Sorry, you need to enable JavaScript to visit this website.

നവാസ് ശരീഫിന്റേയും മകളുടേയും അറസ്റ്റ് ആകാശത്ത്; ലാഹോര്‍ എയര്‍പോര്‍ട്ട് സീല്‍ ചെയ്തു, ഫോണ്‍ ബന്ധം വിച്ഛേദിച്ചു

ഇസ്ലാമാബാദ്- അഴിമതിക്കേസില്‍ 10 വര്‍ഷം തടവുശിക്ഷ വിധിക്കപ്പെട്ട മുന്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ശരീഫിനേയും മകള്‍ മറിയം ശരീഫിനേയും ലാഹോറില്‍ വിമാനമിറങ്ങുന്നതിനു മുമ്പു തന്നെ അറസ്റ്റ് ചെയ്യുമെന്ന് റിപ്പോര്‍ട്ട്. ലണ്ടനില്‍ നിന്നും വെള്ളിയാഴ്ച രാവിലെ അബുദബയിലെത്തിയ ഇരുവരും വൈകീട്ട് ലാഹോറിലെത്തും. അറസ്റ്റ് രേഖപ്പെടുത്താന്‍ വിമാനത്തില്‍ നിന്ന് പുറത്തിറങ്ങുന്നതു വരെ കാത്തിരിക്കേണ്ടെന്നാണ് അധികൃതരുടെ നിലപാട്. നാഷണല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോ ഉദ്യോഗസ്ഥര്‍ ശരീഫിന്റെ വിമാനത്തില്‍ കയറാനായി അബുദബിയിലേക്ക് തിരിച്ചിട്ടുണ്ട്. ലണ്ടനില്‍ നിന്ന് വരുന്ന വിമാനം പാക്കിസ്ഥാന്‍ വ്യോമ മേഖലയില്‍ പ്രേവശിച്ചാല്‍ ഉടന്‍ വിമാനത്തില്‍ വച്ചു തന്നെ അറസ്റ്റ് ചെയ്യാനാണു പദ്ധതി.

ഇക്കാര്യം സ്ഥീരീകരിച്ച് വിമാനത്തില്‍ നിന്നുള്ള നവാസ് ശരീഫിന്റെ വീഡിയോയും പുറത്തു വന്നിട്ടുണ്ട്. 'എന്നെ നേരിട്ട് ജയിലിലേക്കായിരിക്കും കൊണ്ടു പോകുക. പാക്കിസ്ഥാനിലെ ജനങ്ങള്‍ക്കു വേണ്ടിയാണ് ജയിലില്‍ പോകുന്നത്. വരും തലമുറയ്ക്കു വേണ്ടിയാണ് എന്റെ ത്യാഗം. ഈ അവസരം ഇനി ലഭിക്കില്ല. പാക്കിസ്ഥാനു വേണ്ടി നമുക്ക് ഒരുമിക്കാം,' അദ്ദേഹം വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.

ശരീഫിന്റെ പാര്‍ട്ടിയായ പാക്കിസ്ഥാന്‍ മുസ്ലിം ലീഗ് എന്നിന്റെ ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ ലാഹോറിലെ വിമാനത്താവള പരിസരത്ത് ഒത്തു ചേരുന്നത് മുന്‍കൂട്ടി കണ്ട് വന്‍ സുരക്ഷാ സന്നാഹങ്ങളാണ് ഒരുക്കിയിരിക്കിയിരിക്കുന്നത്. അല്ലാമ ഇഖ്ബാല്‍ അന്താരാഷ്ട്ര വിമാനത്താവളം സീല്‍ ചെയ്യാനാണ് സുരക്ഷ ഏജന്‍സികളുടെ തീരുമാനം. ഇവിടെ വിമാനമിറങ്ങിയ ഉടന്‍ നവാസ് ശരീഫിനേയും മകള്‍ മറിയത്തേയും ഇസ്ലാമാബാദിലെ ജയിലിലേക്കു മാറ്റുന്നതിനും അതീവ സുരക്ഷാ പദ്ധതികളും തയാറാക്കിയിട്ടുണ്ട്.

പഞ്ചാബ് സര്‍ക്കാര്‍ ലാഹോറില്‍ വെള്ളിയാഴ്ച വൈകീട്ട് മൂന്ന് മണി മുതല്‍ അര്‍ധരാത്രി 12 വരെ മൊബൈല്‍ ഫോണ്‍ ബന്ധം സ്തംഭിപ്പിക്കാനും ഉത്തരവിട്ടിട്ടുണ്ട്. നവാസിന്റെ നാടകീയ തിരിച്ചുവരവിന്റെ പശ്ചാത്തലത്തില്‍ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുടെ വ്യക്തിഹത്യാപരമായ വാര്‍ത്ത സമ്മേളനങ്ങളും പ്രതികരണങ്ങളും സംപ്രേഷണം ചെയ്യുന്നതി സര്‍ക്കാരിന്റെ മാധ്യമ ഏജന്‍സി വിലക്കിയിട്ടുണ്ട്. ജയില്‍ ശിക്ഷ ഏറ്റുവാങ്ങാനായി ലണ്ടനില്‍ നിന്നുള്ള വരവ് ഈ തെരഞ്ഞെടുപ്പു പ്രചാരണ കാലത്ത് പൊതുജന വികാരം അദ്ദേഹത്തിന് അനൂകൂലമാക്കുന്ന സാഹചര്യം തടയാനും മുന്‍കരുതലുകള്‍ എടുത്തിട്ടുണ്ട്. കോടതി, സൈന്യം എന്നിവര്‍ക്കെതിരായ പ്രസ്താവനകള്‍ സംപ്രേക്ഷണം ചെയ്യുന്നതിനും വിലക്കുണ്ട്. 

മൂന്ന് തവണ പാക് പ്രധാനമന്ത്രിയായ നവാസിനെയും മകളേയും പാക് കോടതി 10 വര്‍ഷം തടവിനാണ് ശിക്ഷിച്ചിട്ടുള്ളത്. ജൂലൈ 13-നാണ് ശിക്ഷ ഏറ്റുവാങ്ങാന്‍ തങ്ങള്‍ പാക്കിസ്ഥാനില്‍ തിരിച്ചെത്തുമെന്ന് ഇരുവരും അറിയിച്ചത്. ഈ മാസം 25-നാണ് പാക്കിസ്ഥാനിലെ പൊതു തെരഞ്ഞെടുപ്പ്. നവാസിന്റെ തിരിച്ചു വരവ് തെരഞ്ഞെടുപ്പ് സംഘര്‍ഷത്തിലാക്കുമോ എന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.
 

Latest News