ന്യൂദല്‍ഹി-ബില്‍ക്കിസ് ബാനു കേസില്‍ 11 പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കി വിട്ടയച്ചത് ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി ഇന്ന് സുപ്രിം കോടതി വീണ്ടും പരിഗണിയ്ക്കും. ജസ്റ്റിസ് കെ.എം ജോസഫ് വിരമിച്ച പശ്ചാത്തലത്തില്‍ ജസ്റ്റിസ് നാഗരത്ന, ജസ്റ്റിസ് പ്രശാന്ത്കുമാര്‍ മിശ്ര തുടങ്ങിയവരുടെ ബെഞ്ചാണ് കേസ് കേള്‍ക്കുന്നത്. പ്രതികളെ കേസില്‍ കക്ഷി ചേര്‍ക്കാനുള്ള നിര്‍ദേശവും കോടതി നേരത്തെ നല്‍കിയിരുന്നു.
കേസിലെ പ്രതികളെ വിട്ടയക്കാനുള്ള ഗുജറാത്ത് സര്‍ക്കാരിന്റെ തീരുമാനം വലിയ വിവാദമായിരുന്നു. ബല്‍ക്കിസ് ബാനുവിനെ കൂടാതെ സി. പി. എം പോളിറ്റ് ബ്യൂറോ അംഗം സുഭാഷിണി അലി, തൃണമൂല്‍ കോണ്‍ഗ്രസ് എം. പി മഹുവ മൊയ്ത്ര, മാധ്യമ പ്രവര്‍ത്തക രേവതി ലൗള്‍, ആക്ടിവിസ്റ്റ് രൂപ് രേഖ വര്‍മ എന്നിവരാണ് ഗുജറാത്ത് സര്‍ക്കാരിന്റെ നടപടിയെ ചോദ്യം ചെയ്ത് ഹര്‍ജി നല്‍കിയത്. മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലാണ് സുഭാഷിണി അലിക്കായി ഹാജരാകുക.
2002ലെ ഗുജറാത്ത് വംശഹത്യക്കിടെ ബില്‍ക്കിസ് ബാനുവിനെ ബലാത്സംഗം ചെയ്യുകയും കുടുംബാംഗങ്ങളെ കൊലപ്പെടുത്തുകയും ചെയ്ത കേസിലെ 11 പ്രതികളെയണ് ജയില്‍ മോചിതരാക്കിയത്. സിബിഐ ഉള്‍പ്പെടെയുള്ള അന്വേഷണ ഏജന്‍സികളുടെ എതിര്‍പ്പ് മറികടന്ന് കേന്ദ്ര അഭ്യന്തര മന്ത്രാലയത്തിന്റെ അനുമതിയോടെ ഗുജറാത്ത് ബി.ജെ.പി സര്‍ക്കാര്‍ ഇവരെ മോചിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
2002-ലെ ഗുജറാത്ത് കലാപകാലത്ത് രക്ഷപ്പെടുന്നതിനിടെ ഗര്‍ഭിണിയായ ബില്‍ക്കിസ് ബാനുവിനെ കൂട്ടബലാത്സംഗം ചെയ്യുകയും മൂന്നു വയസ്സുള്ള മകളുള്‍പ്പെടെ കുടുംബത്തിലെ ഏഴുപേരെ കൂട്ടക്കൊല ചെയ്തെന്നുമാണ് കേസ്. ശിക്ഷിക്കപ്പെട്ട പ്രതികള്‍ മോചനം തേടി സുപ്രിം കോടതിയെ സമീപിച്ചത് കഴിഞ്ഞ വര്‍ഷമാണ്. ഗുജറാത്ത് സര്‍ക്കാരിനോട് വിഷയം പരിശോധിച്ച് തീരുമാനമെടുക്കാന്‍ സുപ്രിം കോടതി ഉത്തരവിട്ടത് കഴിഞ്ഞ മേയ് 13-നായിരുന്നു. ഈ ഉത്തരവാണ് ചില ഹര്‍ജികളില്‍ ചോദ്യം ചെയ്യുന്നത്. ബില്‍ക്കിസും ഈ ആവശ്യമുന്നയിച്ച് ഹര്‍ജി നല്‍കിയിരുന്നു. എന്നാല്‍, ഹര്‍ജി സുപ്രിം കോടതി തള്ളി. പിന്നീടാണ് അവര്‍ ഗുജറാത്ത് സര്‍ക്കാരിന്റെ തീരുമാനം ചോദ്യം ചെയ്ത് ഹര്‍ജി സമര്‍പ്പിച്ചത്. സുപ്രിം കോടതി വിഷയം പരിശോധിക്കാന്‍ ആവശ്യപ്പെട്ട് രണ്ടുമാസം കഴിഞ്ഞപ്പോള്‍ എല്ലാ പ്രതികളെയും വിട്ടയക്കാന്‍ ഗുജറാത്ത് സര്‍ക്കാര്‍ തീരുമാനിച്ചു. കഴിഞ്ഞ ഓഗസ്റ്റ് 15ന് 11 പ്രതികള്‍ മോചിതരായി.