Sorry, you need to enable JavaScript to visit this website.

വന്ദേഭാരത് ട്രെയിനുകൾക്ക് കാവി; പുതിയ നിറത്തിന് പ്രചോദനം ദേശീയ പതാകയെന്ന് മന്ത്രി

ചെന്നൈ- വന്ദേ ഭാരത് ട്രെയിനുകളുടെ നിറം മാറ്റാനുള്ള തീരുമാനത്തെ ന്യായീകരിച്ച് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. നിറം മാറ്റത്തിന് ഇന്ത്യന്‍ പതാകയില്‍ നിന്നാണ് പ്രചോദനമെന്ന് അദ്ദേഹം പറഞ്ഞു. ചെന്നൈ പെരമ്പൂര്‍ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയില്‍ പുതിയ കോച്ചുകള്‍ പരിശോധിച്ചതിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിവിധ വശങ്ങള്‍ കണക്കിലെടുത്ത് വന്ദേ ഭാരത് ട്രെയിനുകള്‍ സാങ്കേതികമായി മെച്ചപ്പെടുത്തുമെന്ന് റെയില്‍വേ മന്ത്രി പറഞ്ഞു. മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ കീഴില്‍ രൂപകല്‍പന ചെയ്തതാണ് ട്രെയിനുകള്‍. ട്രെയിനിലെ സൗകര്യങ്ങളെക്കുറിച്ച് തങ്ങള്‍ക്ക് കിട്ടിയ പ്രതികരണങ്ങള്‍ കണക്കിലെടുത്താണ് ഡിസൈനില്‍ വരുത്താന്‍ ഉദ്ദേശിക്കുന്ന മാറ്റങ്ങളെന്നും അദ്ദേഹം പറഞ്ഞു. വന്ദേ ഭാരത് കേന്ദ്രീകരിച്ച് 'ആന്റി ക്ലൈമ്പേഴ്‌സ്' എന്ന പുതിയ സുരക്ഷാ സംവിധാനം പരിശോധിച്ചതായും അദ്ദേഹം അറിയിച്ചു.
വന്ദേഭാരതിന്റെ നിര്‍മാണം വേഗത്തിലാക്കുന്നതിനുള്ള നടപടികളും മന്ത്രി ചര്‍ച്ചചെയ്തു. നിലവിലുള്ള വെള്ളയും നീലയും നിറത്തിനുപകരം കാവി നിറത്തിലുള്ള ട്രെയിനുകള്‍ പുറത്തിറക്കാനാണ് റെയില്‍വേ തീരുമാനം. നിലവിലുള്ളത് കഴുകിവൃത്തിയാക്കാനേറെ പ്രയാസമുള്ളതിനാലാണ് പുതിയനിറങ്ങള്‍ തിരഞ്ഞെടുത്തിരിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
പെരമ്പൂര്‍ ഇന്റഗ്രല്‍ കോച്ച് ഫാക്ടറി (ഐ.സി.എഫ്) ഇതിനകം 25 വന്ദേഭാരത് ട്രെയിനുകള്‍ നിര്‍മിച്ചുകഴിഞ്ഞു. രണ്ട് ട്രെയിനുകള്‍ ഉടന്‍ പുറത്തിറക്കും. 28ാമത്തെ ട്രെയിനിനാണ് പരീക്ഷണാടിസ്ഥാനത്തില്‍
പെയിന്റ് ചെയ്തിരിക്കുന്നതെന്ന് ഐ.സി.എഫ്. അധികൃതര്‍ പറഞ്ഞു. പുതുതായി തിരഞ്ഞെടുത്ത നിറങ്ങള്‍ ഒരു കോച്ചിന് പെയിന്റ് ചെയ്തിട്ടുണ്ട്. എന്‍ജിനു വെള്ളയും ഓറഞ്ചും ബാക്കി ബോഗികള്‍ക്ക് ഓറഞ്ചും ചാരനിറവുമാണുള്ളത്.
നിലവില്‍ സര്‍വീസ് നടത്തുന്ന വന്ദേഭാരതിന് സാങ്കേതികമായി ചില പോരായ്മകള്‍ കണ്ടെത്തിയിട്ടുണ്ട്. ഇനി നിര്‍മിക്കുന്നവയില്‍ അവ പരിഹരിക്കും. സീറ്റുകളുടെ നിര്‍മാണത്തിലും ലൈറ്റ് ഫിറ്റിങ്ങിലും മാറ്റംവരുത്തും. കൂടുതല്‍ വീതിയുള്ള വാഷ്‌ബേസിന്‍ സ്ഥാപിക്കുമെന്നും ഐ.സി.എഫ്. അധികൃതര്‍ നേരത്തെ വ്യക്തമാക്കിയരുന്നു.

 

Latest News