ന്യൂദൽഹി- മൂന്നാം തവണയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മേധാവിയായി സഞ്ജയ് കുമാർ മിശ്രയുടെ കാലാവധി നീട്ടിയത് നിയമവിരുദ്ധമാണെന്ന് സുപ്രീം കോടതി. എസ് കെ മിശ്രയുടെ കാലാവധി നീട്ടിയത് 2021ലെ വിധിയുടെ ലംഘനമാണെന്ന് സുപ്രീം കോടതി പറഞ്ഞു.
കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട ചില സുപ്രധാന അന്വേഷണങ്ങൾക്ക് അദ്ദേഹം മേൽനോട്ടം വഹിക്കുന്നുവെന്നും രാജ്യതാൽപ്പര്യത്തിന് അദ്ദേഹത്തിന്റെ തുടർച്ച ആവശ്യമാണെന്നും കേന്ദ്രം കോടതിയെ അറിയിച്ചെങ്കിലും അംഗീകരിച്ചില്ല.
രണ്ടുവർഷത്തെ കാലാവധിയിൽ 2018 നവംബറിലാണ് മിശ്രയെ ഇ.ഡി ഡയറക്ടറായി നിയമിച്ചത്. പിന്നീട് പലവട്ടം കാലാവധി നീട്ടി നൽകി. 2021 സെപ്തംബറിൽ ഇനിയും കാലാവധി നീട്ടി നൽകരുതെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്ന. എന്നാൽ കേന്ദ്ര വിജിലൻസ് ചട്ടം ഭേദഗതി ചെയ്ത് കേന്ദ്രം വീണ്ടും നീട്ടിനൽകി. ഇതനുസരിച്ച് അഞ്ചുവർഷം കാലാവധി നീട്ടിനൽകാം എന്നാണ് ചട്ടമുണ്ടാക്കിയത്. പതിനഞ്ച് ദിവസത്തിനകം പുതിയ ഡയറക്ടറെ നിയോഗിച്ച് റിപ്പോർട്ട് നൽകാൻ സുപ്രീം കോടതി ആവശ്യപ്പെട്ടു.