Sorry, you need to enable JavaScript to visit this website.

കര്‍ഷകര്‍ക്കൊപ്പം ഞാറുനടാന്‍ ഇറങ്ങി രാഹുല്‍; വൈറലായി വീഡിയോ

ചാണ്ഡിഗഡ്- കര്‍ഷകര്‍ക്കൊപ്പം ട്രാക്ടര്‍ ഓടിക്കുകയും ഞാറ് നടുകയും ചെയത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഹരിയാനയിലെ സോനിപത്ത് ജില്ലയിലാണ് ഗ്രാമീണരായ കര്‍ഷകര്‍ക്കൊപ്പം ഞാറ് നടാനിറങ്ങിയത്. കര്‍ഷകരോടൊപ്പം ഏറെ സമയം ചെലവഴിച്ച രാഹുല്‍ അവര്‍ കൊണ്ടുവന്ന ഭക്ഷണവും കഴിച്ചാണ് മടങ്ങിയത്.  
ഹിമാചലിലേക്കുള്ള യാത്രയ്ക്കിടെ രാവിലെ 6.40 ന് വഴിയില്‍ നെല്‍പാടത്ത് കൃഷിയിറക്കുന്ന കര്‍ഷകരെ കണ്ടതോടെ വാഹനം നിര്‍ത്തി രാഹുല്‍ അവര്‍ക്കൊപ്പം ചേരുകയായിരുന്നു. ചാറ്റല്‍ മഴയുണ്ടായിരുന്നിട്ടും അതൊന്നും വകവെക്കാതെ രാഹുല്‍ കര്‍ഷകര്‍ക്കൊപ്പം രണ്ടരമണിക്കൂര്‍ സമയം ചെലവഴിച്ചു. പാന്റ് മടക്കി കൃഷിയിടത്തില്‍ ഇറങ്ങുകയും കര്‍ഷകര്‍ക്കൊപ്പം ഞാറു നടുകയും അവരുടെ പ്രശ്‌നങ്ങള്‍ കേട്ടു മനസിലാക്കുകയും ചെയ്തു. ഇതിന്റെ വീഡിയോ കോണ്‍ഗ്രസ് നേതാക്കള്‍ സാമൂഹിക മാധ്യമത്തില്‍ പങ്കുവെച്ചു. രാഹുലിന്റെ സന്ദര്‍ശനത്തെക്കുറിച്ച് തങ്ങള്‍ക്ക് മുന്‍കൂട്ടി വിവരങ്ങള്‍ ലഭിച്ചിരുന്നില്ലെന്ന് കോണ്‍ഗ്രസ് എംഎല്‍എ ജഗ്ബീര്‍ സിങ് മാലിക് പറഞ്ഞു. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും ആശങ്കകളും പ്രശ്‌നങ്ങളും നേരിട്ട് അറിയാന്‍ മുന്‍ കൂട്ടി പദ്ധതി തയ്യാറാക്കാതെ അദ്ദേഹം സന്ദര്‍ശിക്കുന്നത് തങ്ങള്‍ നേരത്തെയും കണ്ടിട്ടുണ്ടെന്നും എംഎല്‍എ പറഞ്ഞു.
കര്‍ണാടക തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബസില്‍ യാത്ര ചെയ്തതും ലോറി െ്രെഡവര്‍മാരുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കാന്‍ ലോറിയില്‍ സഞ്ചരിച്ചതും ദല്‍ഹിയിലെ കരോള്‍ബാഗിലെ മെക്കാനിക് കടയില്‍ ചെന്ന് തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ കേട്ടറിഞ്ഞ്, അവര്‍ക്കൊപ്പം വാഹനങ്ങള്‍ റിപ്പയര്‍ ചെയ്തതുമായ രാഹുലിന്റെ ചിത്രങ്ങള്‍ വലിയ പ്രചാരം നേടിയിരുന്നു.

 

Latest News