ന്യൂദൽഹി-രാജസ്ഥാനിൽ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ വിജയിക്കുക എന്നതാണ് പ്രധാനമെന്നും കഴിഞ്ഞതെല്ലാം മറക്കുകയും വേദനകളെല്ലാം കുഴിച്ചുമൂടുകയാണെന്നു കോൺഗ്രസ് നേതാവ് സചിൻ പൈലറ്റ്. പി.ടി.ഐക്ക് നൽകിയ അഭിമുഖത്തിലാണ് സച്ചിൻ പൈലറ്റ് ഇക്കാര്യം പറഞ്ഞത്. എല്ലാം മറക്കാനും ക്ഷമിക്കാനും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ എന്നോട് പറഞ്ഞു. നമ്മൾ ഇപ്പോൾ മുന്നോട്ട് പോകുകയും പുതിയ വെല്ലുവിളികൾ നേരിടുകയും വേണം. ഈ രാജ്യത്തിന് വേണ്ടി കോൺഗ്രസ് നന്നായി പ്രവർത്തിക്കേണ്ടതുണ്ട്. അതിനുള്ള അനുഗ്രഹം തേടേണ്ടതുണ്ട്. ജനങ്ങൾക്കും പാർട്ടി പ്രവർത്തകർക്കും സ്വീകാര്യമായ രീതിയിൽ മുന്നോട്ട് പോകുകയും വേണം,' പൈലറ്റ് പറഞ്ഞു.
'അശോക് ഗെഹ്‌ലോട്ട്ജി എന്നെക്കാൾ പ്രായമുള്ളയാളാണ്, അദ്ദേഹത്തിന് കൂടുതൽ അനുഭവപരിചയമുണ്ട്, അദ്ദേഹത്തിന്റെ ചുമലിൽ ഭാരിച്ച ഉത്തരവാദിത്തങ്ങളുണ്ട്. ഞാൻ രാജസ്ഥാൻ കോൺഗ്രസ് അധ്യക്ഷനായിരിക്കുമ്പോൾ എല്ലാവരേയും ഒപ്പം കൊണ്ടുപോകാൻ ഞാൻ ശ്രമിച്ചു. ഇന്ന് അദ്ദേഹം മുഖ്യമന്ത്രിയാണ്. എല്ലാവരെയും ഒന്നിച്ചുകൊണ്ടുപോകാൻ അദ്ദേഹവും ശ്രമിക്കുന്നു. അൽപ്പം അങ്ങോട്ടും ഇങ്ങോട്ടും ഉണ്ടെങ്കിൽ അതൊന്നും വലിയ പ്രശ്‌നമല്ല. കാരണം ഏതൊരു വ്യക്തിയേക്കാളും പാർട്ടിയും പൊതുസമൂഹവുമാണ് പ്രധാനം. ഞാനും ഇത് മനസ്സിലാക്കുന്നു, അദ്ദേഹവും ഇത് മനസ്സിലാക്കുന്നു.
ഞങ്ങളുടെ അടുത്ത വെല്ലുവിളി തിരഞ്ഞെടുപ്പിൽ വിജയിക്കുക എന്നതാണ്. വ്യക്തികളോ പ്രസ്താവനകളോ പ്രധാനമല്ല, അവ പഴയതാണ്- സച്ചിൻ പൈലറ്റ് പറഞ്ഞു.
പാർട്ടി ഒരിക്കലും മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുന്നില്ലെന്ന കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലിന്റെ പരാമർശത്തെക്കുറിച്ചുള്ള ചോദ്യത്തിന്, വേണുഗോപാൽ പറഞ്ഞത് തെറ്റല്ലെന്ന് ഞാൻ കരുതുന്നുവെന്നായിരുന്നു സച്ചിൻ പൈലറ്റിന്റെ മറുപടി. ഓരോ തവണയും തെരഞ്ഞെടുപ്പിന് പോകുമ്പോൾ ഏതെങ്കിലും വ്യക്തിയെ ഉയർത്തികാണിക്കാറില്ലെന്നും പൈലറ്റ് വ്യക്തമാക്കി.