Sorry, you need to enable JavaScript to visit this website.

എന്തുകൊണ്ട് ഫ്രാൻസ്? എന്തുകൊണ്ട് ക്രൊയേഷ്യ?

ലൂക മോദ്‌റിച്, ഗോൾഡൻ ബോൾ?
ബെഞ്ചമിൻ മെൻഡിയും പോഗ്ബയും

എന്തുകൊണ്ട് ക്രൊയേഷ്യ?

ദുർഘട പാത
ദുർഘടമായ പാത തരണം ചെയ്താണ് ക്രൊയേഷ്യ ഫൈനലിലെത്തിയത്. ഗ്രൂപ്പ് ഘട്ടത്തിൽ ലിയണൽ മെസ്സിയുടെ അർജന്റീനയെ തോൽപിച്ചു. ഗ്രൂപ്പ് ഘട്ടത്തിലെ മൂന്നു മത്സരങ്ങളും ജയിച്ചു. പ്രി ക്വാർട്ടറിൽ ഡെന്മാർക്കിനെ കീഴടക്കാൻ ഷൂട്ടൗട്ട് വരെ കളിക്കേണ്ടി വന്നു. ക്വാർട്ടറിൽ ആതിഥേയരായ റഷ്യയായിരുന്നു എതിരാളികൾ. വീണ്ടും ഷൂട്ടൗട്ടിലാണ് ജയിച്ചു കയറിയത്. ഇംഗ്ലണ്ടിന്റെ യുവനിരയെ സെമി ഫൈനലിൽ കീഴടക്കാൻ മറ്റൊരു എക്‌സ്ട്രാ ടൈം കളിച്ചു. 
പുതിയ അവകാശികൾ
ഫ്രാൻസ് ലോകകപ്പ് നേടുമെന്ന് പ്രവചിച്ചവർ ഏറെ. എന്നാൽ എല്ലാ പ്രവചനക്കാരുടെയും കണക്ക് തെറ്റിച്ചു ക്രൊയേഷ്യ. എട്ട് ടീമുകൾ മാത്രമേ ഇതുവരെ ലോകകപ്പ് നേടിയിട്ടുള്ളൂ. അതിലൊന്ന് ഫ്രാൻസാണ്. ക്രൊയേഷ്യ ജയിക്കുമ്പോൾ ലോകകപ്പിന് പുതിയ അവകാശികളാവും. അത് ഫുട്‌ബോളിലേക്ക് പുതിയ തലമുറയെയും പുതിയ മേഖലയെയും ആകർഷിക്കും. 
കൊച്ചു രാജ്യം
1950 നു ശേഷം ഇത്ര ചെറിയൊരു രാജ്യം ലോകകപ്പിന്റെ ഫൈനലിലെത്തിയിട്ടില്ല. വെറും 41 ലക്ഷമാണ് ജനസംഖ്യ. മലപ്പുറം ജില്ലയുടെ ജനസംഖ്യക്കു തുല്യം. 1930 ലും 1950 ലും ലോകകപ്പ് നേടിയ ഉറുഗ്വായ് മാത്രമാണ് ഇതിനേക്കാൾ ജനസംഖ്യ കുറഞ്ഞ രാജ്യം. വലിയ പ്രായമില്ലാത്ത രാജ്യമാണ് ക്രൊയേഷ്യ. 1991 ലാണ് യൂഗോസ്ലാവ്യയിൽ നിന്ന് വേറിട്ടു വന്നത്. തൊണ്ണൂറുകളിലെ ബാൾക്കൻ യുദ്ധത്തിൽ ആയിരക്കണക്കിന് ക്രൊയേഷ്യക്കാർ കൊല്ലപ്പെട്ടിരുന്നു. 
ടൂറിസം
