കൊച്ചി - സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ പശ്ചാത്തല പരിശോധന നടത്തി വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാനുള്ള കേരള പൊലീസിന്റെ തീരുമാനത്തെ സ്വാഗതം ചെയ്ത് സിനിമാ സംഘടനകള്‍. സിനിമയിലേക്ക് കുറ്റവാസനയുള്ളവര്‍ കടന്നുകയറുന്നുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് പോലീസിന്റെ നടപടി. അപേക്ഷ നല്‍കി നിശ്ചിത ഫീസടച്ചാല്‍, സിനിമാ സെറ്റുകളിലും മറ്റും പുറത്തുനിന്ന് സഹായികളായി എത്തുന്നവരുടെ വെരിഫിക്കേഷന്‍ റിപ്പോര്‍ട്ട് നല്‍കാനുള്ള സന്നദ്ധത അറിയിച്ച് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ കെ സേതുരാമന്‍ സിനിമാ മേഖലയിലെ സംഘടനകള്‍ക്ക് കത്തയച്ചിരുന്നു. താരസംഘടനയായ അമ്മയും ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയനും കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും ഇതിനെ സ്വാഗതം ചെയ്തിട്ടുണ്ട്. കഞ്ചാവ്, വഞ്ചനാ കേസുകള്‍ തുടങ്ങി നിരവധി കേസുകളില്‍ പ്രതികളായവര്‍ വരെ സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്നതായുള്ള പരാതിയെ തുടര്‍ന്നാണ് പോലീസിന്റെ നടപടി.