കൊല്‍ക്കത്ത- തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ വ്യാപക അക്രമം നടന്ന പശ്ചിമ ബംഗാളിലെ വിവിധ ജില്ലകളിലെ എഴുന്നൂറോളം ബൂത്തുകളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ റീപോളിംഗ് പ്രഖ്യാപിച്ചു. തിങ്കളാഴ്ചയാണ് വോട്ടെടുപ്പ് നടക്കുക.
സംഘര്‍ഷം രൂക്ഷമായ ജില്ലകളിലെ ബൂത്തുകളിലാണ് വീണ്ടും തെരഞ്ഞെടുപ്പ് നടക്കുന്നത്. ഏറ്റവുമധികം റീപോളിംഗ് നടക്കുന്നത് മുര്‍ഷിദാബാദ് ജില്ലയിലാണ്. ഇവിടെ 175 ബൂത്തുകളിലാണ് വീണ്ടും തെരഞ്ഞെടുപ്പ് നടക്കുക. മാള്‍ഡ ജില്ലയില്‍ 112 ബൂത്തുകളില്‍ റീ പോളിംഗ് നടക്കും. നാദിയയില്‍ 89 ബൂത്തുകളിലും നോര്‍ത്ത് പര്‍ഗാനാസില്‍ 46, സൗത്ത് 24 പര്‍ഗാനാസില്‍ 36 എന്നിങ്ങനെയാണ് റീപോളിംഗ് നടക്കുന്ന ബൂത്തുകള്‍.
കേന്ദ്ര സേനയെ വിന്യസിക്കാത്തതാണ് അക്രമത്തിന് കാരണമെന്നും മമതാ ബാനര്‍ജിയാണ് ഉത്തരവാദിയെന്നും ബി. ജെ. പി ആരോപിച്ചു. കേന്ദ്ര സേനയെ വിന്യസിച്ചുവെന്നും അതിക്രമങ്ങള്‍ അരങ്ങേറിയെന്നും പ്രതികരിച്ച തൃണമൂല്‍ കോണ്‍ഗ്രസ് 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കേന്ദ്ര സേനയുടെ വെടിയേറ്റ് നാലുപേര്‍ കൊല്ലപ്പെട്ടുവെന്നും ചൂണ്ടിക്കാട്ടി.
അതിനിടെ പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സി. വി. ആനന്ദബോസ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുമായി കൂടിക്കാഴ്ച നടത്താന്‍ ദല്‍ഹിയിലേക്ക് പോയി.