വശ്യമനോഹരമായ ബീച്ചുകളും ദ്വീപുകളുമേറെയുണ്ട് അഡ്രിയാറ്റിക് തീരത്തുള്ള ക്രൊയേഷ്യയിൽ. ക്രൊയേഷ്യയുടെ ജി.ഡി.പിയുടെ നാലിലൊന്ന് ടൂറിസത്തിൽ നിന്നാണ്. ക്രൊയേഷ്യയുടെ വിജയം ആ രാജ്യത്തേക്കുള്ള ടൂറിസം വർധിപ്പിക്കും. 
മോദ്‌റിച്ചിന് ഗോൾഡൻ ബോൾ
എത്ര സമ്മർദ്ദം സൃഷ്ടിച്ചും മോദ്‌റിച്ചിനെ കൊണ്ട് ഒരു പിഴവ് വരുത്തിക്കാൻ കഴിയില്ല. ഡെന്മാർക്കിനെതിരെ പെനാൽട്ടി പാഴാക്കിയ മോദ്‌റിച് ഷൂട്ടൗട്ടിൽ ധീരമായി പെനാൽട്ടി എടുക്കാൻ മുന്നോട്ട് വന്നു. നന്നായി ഒന്ന് ഊതിയാൽ പറന്നുപോവുന്ന ശരീരമേയുള്ളൂ മോദ്‌റിച്ചിന്. പക്ഷേ പന്ത് കിട്ടിയാൽ മോദ്‌റിച്ചിന് സാധിക്കാത്തതായി ഒന്നുമില്ല. ക്രൊയേഷ്യയിൽ അഞ്ച് വർഷത്തെ ജയിൽ ശിക്ഷ നേരിടുകയാണ് മോദ്‌റിച്. ഫുട്‌ബോൾ ഫെഡറേഷൻ ഭാരവാഹി ഉൾപ്പെട്ട സാമ്പത്തിക തിരിമറി കേസിൽ കള്ള സാക്ഷി പറഞ്ഞു എന്നാണ് ആരോപണം. 
ആത്മസമർപ്പണം
കുടുംബം പോലെയാണ് ക്രൊയേഷ്യൻ ടീം. വിജയത്തിനായി പരസ്പരം ഏതറ്റം വരെയും പോകാൻ കളിക്കാർ തയാറാണ്. തുടർച്ചയായ മൂന്നു കളി എക്‌സ്ട്രാ ടൈമിലേക്ക് നീണ്ടിട്ടും സബ്സ്റ്റിറ്റിയൂഷന് തയാറാവാതെ കളിക്കാർ പൊരുതി. മൂന്നു തവണയും ആദ്യം ഗോൾ വഴങ്ങിയ ശേഷമാണ് അവർ പൊരുതി ജയിച്ചത്. 
മികച്ച മധ്യനിര
വലിയ അനുഭവ സമ്പത്തുള്ളതാണ് ക്രൊയേഷ്യയുടെ മധ്യനിര. ബാഴ്‌സലോണയിലും റയൽ മഡ്രീഡിലും ഇന്റർ മിലാനിലും യുവന്റസിലും ലിവർപൂളിലുമൊക്കെ വർഷങ്ങൾ ചെലവിട്ട പരിചയമുണ്ട് അവർക്ക്. മോദ്‌റിച്ചിനു പുറമെ ഇവാൻ റാകിറ്റിച്ചും മാരിയൊ മൻസൂകിച്ചും ഇവാൻ പെരിസിച്ചും മാറ്റിയൊ കൊവാസിചും ദേജാൻ ലോവ്‌റേനുമൊക്കെ സ്വന്തം ക്ലബ്ബുകളിൽ ഫസ്റ്റ് ഇലവനിൽ സ്ഥിരം സാന്നിധ്യമാണ്. 

 

എന്തുകൊണ്ട് ഫ്രാൻസ്?

