ലാഹോര്‍- പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ശരീഫിനേയും മകള്‍ മറിയം നവാസിനേയും പോലീസ് അറസ്റ്റ് ചെയ്തു. ലണ്ടനില്‍നിന്ന് മടങ്ങി എത്തിയ ഇരുവരേയും ലാഹോര്‍ എയര്‍പോര്‍ട്ടില്‍ വെച്ചാണ് അറസ്റ്റ് ചെയ്തത്. രാജ്യം പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലേക്ക് നീങ്ങാന്‍ രണ്ടാഴ്ച മാത്രം ബാക്കിനില്‍ക്കെയാണ് അഴിമതിക്കേസില്‍ ജയില്‍ ശിക്ഷ വിധിക്കപ്പെട്ട നവാസ് ശരീഫും മകളും അറസ്റ്റിലാകുന്നത്. നിശ്ചിത സമയത്തിലും മൂന്ന് മണിക്കൂര്‍ വൈകി രാത്രി 9.15 ഓടെയാണ് ഇവര്‍ സഞ്ചരിച്ച വിമാനം ലാഹോറിലെ അല്ലാമാ ഇഖ്ബാല്‍ എയര്‍പോര്‍ട്ടില്‍ ഇറങ്ങിയത്. ഇത്തിഹാദ് എയര്‍വെയ്‌സിന്റെ ഇവൈ 243 വിമാനം അബുദാബിയില്‍നിന്നാണ് ലാഹോറിലെത്തിയത്. വിമാനത്തില്‍നിന്ന് ഇറങ്ങിയ ഉടന്‍ എയര്‍പോര്‍ട്ടിലുണ്ടായിരുന്ന അഴിമതി വിരുദ്ധ ഉദ്യോഗസ്ഥര്‍ ഇരുവരേയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.
നവാസ് ശരീഫിന്റെ ഉടമസ്ഥതയില്‍ ലണ്ടനിലുള്ള നാല് ആഡംബര ഫ്‌ളാറ്റുകളുമായി ബന്ധപ്പെട്ട് അഴിമതിക്കേസില്‍ ഈ മാസം ആറിനാണ് ശരീഫിനും മകള്‍ക്കും പാക്കിസ്ഥാനിലെ അക്കൗണ്ടബിലിറ്റി കോടതി ജയില്‍ ശിക്ഷ വിധിച്ചത്. 68 കാരനായ ശരീഫിന് പത്ത് വര്‍ഷവും 44 കാരിയായ മകള്‍ മറിയത്തിന് ഏഴു വര്‍ഷവുമാണ് തടവ് വിധിച്ചത്.