ബംഗളൂരു- കര്‍ണാടകയില്‍ വില്‍പനക്കായി മാര്‍ക്കറ്റിലേക്ക് കൊണ്ടുപോകുകയായിരുന്ന 2000 കിലോഗ്രാം തക്കാളി കവർച്ച ചെയ്തു. വഴിയിൽ തഞ്ഞു നിർത്തി വാഹനവുമായി മോഷണ സംഘം കടന്നുകളയുകയായിരുന്നു. ഡ്രൈവറെയും കര്‍ഷകനെയും മര്‍ദ്ദിച്ച ശേഷമാണ് മൂന്നംഗ സംഘം കവര്‍ച്ച നടത്തിയതെന്ന് പോലീസ് പറഞ്ഞു. ബംഗളൂരുവിലാണ് സംഭവം. കര്‍ണാടകയില്‍ ഒരു കിലോഗ്രാം തക്കാളിക്ക് 120നും 150നും ഇടയിലാണ് വില. അടുത്തിടെയാണ് തക്കാളി വില കുതിച്ചുയര്‍ന്നത്.
ചിത്രദുര്‍ഗയിലെ ഹിരിയൂര്‍ ടൗണില്‍ നിന്ന് കോലാര്‍ മാര്‍ക്കറ്റിലേക്ക് കര്‍ഷകന്‍ തക്കാളി കൊണ്ടുപോകുന്നതിനിടെയാണ് കവര്‍ച്ച. തക്കാളിയുമായി പോയ വാഹനത്തെ അക്രമി സംഘം പിന്തുടര്‍ന്നു. തക്കാളിയുമായി വന്ന വാഹനം തങ്ങളുടെ കാറില്‍ തട്ടിയെന്ന് പറഞ്ഞാണ് അക്രമി സംഘം തടഞ്ഞുനിര്‍ത്തി കര്‍ഷകനെയും ഡ്രൈവറെയും മര്‍ദ്ദിച്ചതെന്ന് പൊലീസ് പറയുന്നു. ഇതിന് പുറമേ അക്രമി സംഘം നഷ്ടപരിഹാരം ആവശ്യപ്പെടുകയും ചെയ്തു. അക്രമി സംഘം പറഞ്ഞത് അനുസരിച്ച് ഓണ്‍ലൈനായി ആവശ്യപ്പെട്ട തുക കൈമാറുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ തക്കാളി ഉണ്ടായിരുന്ന വാഹനത്തിൽ കയറി അക്രമികള്‍ രക്ഷപ്പെടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് അക്രമികളെ കുറിച്ച് വിവരം ലഭിച്ചതായി പോലീസ് പഞ്ഞു.