മാരിവിൽ മനോഹാരിത
20 വർഷം മുമ്പ് ഫ്രാൻസ് ലോകകപ്പ് നേടിയത് ആ രാജ്യത്തിന്റെ സാംസ്‌കാരിക വൈവിധ്യം വിളിച്ചോതിയാണ്. വെള്ളക്കാരനു മാത്രമാണ് മഹിമയെന്ന വംശീയ വിദ്വേഷം പ്രചരിപ്പിച്ച തീവ്ര വലതുപക്ഷത്തിനേറ്റ കനത്ത തിരിച്ചടിയായിരുന്നു ആ വിജയം. വടക്കെ ആഫ്രിക്ക, പടിഞ്ഞാറെ ആഫ്രിക്ക, കരീബിയ, പസഫിക് ദ്വീപുകൾ, ആർമീനിയ, ബാസ്‌ക് തുടങ്ങിയ പ്രദേശങ്ങളിൽ വേരുകളുള്ള കളിക്കാരായിരുന്നു ടീമിലേറെയും. യൂറോപ്പിൽ തീവ്ര വലതുപക്ഷം അഭയാർഥികൾക്കെതിരെ വിഷം ചീറ്റുമ്പോൾ സാംസ്‌കാരിക വൈവിധ്യത്തിന്റെ മറ്റൊരു ഫ്രഞ്ച് നിര ലോകകപ്പ് നേടേണ്ടതുണ്ട്. 23 കളിക്കാരിൽ 17 പേരും ആദ്യ തലമുറ കുടിയേറ്റ കുടുംബങ്ങളിലെ മക്കളാണ്. 
എംബാപ്പെയുടെ ചിരി
ഏതു വീട്ടിലുമുണ്ടാവും കീലിയൻ എംബാപ്പെയെ പോലൊരു കുട്ടി. വെറും 19 വയസ്സുകാരൻ. ഈ ടൂർണമെന്റിന്റെ കളിക്കാരനെന്ന് എംബാപ്പെയെ വിശേഷിപ്പിക്കാം. 1958 ൽ പെലെയാണ് അവസാനമായി ഒരു ലോകകപ്പ് മത്സരത്തിൽ ഒന്നിലേറെ ഗോളടിച്ച കൗമാരക്കാരൻ. അർജന്റീനക്കെതിരെ എംബാപ്പെ അത് ആവർത്തിച്ചു. ബെൽജിയത്തിനെതിരെ പിൻകാലു കൊണ്ട് ഒലീവിയർ ജീരൂവിന് എംബാപ്പെ പന്ത് തള്ളിക്കൊടുത്ത രീതി ഇന്റർനെറ്റിനെ പിടിച്ചുകുലുക്കി. ലിയണൽ മെസ്സിയും ക്രിസ്റ്റ്യാനൊ റൊണാൾഡോയും ഒഴിച്ചിടുന്ന സിംഹാസനത്തിന് അവകാശമുന്നയിക്കാൻ കിരീട വിജയം എംബാപ്പെയെ സഹായിക്കും.
സുഗമമായ മുന്നേറ്റം
പ്രതിസന്ധികളില്ലാതെയാണ് ഫ്രാൻസ് ഫൈനലിലേക്ക് കുതിച്ചെത്തിയത്. ഗ്രൂപ്പ് ചാമ്പ്യന്മാരായിരുന്നു അവർ. നോക്കൗട്ടിൽ കൂടുതൽ കരുത്തരായ അർജന്റീനയെയും ഉറുഗ്വായ്‌യെയും ബെൽജിയത്തെയും നിശ്ചിത സമയത്ത് തന്നെ തോൽപിച്ചു. ഫൈനലിനു മുമ്പ് ക്രൊയേഷ്യയേക്കാൾ ഒരു ദിവസം കൂടുതൽ വിശ്രമം കിട്ടി. ക്രൊയേഷ്യക്ക് താരതമ്യേന ദുർബലരായ ഡെന്മാർക്കിനെയും റഷ്യയെയും ഇംഗ്ലണ്ടിനെയുമൊന്നും നിശ്ചിത സമയത്ത് തോൽപിക്കാനായില്ല. 
