Sorry, you need to enable JavaScript to visit this website.

സി.പി.എം സെമിനാറില്‍ പങ്കെടുക്കുമെന്ന് സമസ്തക്ക് പിന്നാലെ മുജാഹിദ് വിഭാഗവും

ടി.പി. അബ്ദുല്ലക്കോയ മദനി

കോഴിക്കോട്- ഏക സിവില്‍ കോഡ് വിഷയത്തിലെ സി.പി.എം സെ മിനാറില്‍ പങ്കെടുക്കുമെന്ന് സമസ്തക്ക് പിന്നാലെ മുജാഹിദ് വിഭാഗവും. കോഴിക്കോട് സി.ഡി. ടവറില്‍  ചേര്‍ന്ന കെ.എന്‍.എം ഔദ്യോഗിക വിഭാഗത്തിന്റെ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗമാണ് സെമിനാറില്‍ പങ്കെടുക്കുവാനുള്ള സി.പി.എമ്മിന്റെ ഔദ്യോഗിക ക്ഷണം സ്വീകരിക്കുവാന്‍ തീരുമാനിച്ചത്.
കെ.എന്‍.എം സംസ്ഥാന പ്രസിഡന്റ് ടി.പി. അബ്ദുല്ലക്കോയ മദനിയായിരിക്കും സംഘടനയെ പ്രതിനിധീകരിച്ച് സെമിനാറില്‍ പങ്കെടുക്കുക.
സമൂഹത്തെ മൊത്തത്തില്‍ ബാധിക്കുന്ന പ്രശ്‌നമായതുകൊണ്ട് സെമിനാറില്‍ പങ്കെടുക്കുവാനുള്ള ക്ഷണം സ്വീകരിക്കണമെന്ന തീരുമാനമാണ് സംഘടന എടുത്തതെന്ന് പ്രസിഡന്റ് ടി.പി. അബ്ദുല്ലക്കോയ മദനി ദൃശ്യമാധ്യമങ്ങളോട് പ്രതികരിച്ചു.
എന്നാല്‍ മുസ്്‌ലിം ലീഗ് പങ്കെടുക്കാതിരിക്കുന്നതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ അത് ലീഗിന്റെ തീരുമാനമാണെന്നും ഒരു രാഷ്ട്രീയ പാര്‍ട്ടി എന്ന നിലക്ക് അവര്‍ എടുത്ത തീരുമാനത്തില്‍ തെറ്റില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
മുജാഹിദ് ഔദ്യോഗിക വിഭാഗം പങ്കെടുക്കുവാന്‍ തീരുമാനിച്ചതോടെ മുജാഹിദ് (മര്‍ക്കസുദഅ്‌വ), വിസ്ഡം ഗ്രൂപ്പും ഇതേ പോലെ സെമിനാറില്‍ പങ്കെടുക്കുവാന്‍ തീരുമാനമെടുക്കുമെന്നു തന്നെയാണറിയുന്നത്. സമസ്ത എ.പി വിഭാഗം പൊതുവെ സി.പി.എം അനുകൂല നിലപാടിലുള്ളവരായതിനാല്‍ അവരും സെമിനാറിനെത്തും. ഇതോടെ സംസ്ഥാനത്തെ പ്രബല മുസ്ലിം സംഘടനകളെയെല്ലാം അണിനിരത്തി ഈ വിഷയത്തില്‍ തങ്ങള്‍ നടത്തുന്നതായിരിക്കും ആദ്യത്തെ സെമിനാര്‍ എന്നാണ് സി.പി.എം വൃത്തങ്ങള്‍ പ്രതീക്ഷിക്കുന്നത്.
എല്‍.ഡി.എഫിനോട് ഇടഞ്ഞു നില്‍ക്കുന്നതിനാല്‍ ജമാഅത്തെ ഇസ്്‌ലാമിയെ സെമിനാറിലേക്ക് സി.പി.എം ക്ഷണിക്കില്ല. ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ, എം.എസ്.എസ്, എം.ഇ.എസ് സംഘടനകളുടെ പ്രതിനിധികളും സെമിനാറിലുണ്ടാകും. നാളെസി.പി.എം കോഴിക്കോട്ട് ഇതു സംബന്ധമായ കാര്യങ്ങള്‍ വിശദീകരിക്കുവാനായി വാര്‍ത്താ സമ്മേളനം വിളിച്ചിട്ടുമുണ്ട്.

 

Latest News