മലപ്പുറം- സി.പി.എം നടത്തുന്ന ഏകസിവില്‍ കോഡ് സെമിനാറില്‍ മുസ്ലിം ലീഗിനെ ക്ഷണിച്ചത് കാപട്യമാണെന്ന് പാര്‍ട്ടി നേതാവ് ഇ.ടി. മുഹമ്മദ് ബഷീര്‍. സി.പി.എം ഒരിക്കലും ഒരുകാലഘട്ടത്തിലും സത്യസന്ധമായ സമീപനം എടുത്തിട്ടില്ല. എല്ലാകാര്യത്തിലും കാപട്യവും ദുരുദ്ദേശവും വെച്ചുപുലര്‍ത്തുന്ന സംഘടനയാണത്. മത, രാഷ്ട്രീയ സംഘടനകളെ തമ്മിലടിപ്പിച്ച് നേട്ടം കൊയ്യുന്ന ഡേര്‍ട്ടി പൊളിറ്റിക്‌സാണ് സി.പി.എം പയറ്റുന്നത്. എല്ലാ രാഷ്ട്രീയ നീക്കത്തിലും അവരുടെ ഇരട്ടത്താപ്പ് വ്യക്തമാണ്. ജനങ്ങളുമായോ സമൂഹവുമായോ ഒരു ബന്ധവുമില്ലാതെ അവരുടെ നേട്ടം മാത്രം ലക്ഷ്യമാക്കിയാണ് നിലപാടുകള്‍ സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഏകസിവില്‍ കോഡ് വിഷയത്തെ മുസ്ലിം സമുദായത്തെ ബാധിക്കുന്ന പ്രശ്‌നമായാണ് സി.പി.എം കാണുന്നത്. അത് തന്നെയാണ് ബി.ജെ.പിക്കും വേണ്ടത്. ഇത് മുസ്ലിംകളുടെ തലയിലിടാനുള്ള ആഗ്രഹം മോദിക്കുമുണ്ട്, കുറച്ച് ഇവിടത്തെ സി.പി.എമ്മിനുമുണ്ട്. എന്നാല്‍, ലീഗ് കാണുന്നത് ഇത് ഇന്ത്യയെ ബാധിക്കുന്ന പ്രശ്‌നമായാണ്. ഇന്ത്യയിലെ മുഴുവന്‍ ജനങ്ങളെയും ബാധിക്കുന്ന വിഷയമാണെന്ന് ലീഗ് മുന്‍കൈയെടുത്ത് കോഴിക്കോട് വിളിച്ചു ചേര്‍ത്ത യോഗത്തില്‍ വ്യക്തമാക്കിയതാണ്. ഏക സിവില്‍ കോഡ് എളുപ്പത്തില്‍ നടപ്പാക്കാനാവില്ലെന്ന്് മോഡിക്കറിയാം അവരുടെ കൂടെ നില്‍ക്കുന്നവര്‍ക്ക് പോലും ഇത് പ്രശ്‌നമുണ്ടാക്കും. അതുകൊണ്ടാണ് ഇതുവരെ ഏക സിവില്‍കോഡ് എന്താണെന്ന് കൃത്യമായ വിവരം പുറത്തുവിടാത്തത്.
രാഷ്ട്രീയ ലാഭ അജണ്ടയാണ് മോഡിക്കുള്ളത്. സി.പി.എം ട്രാപ്പില്‍ വീഴുന്ന പാര്‍ട്ടിയല്ല ലീഗ്. സി.എ.എ വിഷയത്തില്‍ സമരം നടത്തിയവര്‍ക്കെതിരായ കേസ് പിന്‍വലിക്കുമെന്ന് പറഞ്ഞ സി.പി.എം ഇതുവരെ വാക്കുപാലിച്ചിട്ടില്ല. ഇതുപോലെ പല കാര്യങ്ങളിലും സി.പി.എം ന്യൂനപക്ഷവിരുദ്ധ നിലപാട് സ്വീകരിച്ചതിന് തെളിവുണ്ടെന്നും ഇ.ടി. മുഹമ്മദ് ബഷീര്‍ പറഞ്ഞു.