ഹായില്‍ - ദിവസങ്ങള്‍ക്കു മുമ്പ് ഹായിലില്‍ ശരവേഗത്തിലുള്ള കാര്‍ നിയന്ത്രണം വിട്ട് പിറകില്‍ ഇടിച്ചതിന്റെ ആഘാതത്തില്‍ കാറില്‍ തീ പടര്‍ന്നുപിടിച്ച് പോലീസ് ഉദ്യോഗസ്ഥന് സനദ് ജലാല്‍ അല്ഈദാ വെന്തുമരിച്ച കേസില്‍ അപകടത്തിന് കാരണക്കാരനായ യുവാവിന് മാപ്പ് നല്‍കിയതായി സനദിന്റെ സഹോദരന് അറിയിച്ചു.
സഹോദരന്റെ മയ്യിത്ത് മറവു ചെയ്യുന്നതിനു മുമ്പു തന്നെ അപകടമുണ്ടാക്കിയ യുവാവിന് തങ്ങള്‍ മാപ്പ് നല്‍കിയിരുന്നു. ദൈവീക പ്രീതി മാത്രം കാംക്ഷിച്ച് യുവാവിന് മാപ്പ് നല്‍കുന്നതായി യുവാവിന്റെ മാതാവിനെയും തന്റെ മാതാവ് അറിയിച്ചിട്ടുണ്ടെന്ന് സനദിന്റെ സഹോദരന് പറഞ്ഞു.
അപകടത്തിന് കാരണക്കാരനായ യുവാവിനെ ട്രാഫിക് പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഹായില്‍ അഖ്ദ മേല്പാലത്തിലൂടെ ശരവേഗത്തില്‍ മറ്റു വാഹനങ്ങളെ മറികടന്ന് കുതിച്ചുപാഞ്ഞ കാര്‍ നിയന്ത്രണം വിട്ട് മറ്റൊരു കാറിന്റെ പിന്നില്‍ ശക്തിയില്‍ ഇടിക്കുകയും ഇതിന്റെ ആഘാതത്തില്‍ രണ്ടാമത്തെ കാറില്‍ തീ പടര്‍ന്നുപിടിക്കുകയുമായിരുന്നു. അപകടത്തിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ മറ്റൊരു കാറിലെ ഡാഷ് ക്യാം ചിത്രീകരിച്ചിരുന്നു. ഈ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.