ന്യൂദല്‍ഹി-ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെ ചോദ്യം ചെയ്യുന്ന ഹര്‍ജിക്കാരുടെ പട്ടികയില്‍ നിന്ന് ഐഎഎസ് ഓഫീസര്‍ ഷാ ഫൈസലിന്റെയും ആക്ടിവിസ്റ്റ് ഷെഹ്‌ല റാഷിദിന്റെയും പേരുകള്‍ സുപ്രീം കോടതി ഒഴിവാക്കി. തങ്ങളുടെ പേരുകള്‍ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഫൈസലും റാഷിദും ഹരജി സമര്‍പ്പിച്ചിരുന്നു.
2019 ഓഗസ്റ്റ് അഞ്ചിനാണ് ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ് രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കാന്‍ കേന്ദ്രം തീരുമാനിച്ചിരുന്നത്. റദ്ദാക്കലിനെതിരായ പ്രധാന ഹരജിക്കാരനായ ഷാ ഫൈസല്‍ നേരത്തെ തന്റെ പേര് പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ആര്‍ട്ടിക്കിള്‍ 370 കഴിഞ്ഞു പോയകാര്യമാണെന്ന് ഹരജിക്കാരന്‍ പറഞ്ഞു.
ആര്‍ട്ടിക്കിള്‍ 370 എന്നെപ്പോലുള്ള പല കശ്മീരികള്‍ക്കും പഴയ കാര്യമാണ്. ഝലം, ഗംഗ എന്നിവ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ലയിച്ചത്. ഇനി ഒരു തിരിച്ചു പോക്കില്ല. ഇനി മുന്നോട്ടുള്ള പ്രയാണം മാത്രമേയുള്ളൂ- ഷാ തന്റെ ട്വീറ്റില്‍ പറഞ്ഞു.
2010 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ ഫൈസല്‍, സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നതവിജയം നേടി ജമ്മു കശ്മീരില്‍ നിയമിതനായിരുന്നു. 2019 ജനുവരിയില്‍ രാജിവച്ച് ഷെഹ്‌ല റാഷിദിനൊപ്പം ജമ്മു കശ്മീര്‍ പീപ്പിള്‍സ് മൂവ്‌മെന്റ് എന്ന സ്വന്തം പാര്‍ട്ടി രൂപീകരിച്ചു. എന്നാല്‍ 2020 ഓഗസ്റ്റില്‍ ഫൈസല്‍ സ്വന്തം രാഷ്ട്രീയ സംഘടനയില്‍നിന്ന് എല്ലാവരേയും അത്ഭുതപ്പെടുത്തിക്കൊണ്ട് രാജിവെച്ചു. സര്‍വീസില്‍നിന്നുള്ള അദ്ദേഹത്തിന്റെ രാജി നിരസിച്ച കേന്ദ്രം അദ്ദേഹത്തെ സര്‍വീസില്‍ പുനഃസ്ഥാപിക്കുകയും ചെയ്തു.