ചെന്നൈ- ഗവര്‍ണര്‍ ആര്‍.എന്‍.രവി വര്‍ഗീയ വിദ്വേഷം ഇളക്കിവിട്ട് തമിഴ്‌നാടിന്റെ സമാധാനത്തിന് ഭീഷണി ഉയര്‍ത്തുകയാണെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍. രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന് അയച്ച കത്തിലാണ് ഗവര്‍ണര്‍ക്കെതിരായ ഗുരുതര ആരോപണം.
ഭരണഘടനയുടെ വകുപ്പ് 159 പ്രകാരം ചുമതലയേറ്റ ഗവര്‍ണര്‍ രവി സത്യപ്രതിജ്ഞ ലംഘിക്കുകയാണെന്നും കത്തില്‍ അറിയിച്ചതായി തമിഴ്‌നാട് സര്‍ക്കാര്‍ പത്രപ്രസ്താവനയില്‍ പറഞ്ഞു. വര്‍ഗീയ വിദ്വേഷം വളര്‍ത്തുന്ന രവി തമിഴ്‌നാടിന്റെ സമാധാനത്തിനുതന്നെ ഭീഷണിയാണ്-മുഖ്യമന്ത്രി സ്റ്റാലിന്‍ കഴിഞ്ഞ ദിവസം അയച്ച കത്തില്‍ പറഞ്ഞു. മന്ത്രി വി.സെന്തില്‍ ബാലാജിയെ മന്ത്രിസഭയില്‍നിന്ന് പുറത്താക്കാന്‍ ഗവര്‍ണര്‍ കൈക്കൊണ്ട തീരുമാനവും പിന്നീട് പിന്‍വലിച്ചതും അദ്ദേഹത്തിന്റെ രാഷ്ട്രീയ പക്ഷപാതിത്വമാണ് കാണിക്കുന്നതെന്നും കത്തില്‍ സ്റ്റാലിന്‍ അവകാശപ്പെട്ടു.