കൊച്ചി - കേരളത്തിന്റെ തലസ്ഥാനം കൊച്ചിയിലേക്ക് മാറ്റണമെന്ന തന്റെ സ്വകാര്യബില്ല് മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ട് ചോര്‍ത്തിയെന്ന് ഹൈബി ഈഡന് എം പി. ഇത് സംബന്ധിച്ച് അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സര്‍ക്കാറിനെതിരെയുള്ള വിവാദങ്ങള്‍ മറച്ചുവെക്കാനാണ് ഇത്തരമൊരു നീക്കം നടത്തിയതെന്നും ഹൈബി ഈഡന് ആരോപിച്ചു. കേന്ദ്രസര്‍ക്കാരിന് നല്കിയ ബില്ലിന്റെ സ്വകാര്യത കാത്തുസൂക്ഷിക്കേണ്ടതുണ്ട്. എങ്ങനെയാണ് ബില്ലിന്റെ പകര്‍പ്പ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും പുറത്ത് പോയതെന്ന് വ്യക്തമാക്കണം. ബി ജെ പിയുടെ സഹായത്തോടെയാണ് ഈ നീക്കങ്ങള്‍ നടത്തിയതെന്നും ഹൈബി ഈഡന് കുറ്റപ്പെടുത്തി. സ്വകാര്യബില്ല് എന്നത് ജനപ്രതിനിധിയുടെ അവകാശമാണ്. പാര്‍ട്ടിയുമായി കൂടിയാലോചിച്ചല്ല സ്വകാര്യബില്ല് നല്‍കാറുള്ളത്. ഒരു ആശയം പ്രചരിപ്പിച്ച് ചര്‍ച്ച ചെയ്യുകയെന്നതാണ് സ്വകാര്യ ബില്ല് കൊണ്ട് ഉദ്ദേശിക്കുന്നത്, അല്ലാതെ അത് അംഗീകരിച്ച് കൊണ്ടുവരിക എന്നതല്ലെന്നും ഹൈബി ഈഡന് പറഞ്ഞു. ബില്ലിനെ തുടര്‍ന്നുണ്ടായ അനാവശ്യ വിവാദങ്ങളില്‍ ചര്‍ച്ചകള്‍ അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.