ലഖ്‌നൗ- ഏഷ്യയിലെ ഏറ്റവും സാക്ഷരതയുള്ള ഗ്രാമം ഇന്ത്യയിലാണെന്ന് റിപ്പോര്‍ട്ട്. എന്നാല്‍ ഇത് ഇന്ത്യയില്‍ ഏറ്റവും ആദ്യം സമ്പൂര്‍ണ്ണ സാക്ഷരത കൈവരിച്ച കേരളത്തിലല്ല. 'ധോറ മാഫി' എന്ന ഈ ഗ്രാമം ഉത്തര്‍പ്രദേശിലെ അലിഗഡ് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്. അലിഗഡ് വിവിധങ്ങളായ വ്യവസായങ്ങള്‍ക്കും പ്രശസ്തമായ അലിഗഡ് മുസ്‌ലിം സര്‍വകലാശാലയ്ക്കും പേരുകേട്ട ജില്ലയാണ്. 2002-ലാണ് ഈ ഗ്രാമം ഏഷ്യയിലെ ഏറ്റവും സാക്ഷരതയുള്ള ഗ്രാമമായി 'ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്'സില്‍ ഇടംപിടിച്ചത്. നിരവധി ശാസ്ത്രജ്ഞരെയും ഡോക്ടര്‍മാരെയും എഞ്ചിനീയര്‍മാരെയും പ്രൊഫസര്‍മാരെയും ഐഎഎസ് ഉദ്യോഗസ്ഥരെയും ഈ ഗ്രാമം രാജ്യത്തിന് സംഭാവന ചെയ്തിട്ടുണ്ട്. 75 ശതമാനത്തിലധികമാണ് ഈ ഗ്രാമത്തിലെ സാക്ഷരതാ നിരക്ക്.
24 മണിക്കൂറും വൈദ്യുതിയും ജലവിതരണവും ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളും കോളേജുകളുമുള്ള രാജ്യത്തെ ഏറ്റവും വികസിത ഗ്രാമങ്ങളിലൊന്നാണ് ഇന്ന് ധോറ മാഫി. ഈ ഗ്രാമത്തിലെ ജനസംഖ്യ ഏകദേശം പതിനായിരം മുതല്‍ പതിനൊന്നായിരം വരെയാണ്. ഇവിടുത്തെ 80 ശതമാനം കുടുംബങ്ങളിലും ഒരാളെങ്കിലും കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ജീവനക്കാരാണെന്നതാണ് അടുത്ത പ്രത്യേകത. ഗ്രാമത്തിലെ മുതിര്‍ന്നവരില്‍ ഭൂരിഭാഗം ആളുകളും സ്വന്തമായി ജോലി ഉള്ളവരാണെന്നതും ഈ ഗ്രാമത്തെ വ്യത്യസ്തമാക്കുന്നു. ഗ്രാമത്തിലെ മുഴുവന്‍ കുട്ടികള്‍ക്കും വിദ്യാഭ്യാസം നല്‍കുന്ന കാര്യത്തിലും ഈ ഗ്രാമം മുന്‍പന്തിയിലാണ്.