ന്യൂദല്‍ഹി- മണിപ്പൂരില്‍ അക്രമങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ സുപ്രീം കോടതിയുടെ വേദി ഉപയോഗിക്കരുതെന്ന് കോടതി. 'സംസ്ഥാനം സ്വീകരിക്കുന്ന നടപടികള്‍ നിരീക്ഷിക്കാനും കൂടുതല്‍ നടപടികളുണ്ടെങ്കില്‍ ചില ഉത്തരവുകള്‍ പാസാക്കാനും മാത്രമേ ഞങ്ങള്‍ക്ക് കഴിയൂ. സുരക്ഷാ സംവിധാനങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ഞങ്ങള്‍ക്ക് കഴിയില്ല- മണിപ്പൂരിനെക്കുറിച്ച പൊതുതാല്‍പര്യ ഹരജികളില്‍ സുപ്രീം കോടതി പരാമര്‍ശിച്ചു. മണിപ്പൂര്‍ സര്‍ക്കാര്‍ സ്ഥിതിഗതികളെക്കുറിച്ചുള്ള ഏറ്റവും പുതിയ സ്റ്റാറ്റസ് റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു. അതേക്കുറിച്ചുള്ള വാദം ചൊവ്വാഴ്ച പുനരാരംഭിക്കും.
മണിപ്പൂരിലെ അക്രമവുമായി ബന്ധപ്പെട്ട കേസുകള്‍ തിങ്കളാഴ്ച സുപ്രീം കോടതി പരിഗണിച്ചപ്പോഴാണ് പരാമര്‍ശം. മണിപ്പൂരിലെ സ്ഥിതി മാനുഷിക പ്രശ്നമാണെന്ന് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് ഹരജിക്കാരോട് പറഞ്ഞു; 'ഇതൊരു പക്ഷപാതപരമായ കാര്യമായി കാണരുത്'.
ഏതൊരു തെറ്റായ വിവരവും സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കുമെന്നതിനാല്‍ ഹരജിക്കാര്‍ അതീവ ജാഗ്രതയോടെ വിഷയം കൈകാര്യം ചെയ്യാമെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞു. മണിപ്പൂരിലെ സ്ഥിതിഗതികള്‍ ഗുരുതരാവസ്ഥയിലാണെന്ന് ഹരജിക്കാര്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കോളിന്‍ ഗോണ്‍സാല്‍വസ് പറഞ്ഞപ്പോള്‍, കൃത്യമായ നിര്‍ദ്ദേശവുമായി ഇവിടെ വരൂ എന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് പറഞ്ഞു.
ക്രമസമാധാന ചുമതല ഏറ്റെടുക്കാന്‍ ഞങ്ങള്‍ക്കാകില്ല,' ചീഫ് ജസ്റ്റിസ് ഗോണ്‍സാല്‍വസിനോട് പറഞ്ഞു. 'സംസ്ഥാനത്ത് നിലനില്‍ക്കുന്ന അക്രമങ്ങളും മറ്റ് പ്രശ്‌നങ്ങളും കൂടുതല്‍ വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഒരു വേദിയായി ഈ നടപടി ഉപയോഗിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. സുരക്ഷ, ക്രമസമാധാന പ്രശ്‌നങ്ങളില്‍ നിര്‍ദ്ദേശങ്ങളുണ്ടെങ്കില്‍ സ്വീകരിക്കാമെന്നും കോടതി പറഞ്ഞു.