‍ക്കാരും സമര്‍പ്പിച്ച ഹര്‍ജികള്‍ ഒരുമിച്ചാണ് സുപ്രീം കോടതി പരിഗണിച്ചത്. സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച തല്‍സ്ഥിതി റിപ്പോര്‍ട്ട് സുപ്രീം കോടതി വിലയിരുത്തി. സംസ്ഥാനത്ത് വലിയ അക്രമങ്ങളുടെ ഇരകളാകുകയാണ് തങ്ങളെന്ന് കുക്കി വിഭാഗം കോടതിയില്‍ വാദിച്ചു. തങ്ങളുടെ ആരാധനാലയങ്ങള്‍ അടക്കം തകര്‍ക്കപ്പെട്ടു. സൈന്യത്തൊടും അര്‍ദ്ധ സൈന്യത്തെയും തങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ നിര്‍ദ്ദേശിക്കണമെന്ന് കുക്കി വിഭാഗം ആവശ്യപ്പെട്ടു. എന്നാല്‍ ഇക്കാര്യത്തില്‍ വിഭാഗം തിരിച്ചുള്ള നിര്‍ദേശം പ്രസ്‌ക്തമല്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. എല്ലാ ജനങ്ങളുടെയും ജീവനും സ്വത്തും സംരക്ഷിക്കപ്പെടണം. ഇക്കാര്യത്തില്‍ ആവശ്യമായ നടപടി സര്‍ക്കാര്‍ സ്വീകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു.