ന്യൂദല്‍ഹി- വ്യാജ അക്കൗണ്ടുകള്‍ക്കെതിരെ ട്വിറ്റര്‍ നടപടികള്‍ ശക്തമാക്കിയത് ലക്ഷണക്കണക്കിന് ഫോളോവേഴ്സുള്ള ട്വിറ്റര്‍ താരങ്ങളായ രാഷ്ട്രീയ നേതാക്കള്‍ക്ക് വലിയ തിരിച്ചടിയായി. ട്വിറ്ററില്‍ ലോകത്തു തന്നെ ഏറ്റവും കൂടുതല്‍ ഫോളോവേഴ്സുള്ളവരില്‍ ഒരാളായ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അക്കൗണ്ടിനും ഈ നീക്കം തിരിച്ചടിയായി. ഏറ്റവും വലിയ നഷ്ടം മോഡിയുടെ രണ്ടു അക്കൗണ്ടുകളില്‍ നിന്ന് നാലു ലക്ഷത്തിലേറെ ഫോളോവേഴ്സാണ് ഒറ്റയടിക്ക് അപ്രത്യക്ഷമായത്. സോഷ്യല്‍ ബ്ലേഡ് എന്ന ഏജന്‍സിയുടെ റിപ്പോര്‍ട്ട് പറയുന്നത് 4.3 കോടി ഫോളോവേഴ്സുള്ള നരേന്ദ്ര മോഡി (@narendramodi) എന്ന അക്കൗണ്ടില്‍ നിന്ന് ഒറ്റ ദിവസം 2.84 ലക്ഷം പേരാണ് ഇല്ലാതായത്. പിഎംഒ ഇന്ത്യ (@PMOIndia) എന്ന പ്രധാനമന്ത്രിയുടെ ഔദ്യോഗിക അക്കൗണ്ടില്‍ നിന്ന് 1.40 ലക്ഷം പേരും അപ്രത്യക്ഷരായി. ഏറ്റവും വലിയ ഫോളോവേഴ്സ് നഷ്ടമുണ്ടായ മറ്റൊരു രാഷ്ട്രീയ നേതാവ് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എംപിയാണ്. 65 ലക്ഷം ഫോളോവേഴ്സുള്ള തരൂരിന്റെ അ്ക്കൗണ്ടില്‍ നിന്നും 1.51 ലക്ഷം പേരെ ഒറ്റയടിക്ക് കാണാതായി.
ബിജെപി നേതാക്കളുടെ ഫോളോവേഴ്സാണ് വന്‍തോതില്‍ കുറഞ്ഞത്. സുഷമ സ്വരാജിന് 74,132 ഫോളോവേഴ്സ് നഷ്ടമായപ്പോള്‍ അമിത് ഷായ്ക്ക് 33,363 പേരാണ് ഇല്ലാതായത്. അരുണ്‍ ജെയ്റ്റ്ലിയുടെ 51,324 ഫോളോവേഴ്സും ബിജെപിയുടെ ഔദ്യോഗിക അക്കൗണ്ടില്‍ നിന്ന് 40,787 ഫോളോവേഴ്സും ഇല്ലാതായി. 72 ലക്ഷത്തിലേറെ ഫോളോവേഴ്സുള്ള കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് 17,503 പേരെ മാത്രമാണ് നഷ്ടമായത്.
വിശ്വാസ്യത വര്‍ധിപ്പിക്കുന്നതിന് ട്വിറ്റര്‍ കഴിഞ്ഞ ദിവസമാണ് നടപടി സ്വീകരിച്ചു തുടങ്ങിയത്. ഇതിന്റെ ഭാഗമായി വ്യാജ, ഓട്ടോമാറ്റഡ് അക്കൗണ്ടുകള്‍ക്കെതിരെ നടപടി ശക്തമാക്കിയിരിക്കുകയാണ്. സംശയകരമായ അക്കൗണ്ടുകള്‍ ഫീഡില്‍ നിന്നും മറച്ചുവച്ച് കാഴ്ച പരിമിതപ്പെടുത്തുന്നുമുണ്ട്. ലോകത്തുടനീളം കമ്പനി ഈ നടപടി സ്വീകരിച്ചുവരികയാണെന്ന് ട്വിറ്റര്‍ സിഇഒ ജാക്ക് ഡോര്‍സി പറഞ്ഞു. ഡോര്‍സിക്കും രണ്ടു ലക്ഷത്തോളം ഫോളോവേഴ്സിനെ നഷ്ടമായി.