ലണ്ടന്‍-പണം അയച്ചു നല്‍കി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയില്‍ നിന്നും നഗ്നത പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങള്‍ ആവശ്യപ്പെട്ട അവതാരകനെ സസ്പെന്‍ഡ് ചെയ്ത് ബിബിസി. കുട്ടിയുടെ അമ്മയാണ് ആരോപണവുമായി രംഗത്തെത്തിയത്. മൂന്ന് വര്‍ഷമായി അവതാരകന്‍ കുട്ടിക്ക് ബാങ്ക് വഴി പണം അയച്ചുനല്‍കി ചിത്രങ്ങള്‍ ആവശ്യപ്പെടുന്നുണ്ടെന്ന് അമ്മ ആരോപിച്ചു.
പെണ്‍കുട്ടിക്ക് 17 വയസായിരുന്ന 2020 മുതല്‍ ഇത്തരത്തില്‍ ചിത്രങ്ങള്‍ ആവശ്യപ്പെടുന്നുണ്ടെന്നാണ് വിവരം. ഇതുവരേയും പെണ്‍കുട്ടിയുടെ അക്കൗണ്ടിലേക്ക് 37 ലക്ഷം രൂപ അയച്ചു കൊടുത്തിട്ടുണ്ടെന്ന് 'ദി സണ്‍' പത്രം റിപ്പോര്‍ട്ട് ചെയ്തു. അതേസമയം മെയ് മാസത്തിലാണ് ആദ്യമായി വിഷയം ശ്രദ്ധയില്‍പ്പെടുന്നതെന്ന് ബിബിസി അറിയിച്ചു. ഇക്കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് പുതിയ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. സംഭവത്തില്‍ ആഭ്യന്തര അന്വേഷണം നടത്തിയതിനൊപ്പം പ്രോട്ടോകോള്‍ പാലിച്ചുള്ള നടപടികളും സ്വീകരിച്ച് വരികയാണെന്ന് ബിബിസി പ്രതികരിച്ചു. ഇതിന്റെ ഭാഗമായാണ് അവതാരകനെ സസ്പെന്‍ഡ് ചെയ്തത്.
എന്നാല്‍ മെയ് മാസത്തില്‍ ആരോപണം ഉയര്‍ന്ന ശേഷവും അവതാരകന്‍ ചാനലില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ടെന്ന് വിമര്‍ശനമുയര്‍ന്നു. പിന്നാലെ തങ്ങളല്ല ആ അവതാരകന്‍ എന്ന നിലയ്ക്ക് ബിബിസി അവതാരകര്‍ ട്വിറ്ററില്‍ പരസ്യപ്രസ്താവനകള്‍ ഇറക്കുന്ന സാഹചര്യമുണ്ടായി. സംഭവത്തെ അപലപിച്ച യുകെ സാംസ്‌കാരിക മന്ത്രി ലൂസി ഫ്രേസര്‍, വിഷയം ബിബിസി ഡയറക്ടര്‍ ജനറല്‍ ടിം ഡേവിയുമായി സംസാരിച്ചിരുന്നുവെന്നും വിഷയത്തില്‍ സുതാര്യമായ അന്വേഷണം നടത്തുമെന്ന ഉറപ്പ് ബിബിസി നല്‍കിയെന്നും അറിയിച്ചു.