സന്തുലിതമായ ടീം
ഏറ്റവും മികച്ച ഇലവൻ ഫ്രാൻസിന്റേതാണ്. മികച്ച ഗോൾകീപ്പർ, യുവത്വവും പരിചയ സമ്പത്തും ഒത്തിണങ്ങിയ സെൻട്രൽ ഡിഫന്റർമാർ. റഫായേൽ വരാൻ റയൽ മഡ്രീഡിലും സാമുവേൽ ഉംറ്റിറ്റി ബാഴ്‌സലോണയിലും പിൻനിരക്ക് ചുക്കാൻ പിടിക്കുന്നവരാണ്. പോൾ പോഗ്ബയും എൻഗാലൊ കാണ്ടെയും അണിനിരക്കുന്ന മധ്യനിര. എംബാപ്പെയും ഗ്രീസ്മാനും നയിക്കുന്ന ആക്രമണം. എന്നാൽ ഇംഗ്ലണ്ടിനെതിരായ ആദ്യ പകുതിയിൽ ക്രൊയേഷ്യ ആടിയുലഞ്ഞു. മൂന്നു കളിയിലും എക്‌സ്ട്രാ ടൈമിൽ ഭാഗ്യം അവരെ തുണച്ചു. തുടക്കം മുതലുള്ള കളികളെടുത്താൽ വെറും ഒമ്പത് മിനിറ്റേ ഫ്രാൻസ് പിന്നിലായിട്ടുള്ളൂ. 48 തവണ കാണ്ടെ പന്ത് പിടിച്ചെടുത്തു. ഗോളി ഹ്യൂഗൊ ലോറിസ് പോസ്റ്റിലേക്ക് വന്ന അവസാന ഏഴ് ഷോട്ടും രക്ഷിച്ചു. ലോകകപ്പിൽ 10 മത്സരങ്ങളിലെങ്കിലും ടീമിനെ പരിശീലിപ്പിച്ചവരിൽ ഏറ്റവും വിജയ ശതമാനം ദീദിയർ ദെഷോമിനാണ് -73 ശതമാനം. ഫ്രാൻസ് ജയിച്ചാൽ കളിക്കാരനെന്ന നിലയിലും കോച്ചെന്ന നിലയിലും ലോകകപ്പ് നേടിയ മൂന്നാമത്തെ വ്യക്തിയാവും ദെഷോം. 
വൈവിധ്യം, ടീം സ്പിരിറ്റ്
ഡിഫന്റർമാരും മിഡ്ഫീൽഡർമാരും സ്‌ട്രൈക്കർമാരുമൊക്കെ ഗോളടിച്ചു. ഗോളടിച്ചാൽ ആദ്യമോടിയെത്തുന്നത് സബ്സ്റ്റിറ്റിയൂട്ടുകളാണെന്നത് ടീമിലെ ഐക്യം വിളിച്ചോതുന്നു. മൂന്നാം ഗോളി മുതൽ സുരക്ഷാ ചീഫ് വരെ, ക്യാപ്റ്റൻ മുതൽ അസിസ്റ്റന്റ് മാനേജർ വരെ എല്ലാവരുടെയും മനസ്സിൽ വിജയം മാത്രമേയുള്ളൂ. 
സമാശ്വാസം
2006 ൽ ഇറ്റലിക്കെതിരായ ഫൈനലിൽ അവർ ജയിക്കാതിരുന്നത് നിർഭാഗ്യം കൊണ്ടാണ്. ലീഡ് നേടിയ ശേഷം സിനദിൻ സിദാന്റെ ചുവപ്പ് കാർഡ് കളി കീഴ്‌മേൽ മറിച്ചു. ഷൂട്ടൗട്ടിലാണ് തോറ്റത്. 2016 ൽ സ്വന്തം നാട്ടിൽ അവർ യൂറോ കപ്പ് ജയിക്കുമെന്ന് കരുതിയതായിരുന്നു. ഫൈനലിൽ പോർചുഗലിനോട് തോറ്റു. ഇത്തവണ അവർ കിരീടം അർഹിക്കുന്നുണ്ട്. 

 

Latest News