ഉജ്ജയിന്‍- മധ്യപ്രദേശിലെ ഉജ്ജയിന്‍ ജില്ലയിലെ ഒരു ഗ്രാമത്തില്‍ ദളിത് ആണ്‍കുട്ടികള്‍ ഉന്നത ജാതിക്കാരായ പെണ്‍കുട്ടികളെ കളിയാക്കിയത് പ്രദേശത്ത് സംഘര്‍ഷാവസ്ഥയ്ക്ക് കാരണമായി. പ്രദേശത്ത് കൂടുതല്‍ സുരക്ഷാ സേനയെ വിന്യസിച്ചിരിക്കയാണെന്ന് പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.ഉജ്ജയിന്‍ ജില്ലാ ആസ്ഥാനത്ത് നിന്ന് 30 കിലോമീറ്റര്‍ അകലെയുള്ള ഗുര്‍ള ഗ്രാമാത്തില്‍ പൊതുവെ സ്ഥിതി നിയന്ത്രണവിധേയമാണെന്ന് ഉന്‍ഹെല്‍ പോലീസ് സ്‌റ്റേഷന്‍ ഇന്‍ചാര്‍ജ് കൃഷന്‍ ലാല്‍ചന്ദാനി പറഞ്ഞു.
പെണ്‍കുട്ടികളുടെ പരാതിയില്‍ ദളിത് സമുദായത്തിലെ പ്രായപൂര്‍ത്തിയാകാത്ത അഞ്ച് ആണ്‍കുട്ടികളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആണ്‍കുട്ടികളെ മര്‍ദിച്ചതിന് ആറ് ഉയര്‍ന്ന ജാതിക്കാരെയും അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
ദളിത് വിഭാഗത്തില്‍പ്പെട്ട ആണ്‍കുട്ടികള്‍ വെള്ളിയാഴ്ച വൈകുന്നേരം ഉയര്‍ന്ന ജാതിക്കാരായ പെണ്‍കുട്ടികളെ പരിഹസിച്ചുവെന്നാണ് ആരോപണം. എന്നാല്‍ ആരും പോലീസില്‍ പരാതിപ്പെട്ടില്ലെന്ന് ലാല്‍ചന്ദാനി പറഞ്ഞു.
ശനിയാഴ്ച രാവിലെ ചില ഉയര്‍ന്ന ജാതിക്കാര്‍ ദളിത് ആണ്‍കുട്ടികളെ മര്‍ദിച്ച ശേഷം പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുവരികയായിരുന്നു. പെണ്‍കുട്ടികളും പോലീസ് സ്‌റ്റേഷനിലെത്തി. ഇവരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അഞ്ച് ആണ്‍കുട്ടികള്‍ക്കെതിരെ പോക്‌സോ നിയമത്തിലെയും ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെയും (ഐപിസി) വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
മര്‍ദനമേറ്റ ആണ്‍കുട്ടികളുടെ വൈദ്യപരിശോധനയ്ക്ക് ശേഷം ഐപിസിക്കുപുറമെ, പട്ടികജാതിപട്ടികവര്‍ഗ നിയമപ്രകാരവും ഉയര്‍ന്ന ജാതിയില്‍പ്പെട്ട അഞ്ചുപേര്‍ക്കെതിരെയും അജ്ഞാതരായ അഞ്ചുപേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഗുര്‍ളയില്‍ സ്ഥിതി നിയന്ത്രണവിധേയമാണ്. ശനിയാഴ്ച വൈകുന്നേരം ഫ്‌ളാ ഗ് മാര്‍ച്ച് നടത്തി. സംഘര്‍ഷം പൂര്‍ണമായും ശമിച്ചതിന് ശേഷം മാത്രമേ പ്രദേശത്ത് നിന്ന് പോലീസിനെ പിന്‍വലിക്കുകയുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു. ദളിത്, രജപുത്ര സമുദായക്കാര്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശമാണ് ഗുര്‍ള.