Sorry, you need to enable JavaScript to visit this website.

മുഖ്യമന്ത്രി കഴുകിയത് കാല്‍ മാത്രമാണ്; ഗംഗാജലം കൊണ്ട് മുഖം ശുദ്ധീകരിച്ച് കോണ്‍ഗ്രസ്

ഭോപ്പാല്‍- ബി.ജെ.പി നേതാവ് മുഖത്ത് മൂത്രം ഒഴിച്ചതിനു ശേഷം മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ ഭോപ്പാലിലെ വീട്ടിലെത്തിച്ച് കാല്‍ കഴുകിയതിനു പിന്നാലെ യുവാവിന്റെ ശുദ്ധീകരണം നടത്തി കോണ്‍ഗ്രസും. രണ്ടു പരിപാടികളും ക്യാമറക്കു മുന്നിലായിരുന്നു.
മനുഷ്യത്വരഹിതമായ നടപടിക്ക് ഇരയായ ദശ്മത് റാവത്ത് ഭോവപ്പാലില്‍നിന്ന്  സിദ്ധി ജില്ലയിലെ സ്വന്തം വീട്ടില്‍  മടങ്ങിയയെത്തിയതിനുശേഷമാണ് കോണ്‍ഗ്രസിന്റെ വക ശുദ്ധീകരണം നടത്തിയത്.
പ്രാദേശിക കോണ്‍ഗ്രസ് നേതാവ് ഗ്യാന്‍ സിംഗ് തന്റെ അനുയായികള്‍ക്കൊപ്പം സിദ്ധി ജില്ലാ ആസ്ഥാനത്ത് നിന്ന് 25 കിലോമീറ്റര്‍ അകലെയുള്ള ദശ്മത്തിന്റെ വസതിയില്‍ എത്തി ഗംഗാജലം ഉപയോഗിച്ചാണ് ശുദ്ധീകരണം നടത്തിയത്.
കുടുംബാംഗങ്ങളുടേയും കോണ്‍ഗ്രസ് അനുഭാവികളുടേയും സാന്നിധ്യത്തില്‍  നടത്തിയ ശുദ്ധീകരണം ചിത്രീകരിച്ച ശേഷം  വീഡിയോ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ പ്രചരിപ്പിച്ചു.
ഗംഗാജലം ഉപയോഗിച്ച് ശുദ്ധീകരണം നടത്താന്‍ അനുവദിക്കണമെന്ന് ഗ്യാന്‍ സിംഗ് ദശ്മത്തിനോട് അഭ്യര്‍ത്ഥിക്കുകയായിരുന്നു. എനിക്ക് നിങ്ങളുടെ അനുവാദത്തോടെ ഒരു ശുദ്ധീകരണം നടത്തണം. ഞാനും രാഹുല്‍ ഭയ്യയും (അജയ് സിംഗ്) കൂടാതെ എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകരും നിങ്ങളോടൊപ്പമുണ്ട്. ആര്‍ക്കും നിങ്ങളെ ഉപദ്രവിക്കാനാവില്ല, നിങ്ങളുടെ വീട് നിര്‍മ്മിക്കപ്പെടും. നിങ്ങളുടെ ശുദ്ധീകരണം നടത്താന്‍ എന്നെ അനുവദിക്കണം -ഗ്യാന്‍ സിംഗ് പറഞ്ഞു.
മുഖവും തലയും അല്ല, മുഖ്യമന്ത്രി കാലാണ് കഴുകിയതെന്ന്
ശുദ്ധികരണം നടത്തിയ ശേഷം ഗ്യാന്‍ സിംഗ് ആരോപിച്ചു. ബി.ജെ.പി നേതാവ് പ്രവേഷ് ശുക്ല ദശ്മത്തിന്റെ മുഖത്ത് മൂത്രമൊഴിച്ചിരുന്നത്.  ഇതിനാലാണ്  താന്‍ മുഖത്ത് ശുദ്ധീകരണം നടത്തിയതെന്ന് ഗ്യാന്‍ സിംഗ് അവകാശപ്പെട്ടു.
വീട്ടിലേക്ക് മടങ്ങിയ ശേഷം മുഖത്ത് മൂത്രമൊഴിച്ച പ്രവേഷ് ശുക്ലയോട് ക്ഷമിക്കണമെന്ന് ദശ്മത്ത് വെള്ളിയാഴ്ച പറഞ്ഞിരുന്നു.
പ്രവേശ് ശുക്ല ചെയ്തതിന്റെ വില  അദ്ദേഹം നല്‍കിക്കഴിഞ്ഞു. ഇനി അദ്ദേഹത്തോട് ക്ഷമിക്കണമെന്ന് ഞാന്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നു. അവന്‍ എന്റെ ഗ്രാമത്തിലെ ഒരു ബ്രാഹ്മണനാണ്- ദശ്മത്ത് പറഞ്ഞു.
അതേസമയം, സംഭവത്തിന്റെ വൈറല്‍ വീഡിയോയുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയാണെന്നും വീഡിയോയിലെ ഇര ദശ്മത് അല്ലെന്ന വാദം ശരിയല്ലെന്നും ജില്ലാ എസ്പി രവീന്ദ്ര വര്‍മ പറഞ്ഞു.
വീഡിയോയില്‍ കാണുന്നയാള്‍ ദശ്മത് റാവത്ത് അല്ലെന്ന് ചില വാര്‍ത്താ ചാനലുകള്‍ തെറ്റിദ്ധരിപ്പിക്കുന്ന വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണ്.  വീഡിയോയില്‍ കാണുന്നയാള്‍ ദശ്മത്ത് റാവത്ത് ആണെന്ന് പോലീസ് അന്വേഷണത്തില്‍ സ്ഥിരീകരിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.

 

 

Latest News